Flash News

മിനിമം വേതനം ഉറപ്പാക്കാന്‍ ഹൈക്കോടതിയുടെ പച്ചക്കൊടി

കൊച്ചി: ആറു തൊഴില്‍ മേഖലകളിലെ ജീവനക്കാര്‍ക്ക് മിനിമം വേതനം നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ചട്ടഭേദഗതി ഹൈക്കോടതി ശരിവച്ചു. വേതന സുരക്ഷാ പദ്ധതി എന്ന പേരില്‍ ഓണ്‍ലൈന്‍ വഴിയുള്ള വേതന വിതരണം ഉറപ്പാക്കിയ 2015 ജൂലൈ എട്ടിലെ ഭേദഗതി ചോദ്യം ചെയ്ത് കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന്‍ അടക്കമുള്ളവര്‍ സമര്‍പ്പിച്ച 186 ഹരജികള്‍ തള്ളിയാണ് സിംഗിള്‍ ബെഞ്ച് ഉത്തരവ്. ഷോപ്‌സ് ആന്റ് എസ്റ്റാബ്ലിഷ്‌മെന്റ്‌സ്, സ്വകാര്യ ആശുപത്രികള്‍, ഡിസ്‌പെന്‍സറികള്‍, ഫാര്‍മസികള്‍, ലാബുകള്‍, എക്‌സ്‌റേ യൂനിറ്റുകള്‍, മറ്റ് അനുബന്ധ സ്ഥാപനങ്ങള്‍, സ്റ്റാര്‍ ഹോട്ടലുകള്‍, സെക്യൂരിറ്റി സര്‍വീസുകള്‍, കംപ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍ മേഖല എന്നിവയിലെ ജീവനക്കാര്‍ക്കും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അനധ്യാപക ജീവനക്കാര്‍ക്കുമാണ് സര്‍ക്കാര്‍ ചട്ടഭേദഗതി ശരിവച്ച ഹൈക്കോടതി വിധിയുടെ ഗുണം ലഭിക്കുക. സത്യസന്ധരായ തൊഴില്‍ദാതാക്കള്‍ സര്‍ക്കാര്‍ കൊണ്ടുവന്ന സംവിധാനത്തിനെതിരേ ആക്ഷേപം ഉന്നയിക്കുകയല്ല, സ്വാഗതം ചെയ്യുകയാണ് വേണ്ടതെന്നും 31 പേജുള്ള ഉത്തരവില്‍ കോടതി വ്യക്തമാക്കി.
ആറു മേഖലകളിലെ വേതന വിതരണം ബാങ്ക് വഴിയാക്കണമെന്നും തൊഴില്‍-വേതന വിവരങ്ങള്‍ ലേബര്‍ കമ്മീഷണറേറ്റിലെ പേമെന്റ് പ്രൊട്ടക്ഷന്‍ സംവിധാനത്തില്‍ അപ്‌ലോഡ് ചെയ്യണമെന്നുമാണ് ചട്ടഭേദഗതിയില്‍ പറയുന്നത്. തൊഴിലാളികള്‍ക്ക് വേതനം വിതരണം ചെയ്യുന്നതിന് മൂന്നുനാള്‍ മുമ്പ് വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യണം. മാത്രമല്ല, വേതന വിവരങ്ങള്‍ വ്യക്തമാക്കുന്ന സ്ലിപ്പും ശമ്പളത്തിന് മുമ്പ് നല്‍കണം. ഇതിനെയാണ് ഈ മേഖലകളിലെ തൊഴിലുടമകള്‍ ഹരജിയിലൂടെ ചോദ്യം ചെയ്തത്. സംവിധാനം അപ്രായോഗികമാണെന്ന് ഹരജിക്കാര്‍ വാദിച്ചു. ഇത് ബിസിനസ് താല്‍പര്യത്തിന് വിരുദ്ധവും രഹസ്യസ്വഭാവം നഷ്ടപ്പെടുത്തുന്നതുമാണ്. ചില മേഖലയ്ക്കു മാത്രം ഈ സംവിധാനം ഏര്‍പ്പെടുത്തിയത് വിവേചനപരമാണ്. പണമായി വേണം ശമ്പളം നല്‍കാനെന്ന മിനിമം വേതനത്തിലെ വ്യവസ്ഥ ലംഘിക്കപ്പെടുമെന്നും ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, ഉദ്യോഗസ്ഥരുടെ നിരീക്ഷണം ഉറപ്പാക്കി തൊഴിലാളികള്‍ക്കു മിനിമം വേതനം നല്‍കാനാണ് ഈ സംവിധാനം കൊണ്ടുവന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. പലയിടത്തും മിനിമം വേതനം കടലാസിലുണ്ടെന്നല്ലാതെ നടപ്പാക്കാനാവുന്നില്ലെന്ന വ്യാപക പരാതി ഉയര്‍ന്നിരുന്നതായും സര്‍ക്കാര്‍ വ്യക്തമാക്കി.
തൊഴിലുടമയ്ക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥനുമല്ലാതെ പൊതുജനത്തിന് വിവരങ്ങള്‍ കാണാന്‍ കഴിയില്ലെന്നും അതിനാല്‍ സ്വകാര്യത തകരുമെന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും സര്‍ക്കാര്‍ വാദങ്ങള്‍ ശരിവച്ച് കോടതി വ്യക്തമാക്കി. പണമായും ചെക്കായും ബാങ്ക് അക്കൗണ്ട് വഴിയും നല്‍കാമെന്നാണ് മിനിമം വേതന നിയമത്തിലെ വ്യവസ്ഥയെന്നതിനാല്‍ പണമായി നല്‍കണമെന്ന വ്യവസ്ഥ ലംഘിച്ചുവെന്ന് പറയാനാവില്ല. എല്ലാ ഷെഡ്യൂള്‍ഡ് തൊഴില്‍ മേഖലയിലും ക്രമേണ ഈ സംവിധാനം കൊണ്ടുവരാന്‍ സര്‍ക്കാര്‍ ലക്ഷ്യമിട്ടിട്ടുള്ളതിനാല്‍ ഇപ്പോള്‍ ചില മേഖലയില്‍ മാത്രം നടപ്പാക്കിയെന്നത് വിവേചനപരമാണെന്ന് പറയാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it