മിനിമം ബാലന്‍സ് ഇല്ല; 41.16 ലക്ഷം അക്കൗണ്ടുകള്‍ എസ്ബിഐ പൂട്ടി

ഇന്‍ഡോര്‍: മിനിമം ബാലന്‍സ് സൂക്ഷിക്കാത്ത 41.16 ലക്ഷം ബാങ്ക് അക്കൗണ്ടുകള്‍ കഴിഞ്ഞ ഏപ്രിലിനും ജനുവരിക്കുമിടയില്‍ പൂട്ടിയതായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). ഒരു വിവരാവകാശ അപേക്ഷയ്ക്ക് നല്‍കിയ മറുപടിയിലാണ് ബാങ്ക് ഇക്കാര്യം വ്യക്തമാക്കിയത്.  അഞ്ചു വര്‍ഷത്തിനു ശേഷം മിനിമം ബാലന്‍സ് വ്യവസ്ഥ തിരികെ കൊണ്ടുവന്ന കഴിഞ്ഞ വ ര്‍ഷത്തിനു ശേഷമുള്ള കണക്കാണിത്. 2017 ഏപ്രില്‍ 1 മുതല്‍ 2018 ജനുവരി 31 വരെയുള്ള സമയത്താണ് ഇത്രയും അക്കൗണ്ടുകള്‍ അടച്ചു പൂട്ടിയതെന്നും മധ്യപ്രദേശ് സ്വദേശിക്ക് നല്‍കിയ മറുപടി വ്യക്തമാക്കുന്നു.
ഇക്കഴിഞ്ഞ നവംബറില്‍ അക്കൗണ്ടില്‍ സുക്ഷിക്കേണ്ട കുറഞ്ഞ തുക കുറച്ചു കൊണ്ട് എസ്ബിഐ ഉത്തരവിറക്കിയിരുന്നു. ഇതിനു പുറമേ കുറഞ്ഞ ബാലന്‍സ് സൂക്ഷിക്കാത്ത അക്കൗണ്ടുകളില്‍ നിന്നും ഈടാക്കേണ്ട പിഴയില്‍ കഴിഞ്ഞ ദിവസം 75 ശതമാനം കുറവ് വരുത്തിയതിനും പിറകെയാണ് വ്യാപകമായി അക്കൗണ്ടുകള്‍ അടച്ചു പൂട്ടിയെന്ന റിപോര്‍ട്ട് പുറത്തു വരുന്നത്.
രാജ്യത്താകമാനം 41 കോടി അക്കൗണ്ടുകളാണ് എസ്ബിഐക്കു കീഴിലുള്ളത്. ഇതില്‍ 16 കോടിയോളം അക്കൗണ്ടുകളും മിനിമം ബാലന്‍സ് നിലനിര്‍ത്തേണ്ടാത്തവയായ  പ്രധാനമന്ത്രി ജന്‍ ധന്‍ യോജന, ബേസിക് സേവിങ് ബാങ്ക് ഡെപ്പോസിറ്റ്, പെന്‍ഷന്‍കാര്‍, വിദ്യാര്‍ഥികള്‍, ക്ഷേമ പദ്ധതികള്‍ എന്നിവയ്ക്ക് വേണ്ടിയുള്ളവയാണ്. നിലവിലെ കണക്കുകള്‍ പ്രകാരം ഗ്രാമങ്ങളിലെ  എസ്ബിഐ അക്കൗണ്ടുകളില്‍ കുറഞ്ഞ ബാലന്‍സ് 1,000 രൂപയും ചെറുനഗരങ്ങളില്‍ 2,000 രൂപയും മെട്രോ നഗരങ്ങളില്‍ 3,000 രൂപയും സൂക്ഷിക്കണമെന്നാണ് നിബന്ധന.
Next Story

RELATED STORIES

Share it