മിനിമം ചാര്‍ജ് 10 രൂപയാക്കണം: ബസ്സുടമകള്‍

പാലക്കാട്: ഡീസല്‍ വിലവര്‍ധനയുടെ പശ്ചാത്തലത്തില്‍ ബസ്ചാര്‍ജ് വര്‍ധന വേണമെന്ന ആവശ്യവുമായി സ്വകാര്യ ബസ്സുടമകള്‍.
മിനിമം ചാര്‍ജ് 10 രൂപയാക്കണമെന്ന് ഓള്‍ കേരള ബസ് ഓപറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ ആവശ്യപ്പെട്ടു. പാലക്കാട്ട് ചേര്‍ന്ന പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ യോഗമാണ് ഇക്കാര്യത്തില്‍ പ്രമേയം പാസാക്കിയത്.
വിദ്യാര്‍ഥികളുടെ കുറഞ്ഞ നിരക്ക് 2 രൂപയാക്കണം. രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് യാത്രാനിരക്ക് വര്‍ധിപ്പിക്കുമ്പോള്‍ ഡീസല്‍ വില 55 രൂപയായിരുന്നു. യാത്രക്കാരുടെ കുറവ് സ്വകാര്യ ബസ്സുകളുടെ വരുമാനത്തെ കാര്യമായി ബാധിച്ചു . ഡീസല്‍ വിലയ്ക്കു പുറമെ ഇന്‍ഷുറന്‍സ്, സ്‌പെയര്‍ പാര്‍ട്‌സ്, പുതിയ വാഹനങ്ങളുടെ വില, തൊഴിലാളികളുടെ ശമ്പളം ഉള്‍പ്പെടെ സ്വകാര്യബസ് നടത്തിപ്പിന് ആവശ്യമായ എല്ലാ മേഖലകളിലും ഭീമമായ വര്‍ധനവ് ഉണ്ടായ സാഹചര്യത്തില്‍ വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് വര്‍ധനയും ചാര്‍ജ് വര്‍ധനയും ഉടനടി നടപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
കേന്ദ്ര സര്‍ക്കാരിന്റെ റോഡ് സുരക്ഷാ ബില്ല് സ്വകാര്യബസ് വ്യവസായം തകര്‍ക്കുമെന്നും യോഗം വിലയിരുത്തി.
ഗതാഗത മന്ത്രിയുമായി ചര്‍ച്ച നടത്തിയ ശേഷം നടപടി ഉണ്ടാവാത്ത പക്ഷം ഡീസല്‍ വിലവര്‍ധന, റോഡ് സുരക്ഷാ ബില്ല് തുടങ്ങിയ വിഷയത്തില്‍ പ്രത്യക്ഷ സമര പരിപാടിയുമായി മുന്നോട്ടു പോവാനും യോഗം തീരുമാനിച്ചു. യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് പി കെ മൂസ അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it