മിഥില മോഹന്‍ വധക്കേസ് സിബിഐ അന്വേഷിക്കും

കൊച്ചി: അബ്കാരി കരാറുകാരനായിരുന്ന മിഥില മോഹന്‍ വെടിയേറ്റു കൊല്ലപ്പെട്ട സംഭവത്തിലെ അന്വേഷണം സിബിഐക്കു കൈമാറി ഹൈക്കോടതി ഉത്തരവിട്ടു. പിടികിട്ടാനുള്ള പ്രതികളായ മതിവണന്‍, ഉപ്പാളി എന്നിവര്‍ ശ്രീലങ്കക്കാരാണെന്ന് സംശയിക്കുന്നുവെന്ന ക്രൈംബ്രാഞ്ച് റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സിംഗിള്‍ ബെഞ്ച് ഉത്തരവ്.
കേരള പോലിസിനും ക്രൈംബ്രാഞ്ചിനും വിദേശത്ത് അന്വേഷണം നടത്താനുള്ള അധികാരമില്ല. അന്വേഷണത്തിനു സിബിഐ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കണമെന്നും കൊല നടന്നിട്ട് 11 വര്‍ഷമായതിനാല്‍ എത്രയും വേഗം അന്വേഷണം പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചു. അന്വേഷണത്തിനു വേണ്ട മനുഷ്യശക്തിയും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കല്‍ സംസ്ഥാന സര്‍ക്കാരിന്റെ ചുമതലയാണ്. ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സ്‌ക്വാഡ് നടത്തിയ അന്വേഷണത്തില്‍ വെളിപ്പെട്ട വിവരങ്ങള്‍ സിബിഐക്ക് ഗുണം ചെയ്യുമെന്നും കോടതി വ്യക്തമാക്കി. അന്വേഷണം ആദ്യം മുതലേ ആരംഭിക്കുമെന്നാണ് സിബിഐക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ ഇന്നലെ അറിയിച്ചത്. അന്വേഷണരീതി സിബിഐക്ക് തീരുമാനിക്കാമെന്ന് ഉത്തരവില്‍ കോടതി വ്യക്തമാക്കി.
2006 ഏപ്രില്‍ 5നാണ് അബ്കാരി കരാറുകാരനായിരുന്ന മിഥില മോഹന്‍ വെടിയേറ്റു മരിച്ചത്. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കളാണ് ഹരജി നല്‍കിയിരുന്നത്. പ്രതികള്‍ ശ്രീലങ്കക്കാരാണെന്ന് സംശയിക്കുന്നതായി ചൂണ്ടിക്കാ ട്ടി ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച റിപോര്‍ട്ടിലെ പ്രസക്ത ഭാഗങ്ങള്‍ കോടതി ഉത്തരവില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മതിവണന്റെ രേഖാചിത്രം കാണിച്ചപ്പോള്‍ ഇവര്‍ക്ക് ശ്രീലങ്കക്കാരുടെ മുഖച്ഛായയുണ്ടെന്ന് കോടിയേക്കര ഗ്രാമപഞ്ചായത്ത് മുന്‍ അംഗങ്ങള്‍ പറഞ്ഞു. പ്രദേശത്തെ മല്‍സ്യത്തൊഴിലാളി കോളനിയില്‍ അന്വേഷിച്ചപ്പോള്‍ മതിവണന്‍ ശ്രീലങ്കക്കാരനാണെന്നാണ് അറിയാന്‍ കഴിഞ്ഞത്. സ്പിരിറ്റ് ലോബിക്ക് അറിയുന്നവരെയോ കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ നിന്നുള്ളവരെയോ കൊലയ്ക്ക് ഉപയോഗിക്കരുതെന്നും വെടിവച്ചു വേണം കൊല്ലാനെന്നും ഒന്നാം പ്രതി സന്തോഷ് കുമാര്‍ രണ്ടാം പ്രതി പാണ്ഡ്യനു നിര്‍ദേശം നല്‍കിയിരുന്നു തുടങ്ങിയ വിവരങ്ങളാണ് ക്രൈംബ്രാഞ്ച് റിപോര്‍ട്ടായി നല്‍കിയിരുന്നത്.
ഓഖി ചുഴലിക്കാറ്റ്:
ഹരജി തീര്‍പ്പാക്കി
ഓഖി ചുഴലിക്കൊടുങ്കാറ്റിനെ നേരിടുന്നതില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തീര്‍പ്പാക്കി. ഇത്തരം ആവശ്യങ്ങള്‍ പരിഗണിക്കാന്‍ മജിസ്‌ട്രേറ്റ് കോടതികള്‍ക്ക് കഴിയുമെന്നും ഹരജിക്കാര്‍ക്ക് മജിസ്‌ട്രേറ്റ് കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്യാവുന്നതാണെന്നും ഹരജി തീര്‍പ്പാക്കി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ചുഴലിക്കാറ്റിനെ നേരിടുന്നതില്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്ക് ഗുരുതരമായ വീഴ്ച പറ്റിയെന്നും അവര്‍ക്കെതിരേ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി നേരത്തേ ഹൈക്കോടതി തള്ളിയിരുന്നു.
Next Story

RELATED STORIES

Share it