മിഥില മോഹന്‍ വധം, പ്രതികള്‍ ശ്രീലങ്കക്കാരെന്നു സംശയം

കൊച്ചി: അബ്കാരി കരാറുകാരനായിരുന്ന മിഥില മോഹന്‍ വധക്കേസില്‍ പിടികിട്ടാനുള്ള മതിവണന്‍, ഉപ്പാളി എന്നീ പ്രതികള്‍ ശ്രീലങ്കക്കാരാണെന്നു സംശയിക്കുന്നതായി ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചു. ഡിവൈഎസ്പി ജോര്‍ജ് ചെറിയാന്‍, ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടര്‍മാരായ സജു ജോര്‍ജ്, ബാബു ഡേവിസ്, കെ പി പൗലോസ് എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡുകള്‍ ഉണ്ടാക്കി തമിഴ്‌നാട്ടില്‍ വിശദമായ അന്വേഷണം നടത്തിയതായി സിബിസിഐഡി എസ്പി സമര്‍പ്പിച്ച റിപോര്‍ട്ട് പറയുന്നു.
പ്രതികള്‍ തമിഴ്‌നാട് നാഗപട്ടണത്തെ വേദാരണ്യം ലൈറ്റ്ഹൗസിന് സമീപമുള്ളവരാണെന്ന് ഒന്നാം പ്രതി സന്തോഷ്‌കുമാര്‍ മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് അവിടെ ചെന്നു നാഗപട്ടണം എസ്പി ശേഖര്‍ ദേശ്മുഖ് അടക്കമുള്ള ഉദ്യോഗസ്ഥരുമായി സംസാരിച്ചു. പക്ഷെ, അവിടെ നിന്ന് ഈ കേസിന് വേണ്ട വിവരങ്ങളൊന്നും ലഭിച്ചില്ല. തമിഴ്‌നാട് പോലിസിന്റെ ക്യൂ ബ്രാഞ്ചില്‍ ഈ പ്രതികളുമായി ബന്ധപ്പെട്ട വിവരങ്ങളില്ല. മതിവണന്റെ രേഖാചിത്രം കാണിച്ചപ്പോള്‍ ഇവര്‍ക്കു ശ്രീലങ്കക്കാരുടെ മുഖച്ഛായയുണ്ടെന്ന് കോടിയേക്കര ഗ്രാമപ്പഞ്ചായത്ത് മുന്‍ അംഗങ്ങളായ മാരിയപ്പന്‍, തമിഴ് ശെല്‍വന്‍, അമ്പഴകന്‍, ബാലസുന്ദരം, സുബ്രഹ്മണ്യന്‍, ചിത്രവേല്‍ എന്നിവര്‍ പറഞ്ഞതായും റി പോര്‍ട്ടിലുണ്ട്.
സ്പിരിറ്റ് ലോബിക്ക് അറിയുന്നവരെയോ, കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ നിന്നുള്ളവരെയോ മിഥില മോഹന്റെ കൊലയ്ക്ക് ഉപയോഗിക്കരുതെന്നും വെടിവച്ചു വേണം കൊല്ലാനെന്നും സന്തോഷ് കുമാര്‍ നിര്‍ദേശം നല്‍കിയിരുന്നു.
2006 ഏപ്രില്‍ അഞ്ചിനാണ് അബ്കാരി കരാറുകാരനായിരുന്ന മിഥില മോഹന്‍ വെടിയേറ്റു മരിച്ചത്. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണു ബന്ധുക്കള്‍ ഹരജി നല്‍കിയിരിക്കുന്നത്.
Next Story

RELATED STORIES

Share it