മിഥിലാമോഹന്‍ വധംപ്രതികളെ പിടികൂടാന്‍ ക്രൈംബ്രാഞ്ചിന് കൂടുതല്‍ സമയം

കൊച്ചി: അബ്കാരി കരാറുകാരനായിരുന്ന മിഥില മോഹന്‍ വധക്കേസിലെ പ്രതികളെ പിടികൂടാന്‍ ക്രൈംബ്രാഞ്ചിന് ഹൈക്കോടതി കൂടുതല്‍ സമയം അനുവദിച്ചു. 2018 ജനുവരി 10 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. കേസിലെ മൂന്നും നാലും പ്രതികളായ  മതിവണ്ണനെയും ഉപ്പാളിയേയും പിടികൂടാന്‍ കൂടുതല്‍ സമയം വേണ്ടി വരുമെന്ന ക്രൈംബ്രാഞ്ചിന്റെ വാദം പരിഗണിച്ചാണ് കോടതി സമയം അനുവദിച്ചത്. പ്രതികള്‍ക്കായി തമിഴ്‌നാട്ടില്‍ വിശദമായ അന്വേഷണം നടത്തണമെന്നും കോടതി നിര്‍ദേശിച്ചു. കൂടുതല്‍ സമയം അനുവദിച്ചാല്‍ പ്രതികളെ അറസ്റ്റ് ചെയ്യാനാവുമെന്ന് ക്രൈംബ്രാഞ്ച് എസ്പി കെ എം സാബു മാത്യു നേരത്തെ കോടതിയെ അറിയിച്ചിരുന്നു. 2006 ഏപ്രില്‍ അഞ്ചിനാണ് അബ്കാരി കരാറുകാരനായിരുന്ന മിഥില മോഹന്‍ വെടിയേറ്റ് മരിച്ചത്. പ്രതികളായ മതിവണ്ണനെയും ഉപ്പാളിയെയും നേരിട്ട് അറിയാമായിരുന്ന കേസിലെ രണ്ടാം പ്രതി ഡിണ്ടിഗല്‍ പാണ്ഡ്യന്‍ തമിഴ്‌നാട് പോലിസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. പ്രതികളും സംഘാംഗങ്ങളും തമിഴ്‌നാട്ടില്‍ നിന്നുള്ളവരാണെന്ന സൂചനയുള്ളതിനാല്‍ തമിഴ്‌നാട്, കര്‍ണാടക, പോണ്ടിച്ചേരി, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ട്. മിഥില മോഹനെ വധിച്ച കേസില്‍ തൃശൂര്‍ പൂങ്കുന്നം സ്വദേശി സന്തോഷ് എന്ന കണ്ണന് പങ്കുണ്ടെന്ന് കണ്ടെത്തി ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. സ്പിരിറ്റ് കടത്തുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നുള്ള പകയാണ് കൊലയ്ക്ക് കാരണമായത്. സന്തോഷ് തമിഴ്‌നാട് സ്വദേശിയായ ഡിണ്ടിഗല്‍ പാണ്ഡ്യനുമായി ചെന്നൈയി ല്‍ ഗൂഢാലോചന നടത്തി. തുടര്‍ന്ന് പാണ്ഡ്യനാണ് പത്ത് ലക്ഷം രൂപയ്ക്ക് മതിവണ്ണന്‍, ഉപ്പാളി എന്നിവരെ കൃത്യം നടത്താന്‍ നിയോഗിച്ചത്. വെണ്ണലയിലെ വീട്ടിലെത്തി പ്രതികള്‍ മിഥില മോഹനെ വെടിവച്ചു കൊല്ലുകയായിരുന്നു. പ്രതിഫലമായി പത്ത് ലക്ഷം രൂപ സന്തോഷ്  പ്രതികള്‍ക്ക് കൈമാറി. 2013 ഏപ്രില്‍ മൂന്നിന് അറസ്റ്റിലായ സന്തോഷ് പിന്നീട്  ജാമ്യത്തിലിറങ്ങിയതായും വിശദീകരണ പത്രികയില്‍ പറയുന്നു.
Next Story

RELATED STORIES

Share it