Flash News

മിണ്ടാട്ടമില്ല, ഉത്തരകൊറിയയുടേത് 'വെറുതെയൊരു ഉപഗ്രഹം'?

മിണ്ടാട്ടമില്ല, ഉത്തരകൊറിയയുടേത് വെറുതെയൊരു ഉപഗ്രഹം?
X
ROCKET

വാഷിങ്ടണ്‍ : ഏറെ കോലാഹലമുയര്‍ത്തി ഉത്തരകൊറിയ വിക്ഷേപിച്ച ഉപഗ്രഹം സിഗ്നലുകളൊന്നും അയക്കുന്നില്ലെന്ന് അമേരിക്ക. ഉപഗ്രഹം ഭ്രമണപഥത്തില്‍ ശരിയായി പ്രവേശിച്ചുവെന്നു സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും സന്ദേശമൊന്നും അയക്കുന്നില്ലെന്നാണ് അമേരിക്കയിലെ നിരീക്ഷകര്‍ പറയുന്നത്.
[related]ഹൈഡ്രജന്‍ ബോംബടക്കമുള്ള വന്‍നശീകരണായുധങ്ങള്‍ സ്വന്തമാക്കിയെന്ന് പ്രഖ്യാപിച്ച ഉത്തരകൊറിയ അയല്‍രാജ്യമായ ദക്ഷിണകൊറിയയെയും അമേരിക്കയെയും അസ്വസ്ഥരാക്കിക്കൊണ്ടാണ് കഴിഞ്ഞദിവസം ഭൗമ നിരീക്ഷണ ഉപഗ്രഹം വിക്ഷേപിച്ചത്. ഉത്തരകൊറിയുടേത് ഉപഗ്രഹവിക്ഷേപണമായിരുന്നില്ല ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണമായിരുന്നു എന്നാണ് അമേരിക്ക വിശേഷിപ്പിച്ചത്.
പലകോണുകളില്‍ നിന്നുള്ള മുന്നറിയിപ്പുകള്‍ അവഗണിച്ച് ദീര്‍ഘദൂര റോക്കറ്റ് വിക്ഷേപിച്ച ഉത്തരകൊറിയന്‍ നടപടിയെ യുഎന്‍ രക്ഷാസമിതി ശക്തമായി അപലപിച്ചിരുന്നു. യുഎസ്, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളുടെ അഭ്യര്‍ഥന മാനിച്ച് കഴിഞ്ഞ ദിവസം ചേര്‍ന്ന അടിയന്തര യോഗത്തിനു ശേഷം ഉത്തരകൊറിയക്കെതിരേ പുതിയ ഉപരോധം ഏര്‍പ്പെടുത്തുന്നതിനുള്ള പ്രമേയം ഉടന്‍ കൊണ്ടുവരുമെന്നു രക്ഷാസമിതി അറിയിച്ചിരുന്നു. ഇത്തരത്തില്‍ വിവാദമായ റോക്കറ്റ് പരീക്ഷണം യഥാര്‍ഥത്തില്‍ ഉപഗ്രഹം തന്നെയായിരുന്നു എന്നായിരുന്നു പിന്നീടുള്ള സ്ഥിരീകരണം.
ഉപഗ്രഹം ഭ്രമണപഥത്തില്‍ പ്രവേശിച്ചിട്ടും സന്ദേശമൊന്നും അയക്കാത്തത് സാങ്കേതികവിദ്യയില്‍ രാജ്യം അത്രയ്ക്ക് പുരോഗതി പ്രാപിച്ചിട്ടില്ലെന്നതിന്റെ തെളിവാണിതെന്നാണ് അമേരിക്ക വ്യാഖ്യാനിക്കുന്നത്. ഉപഗ്രഹത്തെ വിലയിരുത്താന്‍ സമയമായിട്ടില്ലെന്നും ശരിയായി പ്രവര്‍ത്തിച്ചു തുടങ്ങുന്നതിന് കാലതാമസമുണ്ടാകുമെന്നാണ് ഉത്തരകൊറിയയുടെ നിലപാട്. ഉപഗ്രഹം മിണ്ടാഞ്ഞിട്ടാണോ മിണ്ടിയിട്ടും അമേരിക്കയ്ക്ക്് അറിയാത്തതാണോ എന്ന ചോദ്യവും അതോടൊപ്പം ഉയരുന്നുണ്ട്.
Next Story

RELATED STORIES

Share it