kozhikode local

മിഠായിത്തെരുവ്്: വ്യാപാരി സംഘടനകള്‍ നിരാഹാരസമരത്തിലേക്ക്‌

കോഴിക്കോട്: മിഠായിത്തെരുവിലെ നവീകരണത്തിനു ശേഷം ഏര്‍പ്പെടുത്തിയ വാഹന നിയന്ത്രണം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് വിവിധ വ്യാപാരി സംഘടനകള്‍ നിരാഹാരസമരത്തിനൊരുങ്ങുന്നു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (ഹസന്‍കോയ വിഭാഗം) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന പ്രസിഡന്റ് ഹസന്‍കോയയുടോയും ജില്ലാ നേതാക്കളുടെയും ഉപവാസ സമരം ഇന്ന് നടക്കും. കൂടാതെ, കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ (കെഎസ്‌വിവിഎസ്) കീഴില്‍ ഭാരവാഹികള്‍ ഒക്ടോബര്‍ 2 മുതല്‍ അനിശ്ചിത കാല നിരാഹാര സമരവും നടത്തുന്നു.
മാസങ്ങളോളം നീണ്ട നവീകരണത്തിനായി ഏറെ സഹകരിച്ച വ്യാപാരികളോടു കാണിച്ച വഞ്ചനാപരമായ സമീപനമാണ് ഉദ്ഘാടനത്തിനുശേഷം ഗതാഗതം നിയന്ത്രിച്ചുള്ള പ്രഖ്യാപനമെന്ന് സംഘടന ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. മതിയായ പാര്‍ക്കിങ് സൗകര്യങ്ങള്‍ ഉറപ്പാക്കാതെ മിഠായിത്തെരുവിലെ ഗതാഗതം നിരോധിച്ചതിനെത്തുടര്‍ന്ന് വ്യാപാരത്തില്‍ ഗണ്യമായ കുറവാണ് വന്നിട്ടുള്ളത്. വാക്കിങ് സ്ട്രീറ്റ്, പൈതൃക തെരുവ് എന്നെല്ലാം വിശേഷിപ്പിച്ച് തെരുവിനെ അലങ്കരിക്കുന്ന അധികാരികള്‍ വ്യാപാരികളുടെ ഉപജീവനം ഇല്ലാതാവുന്നത് കണ്ടില്ലെന്ന് നടിക്കുകയാണ്. ഗതാഗത നിയന്ത്രണത്തിനെതുടര്‍ന്ന് തെരുവിലെ 20ഓളം കടകള്‍ പൂട്ടി, പലതും അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. 100ഓളം തൊഴിലാളികള്‍ക്ക് ജോലി നഷ്ടമായി. വ്യാപാരം കുറയുമെന്ന് ആശങ്ക ഉയര്‍ന്നപ്പോള്‍ അനുഭവത്തിലൂടെ പുനപരിശോധന നടത്തി ഗതാഗതം പുനസ്ഥാപിക്കണമെങ്കില്‍ അതാവാമെന്ന് അധികൃതര്‍ പ്രഖ്യാപിച്ചിരുന്നു. ഇത് നടപ്പായില്ല. വാഹനത്തില്‍ വന്ന് ഷോപ്പിങ് നടത്തുന്ന കുടുംബങ്ങള്‍ ഈ തെരുവിനെ ഉപേക്ഷിച്ചു.
ഇതിനെതിരെ വ്യാപാര സംഘടനകളും ട്രേഡ് യൂണിയനുകളുമെല്ലാം പലവിധ പ്രക്ഷോഭവും നടത്തിയെങ്കിലും അധികൃതര്‍ ചെവിക്കൊണ്ടില്ല. നിലവിലെ പത്തു മുതല്‍ പത്തു വരെയുള്ള ഗതാഗത നിയന്ത്രണത്തില്‍ ഇളവു വരുത്തി ഒമ്പതു മുതല്‍ അഞ്ചു വരെയാക്കണമെന്ന് കെവിവിഇഎസ് സംസ്ഥാന സെക്രട്ടറി വി സുനില്‍ കുമാര്‍ ആവശ്യപ്പെട്ടു. സി എ റഷീദ്, കെ എ നാസര്‍, രൂപേഷ് കോളിയോട്ട്, പ്രവീണ്‍ കുമാര്‍, അനില്‍, ഇബ്രാഹിം കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. തെരുവിന്റെ പ്രവേശനഭാഗങ്ങളില്‍ വളരെ വേഗം പാര്‍കിങ് പ്ലാസ നിര്‍മിക്കുകയും അതുവരെ നിലവിലുള്ള ഗതാഗത നിയന്ത്രണം ഉപേക്ഷിക്കുകയും ചെയ്യണമെന്ന് കെഎസ്‌വിവിഎസ് ജില്ലാ സെക്രട്ടറി സി കെ വിജയന്‍, സിറ്റി പ്രസിഡന്റ്് കെ എം റഫീഖ്, സെക്രട്ടറി സി വി ഇഖ്ബാല്‍, കെ അനില്‍ കുമാര്‍, നവാസ് കോയിശ്ശേരി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it