kozhikode local

മിഠായിത്തെരുവില്‍ വാഹനം നിരോധിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് : വ്യാപാര സംഘടനകള്‍ രംഗത്ത്‌



കോഴിക്കോട്: മിഠായിത്തെരുവില്‍ വാഹനം നിരോധിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് വ്യാപാര സംഘടനകള്‍.
മിഠായിത്തെരുവിന്റെ തനിമ കാക്കാന്‍ വാഹനങ്ങള്‍ നിയന്ത്രിക്കാനുളള ആശയത്തെ സ്വാഗതം ചെയ്യുന്നു. എന്നാല്‍, നിരവധി തവണ തറക്കല്ലിട്ട മിഠായിത്തെരുവ് പൈതൃകപദ്ധതി പ്രാവര്‍ത്തികമാക്കിയതിന് ശേഷം ഗുണദോഷ ഫലങ്ങള്‍ വിലയിരുത്തി പരീക്ഷണാടിസ്ഥാനത്തില്‍ മാത്രം നടപടി സ്വീകരിക്കണമെന്ന് വിവിധ സംഘടനാ ഭാരവാഹികളുടെ അടിയന്തരയോഗം സര്‍ക്കാരിനോടും കോര്‍പ്പറേഷന്‍ അധികാരികളോടും അഭ്യര്‍ത്ഥിച്ചു. അനിയന്ത്രിതമായ തെരുവ് കച്ചവടവും സമ്മേളനങ്ങളും സമരങ്ങളും മൊയ്തീന്‍ പള്ളി റോഡിലെ വണ്‍വേ കാര്യക്ഷമമാക്കാത്തതും മിഠായിത്തെരുവില്‍ വാഹനം അനിയന്ത്രിതമായി മണിക്കൂറുകളോളം പാര്‍ക്ക് ചെയ്യുന്നതുമാണ് കാല്‍നടയാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്.
അടിസ്ഥാന സൗകര്യങ്ങള്‍ വിപൂലീകരിക്കാതെ ധൃതിപിടിച്ച് വാഹനം നിരോധിച്ചാല്‍ ഈ മേഖലയിലെ വ്യാപാരികളും തൊഴിലാളികളും ഉപഭോക്താക്കളും ഒരുപോലെ ദുരിതത്തിലാകും. മാത്രമല്ല രാധാ കോമ്പൗണ്ട്, കോയന്‍കോ ബസാര്‍, പിഎം താജ് റോഡ്, ഒയാസീസ് കോമ്പൗണ്ട്, സ്വാമി കോമ്പൗണ്ട്, ബേബി ബസാര്‍, ചെട്ടിയാര്‍ കോമ്പൗണ്ട്, ടോപ്പ് ഫോം, തുടങ്ങിയവരുടെ വിശാലമായ പാര്‍ക്കിംഗ് സൗകര്യങ്ങള്‍ ഉപയോഗിക്കാനാകാതെ നഗരത്തിലെ പാര്‍ക്കിംഗ് കൂടുതല്‍ ദുഷ്‌കരമാകും.
മിഠായിത്തെരുവിലേക്ക് വരുന്ന വാഹനങ്ങള്‍ എവിടെ പാര്‍ക്ക് ചെയ്യണം എന്ന് ബന്ധപ്പെട്ടവര്‍ നിര്‍ദേശിക്കണം. നിരോധനമല്ല ബോധവല്‍ക്കരണമാണ് അഭികാമ്യമെന്ന് യോഗം അഭിപ്രായപ്പെട്ടു. വ്യാപാര സ്ഥാപനങ്ങളിലേക്കുള്ള ചരക്ക് നീക്കത്തെയും ഓട്ടോ തൊഴിലാളികളെയും റെയില്‍വേ സ്റ്റേഷനിലേക്ക്‌പോകേണ്ട യാത്രക്കാര്‍ക്കും പ്രയാസം സൃഷ്ടിക്കും. വാഹന സഞ്ചാരമില്ലാത്ത തെരുവുകള്‍ വിദേശത്തുമാത്രമല്ല അയല്‍ സംസ്ഥാനങ്ങളിലും ഉണ്ട്. അവിടുത്തെ മികച്ച സൗകര്യങ്ങള്‍ ഇവിടെയും ഏര്‍പ്പെടുത്തണം. ഗതാഗതക്കുരുക്കും മലിനീകരണവും ലഘൂകരിക്കാന്‍ വിദേശ രാജ്യങ്ങളിലെപ്പോലെ സൈക്കിള്‍ സവാരി പ്രോത്സാഹിപ്പിക്കണം.
കോഴിക്കോട് കെവിന്‍ ആര്‍ക്കേഡില്‍ നടന്ന യോഗത്തില്‍ ഓള്‍ കേരള കണ്‍സ്യൂമര്‍ ഗുഡ്‌സ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍, ടാക്‌സ് പേയേഴ്‌സ് അസോസിയേഷന്‍, സ്‌മോള്‍ സ്‌കെയില്‍ ബില്‍ഡിംഗ് ഓണേഴ്‌സ് ആന്റ് ടെനന്റ്‌സ് അസോസിയേഷന്‍, അഖിലേന്ത്യ ആയുര്‍വേദിക് സോപ്പ് നിര്‍മ്മാണ വിതരണ അസോസിയേഷന്‍ കോഴിക്കോട് ഘടകം തുടങ്ങി വിവിധ സംഘടനാ നേതാക്കള്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it