kozhikode local

'മിഠായിത്തെരുവില്‍ കാല്‍നട മതി'

കോഴിക്കോട്: മിഠായിത്തെരുവ് പൈതൃക തെരുവായി സംരക്ഷിക്കണമെന്നും അവിടെ വാഹനഗതാഗതം അനുവദിക്കരുതെന്നും പൊതു അഭിപ്രായം. ജില്ലാ ഉപഭോക്തൃ സംരക്ഷണസമിതി സംഘടിപ്പിച്ച നവീകൃത മിഠായിതെരുവും വാഹനഗതാഗതവും എന്ന ചര്‍ച്ചയിലാണ്് കാല്‍നട മതിയെന്ന പൊതു അഭിപ്രായം ഉയര്‍ന്നത്്.  വ്യാപാരികള്‍ക്ക് ചരക്കുകള്‍ ഇറക്കാനും മറ്റുമായി നിശ്ചിത സമയത്ത് വാഹനങ്ങള്‍ക്ക് പ്രവേശനം അനുവദിച്ച് മറ്റ് സമയങ്ങളില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി വ്യാപാരികള്‍ക്കും ഉപഭോക്താക്കള്‍ക്കും സൗകര്യപ്രദമായ രീതിയില്‍ പരിഷ്‌കരണം നടപ്പാക്കണമെന്ന് ചര്‍ച്ചക്ക് തുടക്കം കുറിച്ച ചിത്രകാരനായ പോള്‍ കല്ലാനോട് പറഞ്ഞു. ഇച്ഛാശക്തിയുണ്ടെങ്കില്‍ വാഹനഗതാഗതം നിയന്ത്രിക്കാമെന്ന് മുന്‍ ട്രാഫിക് ഡിവൈ എസ്പി  എന്‍ സുഭാഷ് ബാബു പറഞ്ഞു. കോഴിക്കോടിന്റെ സാംസ്‌കാരിക മുഖമുദ്രയായ മിഠായി തെരുവ് പൈതൃക തെരുവായി തന്നെ നിലനിര്‍ത്തണമെന്ന് പ്രഫ. കെ ശ്രീധരന്‍ (ശാസ്ത്ര സാഹിത്യ പരിഷത്ത് ) അഭിപ്രായപ്പെട്ടു.  കച്ചവടം കൂടുതല്‍ നടക്കുക വാഹനം വരാതിരിക്കുമ്പോഴാണ്. മരിച്ചു കൊണ്ടിരുന്ന മിഠായി ത്തെരുവിന് ജീവന്‍ നല്‍കിയ ജില്ലാ ഭരണകൂടം ഏറെ അഭിനന്ദനമര്‍ഹിക്കുന്നു.  പട്ടാള പള്ളി മുതല്‍ ടൗണ്‍ഹാള്‍ ഭാഗത്തേക്ക് കോമണ്‍വെല്‍ത്ത്് വരെ ഡബിള്‍ ഡക്കര്‍ റോഡ് നിര്‍മിക്കുന്നത് ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ സഹായിക്കുമെന്നും  അദ്ദേഹം അഭിപ്രായപ്പെട്ടു. വാഹന ഗതാഗതം വന്നാല്‍ മിഠായി തെരുവ് നശിക്കുമെന്ന് ഡോ. ജയപ്രകാശ് രാഘവയ്യ (കില) പറഞ്ഞു. ഉന്തു വണ്ടി, കുറ്റിയില്‍ സാധനങ്ങള്‍ തൂക്കിയിട്ട് കച്ചവടം നടത്തുന്നവര്‍ എന്നിവര്‍ക്ക് പ്രത്യേക സ്ഥലവും സംവിധാനവും ഏര്‍പ്പെടുത്തണം. എസ് എം സ്ട്രീറ്റിലെ തെരുവ് കച്ചവടം മിക്കതും പൊതു സ്ഥലം കൈയേറിയാണ് നടത്തുന്നത്. മിഠായിതെരുവിന് മേല്‍ക്കൂര നിര്‍മിക്കാനുള്ള നീക്കം പുനപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  മിഠായിതെരുവ് കാല്‍നടക്കാര്‍ക്ക്് മാത്രമായി പരിമിതപ്പെടുത്തി അവിടെ ലൈവ് ആയ കലാപരിപാടികള്‍ക്കുള്ള വേദിയും സൗകര്യവും ഒരുക്കണമെന്നായിരുന്നു ആര്‍ക്കിടെക്റ്റ് എ ആര്‍ ബൃജേഷ് ഷൈജലിന്റെ അഭിപ്രായം. മിഠായിതെരുവില്‍ നിന്ന് പടിഞ്ഞാറ് ഭാഗത്തേക്ക് റയില്‍പാളത്തിന് മുകളിലൂടെ കാല്‍നടയാത്രക്കാര്‍ക്കായി മേല്‍പ്പാലങ്ങള്‍ നിര്‍മിക്കാമെന്നും അദ്ദേഹം നിര്‍ദേശിച്ചു. വാഹന ഗതാഗതം അനുവദിക്കുന്നത് കാല്‍നടയാത്രക്കാര്‍ക്കും കച്ചവടക്കാര്‍ക്കും ദുശ്ക്കരമാവുമെന്ന് പ്രസ്‌ക്ലബ് സെക്രട്ടറി വിപുല്‍ നാഥ് പറഞ്ഞു. തെരുവില്‍ ഓപ്പണ്‍ സ്റ്റേജും ഇരിപ്പിടങ്ങളും ഒരുക്കണം. ന്യൂയോര്‍ക്കിലെ ടൈംസക്വയര്‍ പോലും കാല്‍നടതെരുവാണെന്ന് തുടര്‍ന്ന് സംസാരിച്ച ബാര്‍ അസോസിയേഷന്‍ ജില്ലാ ചെയര്‍മാന്‍ അഡ്വ. പി ടി മോഹന്‍കുമാര്‍ പറഞ്ഞു.  ഗതാഗത നിരോധനം ഉണ്ടാവില്ല മറിച്ച് ഗതാഗത നിയന്ത്രണമെ ഉണ്ടാവൂവെന്ന് അധികാരികളില്‍ നിന്ന് ഉറപ്പു കിട്ടിയിട്ടുണ്ടെന്ന് വ്യാപാരി വ്യാവസായി ഏകോപന സമിതി നേതാവ് വി സുനില്‍കുമാര്‍ പറഞ്ഞു. ഉല്‍സവസീസണുകളിലും മറ്റ് തിരക്കേറുന്ന സമയങ്ങളിലും വാഹന നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് വ്യാപാരികള്‍ക്ക് എതിര്‍പ്പില്ല. മിഠായിത്തെരുവില്‍ പാര്‍ക്കിംഗ് സൗകര്യമുള്ള അഞ്ച് ഷോപ്പിംഗ് കോപ്ലക്‌സുകളുണ്ട്. ഇവിടെ 500 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനാവും. ഗതാഗത നിയന്ത്രണം കൊണ്ടു വരുമ്പോള്‍ അധികാരികള്‍ ഇക്കാര്യം പരിഗണിക്കണമെന്നും സുനില്‍ കുമാര്‍ അവശ്യപ്പെട്ടു. സമിതി ജില്ലാ പ്രസിഡന്റ് ടി കെ എ അസീസ് അധ്യക്ഷത വഹിച്ചു. ഗോപാലകൃഷ്ണന്‍, വി പിഅബ്ദുല്‍ ഗഫൂര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it