മിടുക്കരെയല്ല; നന്മയുള്ള കുട്ടികളെയാണ് നാടിനാവശ്യമെന്നു ജസ്റ്റിസ് കുര്യന്‍ ജോസഫ്

കൊച്ചി: മിടുക്കുള്ളവരേക്കാള്‍ ഉപരി നന്മയുള്ള കുട്ടികളാവുകയായിരിക്കണം പ്രാഥമിക ലക്ഷ്യമെന്ന് വിദ്യാര്‍ഥികളോട് സുപ്രിംകോടതി ജഡ്ജി കുര്യന്‍ ജോസഫ്.
മിടുക്കരായതിനു ശേഷം നന്മയുള്ളവരാകുന്നതിനേക്കാ ള്‍, നന്മയുള്ള കുട്ടികളാണു മിടുക്കരാവേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പ്രഫ. കെ വി തോമസ് വിദ്യാധനം ട്രസ്റ്റ് ഏര്‍പ്പെടുത്തിയ സ്‌കോളര്‍ഷിപ് വിതരണം എറണാകുളം സെന്റ് തേരേസാസ് കോളജില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ജസ്റ്റിസ് കുര്യന്‍ ജോസഫ്. നന്മയ്ക്കാണ് ആദ്യം പ്രാധാന്യം കൊടുക്കേണ്ടത്. മികച്ച വിജയം നേടണമെന്ന് മാതാപിതാക്കള്‍ നിരന്തരം കുട്ടികളെ ഉപദേശിക്കുന്നു. എങ്ങനെയെങ്കിലും വിജയിക്കണമെന്നാണ് മാതാപിതാക്കളുടെ ഉപദേശം. എന്നാല്‍ നേരായ വഴിയിലൂടെ വിജയം നേടണമെന്നു കുട്ടികളെ ഉപദേശിക്കാന്‍ ഇന്നത്തെ രക്ഷിതാക്കളുടെ സമൂഹം മറക്കുന്നു. അച്ചടക്കതോടെ ജീവിതത്തിന്റെ ഔന്നത്യം വെട്ടിപ്പിടിക്കുകയാണ് വേണ്ടത്. ഭരണഘടന ഉറപ്പുതരുന്ന മൗലികാവകാശങ്ങള്‍ പോലെ എല്ലാവര്‍ക്കും സമൂഹത്തോട് ചില മൗലിക ഉത്തരവാദിത്തങ്ങളും ഉണ്ട്. അതു നിര്‍വഹിക്കണം. അപ്പോള്‍ മാത്രമേ നല്ല പൗരന്‍മാരാകുകയുള്ളൂവെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. നമ്മുടെ മനോഭാവമാണ് നമ്മുടെ ഔന്നത്യം നിര്‍ണയിക്കുന്നത്. പണം, അധികാരം, സ്ഥാനമാനങ്ങള്‍ ഇവയെല്ലാം നേരായ മാര്‍ഗത്തിലൂടെയെ നേടാവൂ. അര്‍ഹതയോടെ നേടിയതല്ലെങ്കില്‍ ഒരു സ്ഥാനത്തും സ്വസ്ഥതയോടെ ഇരിക്കാന്‍ കഴിയില്ലെന്നും കുര്യന്‍ ജോസഫ് പറഞ്ഞു.
മേയര്‍ സൗമിനി ജെയിന്‍ അധ്യക്ഷത വഹിച്ചു.
ട്രസ്റ്റ് ചെയര്‍മാന്‍ കെ വി തോമസ് എംപി, ഹൈബി ഈഡന്‍ എംഎല്‍എ, കൊച്ചിന്‍ ഷിപ്പിയാര്‍ഡ് ചെയര്‍മാന്‍ മധു എസ് നായര്‍, ബിപിസിഎല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പ്രസാദ് പണിക്കര്‍, എസ്ബിഐ ജനറല്‍ മാനേജര്‍ അരവിന്ദ് ഗുപ്ത,  സെന്റ് തെരേസാസ് കോളജ് ഡയറക്ടര്‍ ഡോ. സിസ്റ്റര്‍ വിനീത സംസാരിച്ചു. കഴിഞ്ഞ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ നിന്നും എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ച 1300 വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകളാണ് വിതരണം ചെയ്തത്. വിദ്യാധനം പദ്ധതിപ്രകാരം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ വിദ്യാര്‍ഥികളുടെ പേരില്‍ അക്കൗണ്ട് തുടങ്ങിയാണ് സ്‌കോളര്‍ഷിപ്പ് തുക കൈമാറുന്നത്. ഭാവിയില്‍ കുട്ടികളുടെ വിദ്യാഭ്യാസത്തിനു ബാങ്ക് സഹായം ഉറപ്പാക്കുന്ന തരത്തിലാണ് പദ്ധതി നടപ്പാക്കിയിട്ടുള്ളത്. വിദ്യാഭ്യാസ രംഗത്ത് നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ചടങ്ങില്‍ നടന്നു.
Next Story

RELATED STORIES

Share it