മിച്ചഭൂമി മറിച്ചുവില്‍ക്കാന്‍ ശ്രമം: വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു

തിരുവനന്തപുരം: വയനാട്ടിലെ സര്‍ക്കാര്‍ മിച്ചഭൂമി സ്വകാര്യ വ്യക്തിക്ക് മറിച്ചുവില്‍ക്കാനുള്ള നീക്കവുമായി ബന്ധപ്പെട്ട് സിപിഐ നേതാക്കള്‍ ഉള്‍പ്പെട്ട ആരോപണത്തില്‍ നിയമസഭയില്‍ പ്രതിപക്ഷ ബഹളം. സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു. എന്നാല്‍, വിജിലന്‍സ് അന്വേഷണം പോരെന്നും സമഗ്രമായ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. നടുത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കിയ യുഡിഎഫ് അംഗങ്ങള്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. വി ഡി സതീശനാണ് അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടിയത്.
വിജിലന്‍സ് അന്വേഷണത്തോടൊപ്പം ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ അന്വേഷണവും നടക്കുമെന്ന് നോട്ടീസിന് മറുപടി നല്‍കിയ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. പാര്‍ട്ടിക്കാര്‍ക്കുള്ള ബന്ധത്തെക്കുറിച്ച് പാര്‍ട്ടി അന്വേഷിക്കുമെന്നും കുറ്റക്കാര്‍ ആരായാലും രക്ഷപ്പെടില്ലെന്നും മന്ത്രി വ്യക്തമാക്കി. ഇക്കാര്യത്തില്‍ സര്‍ക്കാര്‍തലത്തില്‍ ഒന്നും സംഭവിച്ചിട്ടില്ലെന്ന് നോട്ടീസില്‍ ഇടപെട്ട് സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി. ആര് ഭൂമി തെറ്റായി കൈവശപ്പെടുത്താന്‍ ശ്രമിച്ചാലും നടക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ അന്വേഷണത്തിന് ഉത്തരവ് നല്‍കിയതായി റവന്യൂ മന്ത്രി ചൂണ്ടിക്കാട്ടി. കാശു വാങ്ങിയ ഡെപ്യൂട്ടി കലക്ടറെ റവന്യൂ അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ സസ്‌പെന്‍ഡ് ചെയ്തു. കൂടുതല്‍ വിശദമായ അന്വേഷണത്തിന് ലാന്‍ഡ് റവന്യൂ കമ്മീഷണറെ ചുമതലപ്പെടുത്തി.
വ്യാജരേഖ ചമച്ച് സംസ്ഥാനത്തിന്റെ ഭൂമി തട്ടിയെടുക്കുന്നതിനുള്ള സംഘങ്ങള്‍ സംസ്ഥാനവ്യാപകമായി പ്രവര്‍ത്തിക്കുന്നുവെന്ന് വി ഡി സതീശന്‍ കുറ്റപ്പെടുത്തി. ഇതിന് ഭരിക്കുന്ന പാര്‍ട്ടിയുടെ നേതാക്കള്‍ കൂട്ടുനില്‍ക്കുകയാണ്. ഇതൊന്നും നിയന്ത്രിക്കാന്‍ കഴിയാത്ത ഇ ചന്ദ്രശേഖരന് മന്ത്രിസ്ഥാനത്തിരിക്കാന്‍ അവകാശമില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
Next Story

RELATED STORIES

Share it