ernakulam local

മികവുല്‍സവം 2016 ഇന്ന് മൂവാറ്റുപുഴയില്‍

മുവാറ്റുപുഴ: സര്‍വശിക്ഷാ അഭിയാന്‍ എറണാകുളം ജില്ലാ പ്രോജക്ടിന്റെ നേതൃത്വത്തില്‍ ജില്ലാതല മികവുല്‍സവം 2016 ഇന്ന് മുവാറ്റുപുഴയില്‍ നടക്കും.
പൊതുവിദ്യാലയങ്ങളില്‍ നടക്കുന്ന മികച്ച പഠനപ്രവര്‍ത്തനങ്ങളും കുട്ടികളുടെ പഠന നേട്ടങ്ങളും അധ്യാപകരുടേയും ജനപ്രതിനിധികളുടേയും എസ്എംസി, പിടിഎ തുടങ്ങിയവയുടെ പിന്തുണയോടെ പൊതുവിദ്യാഭ്യാസ രംഗത്തുണ്ടായ നേട്ടങ്ങളും പൊതുസമൂഹത്തെ ബോധ്യപ്പെടുത്താനും പിന്തുണ തേടുന്നതിനുമാണ് മികവുല്‍സവം സംഘടിപ്പിച്ചിരിക്കുന്നത്.
മുവാറ്റുപുഴ മുനിസിപ്പല്‍ ടൗണ്‍ ഹാള്‍, മേള ഓഡിറ്റോറിയം, ടൗണ്‍ യുപി സ്‌കൂള്‍ എന്നിവടങ്ങളിലാണ് പരിപാടി നടക്കുന്നത്. വിദ്യാഭ്യാസ സെമിനാര്‍, ഓപണ്‍ ഫോറം, വിദ്യാഭ്യാസപ്രദര്‍ശനം, ഫിലിം ഫെസ്റ്റ്, കലാ-കായിക പ്രകടനങ്ങള്‍, തുടങ്ങി നിരവധി ഇനങ്ങള്‍ കോര്‍ത്തിണക്കിയാണ് മികവുല്‍സവം കൊണ്ടാടുന്നത്.
പരിപാടിയുടെ ഭാഗമായി രാവിലെ 9ന് ദേശീയ സ്‌കൂള്‍ താരങ്ങള്‍ അണിനിരക്കുന്ന വിളംബര റാലി ആശ്രമം ബസ്റ്റാന്റ് സമീപത്തുനിന്ന് ആരംഭിക്കും. മുവാറ്റുപുഴ ഡിവൈഎസ്പി കെ ബി പ്രഫുല്ല ചന്ദ്രന്‍ റാലി ഫഌഗ് ഓഫ് ചെയ്യും.
മുവാറ്റുപുഴ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ എത്തിച്ചേരുന്ന റാലിയെ ജില്ലയിലെ വിദ്യാഭ്യാസ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സ്വീകരിക്കും. തുടര്‍ന്ന് വിവിധ സ്‌കൂളുകളിലെ കുട്ടികളുടെ കായിക പ്രകടനങ്ങള്‍ അരങ്ങേറും. എസ്പിസി, സ്‌കൗട്ട് ആന്റ് ഗൈഡ്, എന്‍സിസി, ബാന്‍ഡ് മേളം, ചെണ്ട മേളം, റെഡ് ക്രോസ്, എയ്‌റോബിക്‌സ് തുടങ്ങിയ മേഖലയിലുള്ള വിദ്യാര്‍ഥികളുടെ പ്രകടനവും, എസ്എസ്എ വിവിധ സ്‌കൂളില്‍ പരിശീലനം നല്‍കിയ കുട്ടികളുടെ കരാട്ടേ പ്രകടനം, യോഗാഭ്യാസം, ഇതര സംസ്ഥാന വിദ്യാര്‍ഥികളുടെ കായിക പ്രകടനങ്ങള്‍ എന്നിവ ടൗണ്‍ ഹാളിനു മുന്നിലുള്ള ഗ്രൗണ്ടില്‍ അരങ്ങേറും. രാവിലെ 10ന് ടൗണ്‍ഹാള്‍ ഓഡിറ്റോറിയത്തില്‍ ജോസഫ് വാഴക്കന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.
ജില്ലാ പ്രോജക്ട് ഓഫിസര്‍ ഡോ. പി എ കുഞ്ഞുമുഹമ്മദ് പദ്ധതി വിശദീകരണവും, പ്രോഗ്രാം ഓഫിസര്‍ എസ് സന്തോഷ്‌കുമാര്‍ സ്വാഗതവും മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഉഷാ ശശിധരന്‍ അദ്ധ്യക്ഷതയും വഹിക്കും. കൊച്ചിന്‍ യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ജെ ലത മുഖ്യാതിഥിയായി പങ്കെടുക്കും. എഡിപിഐ ജോണ്‍സ് വി ജോണ്‍ മുഖ്യ പ്രഭാഷണവും എസ്എസ്എ അഡീഷനല്‍ പ്രോജക്ട് ഡയറക്ടര്‍ ജെസ്സി ജോസഫ് മികവുല്‍സവ സന്ദേശവും നല്‍കും. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ എം കെ ഷൈന്‍മോന്‍ പ്രതിഭകളെ ആദരിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ബേബി, മുനിസിപ്പല്‍ വൈസ്. ചെയര്‍മാന്‍ പി കെ ബാബുരാജ്, പഞ്ചായത്ത് പ്രസിഡന്റുമാരായ വള്ളമറ്റം കുഞ്ഞ്, നൂര്‍ജഹാന്‍ നാസര്‍, ലീല ബാബു സംസാരിക്കും.
11ന് ടൗണ്‍ഹാള്‍ ഓഡിറ്റോറിയത്തില്‍ പൊതുവിദ്യാലയങ്ങള്‍ മികവിലേക്ക് എന്ന വിഷയത്തില്‍ വിദ്യാഭ്യാസ സെമിനാര്‍ ആരംഭിക്കും. പായിപ്ര രാധാകൃഷ്ണന്‍, ഡോ. ജി എസ് ഗിരീഷ്‌കുമാര്‍(ഡയറക്ടര്‍, സെന്റര്‍ ഫോര്‍ കണ്ടിന്യൂയിങ് എജ്യുക്കേഷന്‍), എസ്എസ്എ സ്‌റ്റേറ്റ് പ്രോഗ്രാം ഓഫിസര്‍ മാണി ജോസഫ് എന്നിവര്‍ വിഷയാവതരണം നടത്തും. രാവിലെ 11ന് മേള ഓഡിറ്റോറിയത്തില്‍ ഫിലിം ഫെസ്റ്റ് ആരംഭിക്കും. എറണാകുളം ജില്ലയിലെ വിവിധ സ്‌കൂളുകളില്‍നിന്നും 30 ഓളം ഷോര്‍ട്ട് ഫിലിമുകളുടെ എന്‍ട്രി ലഭിച്ചിട്ടുണ്ട്. ഇവയുടെ പ്രദര്‍ശനം നടക്കും. ഒരോ ഫിലിം പ്രദര്‍ശനത്തിനു ശേഷം ഫിലിമിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ പ്രേക്ഷകരുമായി സംവദിക്കും.
ഷോര്‍ട്ട് ഫിലിം പ്രദര്‍ശനം മേള പ്രസിഡന്റ് എ മമ്മിയുടെ അദ്ധ്യക്ഷതയില്‍ പ്രശസ്ത സംവിധായകന്‍ സോഹന്‍ സിനുലാല്‍ ഉദ്ഘാടനം ചെയ്യും. സിനിമാ നിരൂപക പ്രഫ. പാര്‍വതി ചന്ദ്രന്‍, മേള സെക്രട്ടറി എസ് മോഹന്‍ദാസ് സംസാരിക്കും. കൂടാതെ സര്‍വശിക്ഷാ അഭിയാന്‍ ജില്ലാ പ്രോജക്ടിന്റെ ആഭിമുഖ്യത്തില്‍ നിര്‍മിച്ച ഷോര്‍ട്ട് ഫിലിമിന്റെ പ്രദര്‍ശനവും ഇതോടെപ്പം നടക്കും. ഭിന്നശേഷിയുള്ള കുട്ടികള്‍, ഇതര സംസ്ഥാന വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ അഭിനയിച്ച ചിത്രമാണ് ഇതോടൊപ്പം പ്രദര്‍ശിപ്പിക്കുന്നത്. മൂന്നാമത്തെ വേദിയായ മേള ഓഡിറ്റോറിയത്തില്‍ ജൈവ ഭക്ഷ്യമേള ആരംഭിക്കും. ജില്ലാ പഞ്ചായത്ത് വിദ്യാഭാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജാന്‍സി ജോര്‍ജ് ഉദ്ഘാടനം ചെയ്യും.
ജില്ലയിലെ 15 ബിആര്‍സികളിലും നടന്ന ജൈവ ഭക്ഷ്യമേളയില്‍ വിജയികളായ സ്‌കൂളുകളാണ് മേളയില്‍ പങ്കെടുക്കുന്നത്. 11.45 മുതല്‍ ഗവ. ടൗണ്‍ യുപി സ്‌കൂളില്‍ വിദ്യാലയ മികവുകളുടെ അവതരണങ്ങള്‍ ആരംഭിക്കും. വൈകീട്ട് 5ന് സമാപന സമ്മേളനം മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ ആരംഭിക്കും.
മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഉഷാ ശശിധരന്റെ അദ്ധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശാ സനില്‍ ഉദ്ഘാടനം ചെയ്യും. വിദ്യാലായ മികവുകള്‍ക്കുള്ള ഉപഹാരം ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍, ഡോളി കുര്യാക്കോസും, ഫിലിം ഫെസ്റ്റ് വിജയികള്‍ക്കുള്ള ഉപഹാരങ്ങള്‍ ജില്ലാ പഞ്ചായത്ത് മെംബര്‍ എന്‍ അരുണും, ഫുഡ് ഫെസ്റ്റ് വിജയികള്‍ക്കുള്ള ഉപഹാരങ്ങള്‍ ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍, എം എ സഹീറും നല്‍കും.
വൈകീട്ട് 6ന് സംസ്ഥാന കലോല്‍സവത്തില്‍ മികവ് പുലര്‍ത്തിയ ഇനങ്ങളുടെ അവതരണവുമായി കലാ സന്ധ്യ അരങ്ങേറും. രാത്രി 8 മണിക്ക് ഗാനമേളയും ഇതോടൊപ്പം ഒരുക്കിയിട്ടുണ്ട്. രണ്ടായിരത്തോളം അധ്യാപകരും വിദ്യാര്‍ഥികളും,ബിആര്‍സി അംഗങ്ങളും പങ്കെടുക്കും. വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പ്രൊജക്ട് ഓഫിസര്‍ ഡോ. പി എ കുഞ്ഞുമുഹമ്മദ്, ജില്ലാ പ്രോഗ്രാം ഓഫിസര്‍ എസ് സന്തോഷ്‌കുമാര്‍, ജില്ലാ പ്രോഗ്രാം ഓഫിസര്‍ ഒ പി സോജന്‍, കോതമംഗലം ബിപിഒ, സിബി ജെ അടപ്പൂര്‍, മുവാറ്റുപുഴ ബിആര്‍സി ട്രെയിനര്‍ നൗഫല്‍ കെ എം പങ്കെടുത്തു.
Next Story

RELATED STORIES

Share it