Pathanamthitta local

മികവിന് മിഴിവേകി കുടുംബശ്രീയുടെ തൊഴുത്ത് ശ്രദ്ധേയമാവുന്നു

പത്തനംതിട്ട: കാര്‍ഷിക സംസ്‌കാരത്തിന്റെ ഗതകാലസ്മരണകളുണര്‍ത്തി കാലിത്തൊഴുത്തുമായി കുടുംബശ്രീ. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ച് പത്തനംതിട്ട ശബരിമല ഇടത്താവളത്തില്‍നടക്കുന്ന മികവ് എക്‌സിബിഷന്റെ ഭാഗമായാണ് നാടന്‍ തൊഴുത്ത് സജ്ജീകരിച്ചിരിക്കുന്നത്. പുതുതലമുറയെ കേരളത്തിന്റെ കാര്‍ഷിക പാരമ്പര്യം പരിചയപ്പെടുത്തുക ജൈവകൃഷിക്ക് പ്രോത്സാഹനം നല്‍കുക എന്നിവയൊക്കെയാണ് തൊഴുത്ത് തയ്യാറാക്കിയതിലൂടെ കുടുംബശ്രീ ലക്ഷ്യമിട്ടത്.
പൂര്‍ണമായും പാരമ്പര്യ രീതിയില്‍ തന്നെ ഓലമേഞ്ഞാണ് തൊഴുത്തിന്റെ നിര്‍മ്മാണം. തൊഴുത്തില്‍ വെച്ചൂര്‍ പശുവും, ആടുമാണ് ഉള്ളത്. മാത്രമല്ല, പശുവിന് പുല്ലും വൈക്കോലും നല്‍കുന്നതിന് സന്ദര്‍ശകര്‍ക്ക് പ്രത്യേക സൗകര്യവും തൊഴുത്തില്‍ തന്നെ ക്രമീകരിച്ചിട്ടുണ്ട്. അതിനായി കച്ചിയും എത്തിച്ചിട്ടുണ്ട്. മേളയിലെ മുഖ്യ ആകര്‍ഷണകേന്ദ്രമാകുകയാണ് തൊഴുത്ത്. തികച്ചും ഹരിത പ്രോട്ടോകോള്‍ പാലിച്ചാണ് തൊഴുത്തിന്റെ നിര്‍മാണം നടത്തിയിരിക്കുന്നത്.
പോളണ്ടില്‍ നിന്നുള്ള പോളീഷ് ക്യാപ്, ഫ്രിസില്‍, മില്ലി ഫഌവര്‍ പറഞ്ഞ് വന്നത് വിദേശീയരായ കോഴികളെ കുറിച്ചാണ്. പേരുകളില്‍ തന്നെ വൈവിധ്യവുമായി മികവ് ഉത്പന്ന വിപണനമേളയിലെ താരങ്ങളായി മാറിയിരിക്കുകയാണ് ഇവര്‍. ഇവയ്‌ക്കൊപ്പം ജാഡ ഒട്ടും കുറയ്ക്കാതെ സങ്കരയിനത്തില്‍പ്പെട്ട ഗ്രാമശ്രീ, കാട, തലശേരിയില്‍ നിന്നുള്ള കരിങ്കോഴി തുടങ്ങിയവരും മേളയിലെ താരങ്ങളാണ്. സംസ്ഥാന സര്‍ക്കാരിന്റ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയ മേളയിലെ മൃഗസംരക്ഷണ വകുപ്പിന്റെ സ്റ്റാള്‍ കൂടുതല്‍ ജനശ്രദ്ധയാകര്‍ഷിച്ച് മുന്നേറുന്നു.
പഴമയുടെ ഓര്‍മ്മകള്‍ കാണികളിലേക്ക് എത്തിക്കുന്നതിനായി ഓല മേഞ്ഞ പഴയ വീടിന്റെ മാതൃകയിലാണ് മൃഗസംരക്ഷണ വകുപ്പ് സ്റ്റാളൊരുക്കിയിരിക്കുന്നത്. കൃത്രിമമായി ഒരു തടാകവും സ്റ്റാളിന് സമീപത്തായി ഒരുക്കിയിട്ടുണ്ട്. മാത്രമല്ല, തടാകത്തിന്റെ മേല്‍ക്കൂരയാകട്ടെ കുട്ടവഞ്ചി മാതൃകയിലും. തടാകത്തില്‍ കുട്ടനാടന്‍ തനത് താറാവുകളുടെ ശേഖരമാണ് മുഖ്യ ആകര്‍ഷണം. ചാരത്താറാവ്, ചെമ്പല്ലി തുടങ്ങി കുട്ടനാടിന്റെ തനത് താറാവുകള്‍ ഇറച്ചി ഇനത്തില്‍പ്പെട്ട വിഗോവയുമാണ് തടാകത്തിലുള്ളത്.
രണ്ടരമാസം പ്രായമുള്ള ഈ താറാവുകള്‍ക്ക് രണ്ടര കിലോഗ്രാം തൂക്കവും പ്രതിവര്‍ഷം 200 ല്‍ അധികം മുട്ടകള്‍ ഉത്പാദിപ്പിക്കുന്നു എന്നതുമാണ് പ്രത്യേകത. മികച്ചയിനത്തില്‍പ്പെട്ട ഇവ കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായതിനാല്‍ വീടുകളില്‍ വളര്‍ത്താനാകുമെന്നും കോഴഞ്ചേരി സീനിയര്‍ വെറ്റിനറി സര്‍ജന്‍ ഡോക്ടര്‍ മാത്യു പറഞ്ഞു. എമു, ഒട്ടകപക്ഷി, കാടക്കോഴി, വിഗോവ ഇനത്തില്‍പ്പെട്ട താറാവിന്റെ മുട്ടകള്‍, ടര്‍ക്കിക്കോഴി തുടങ്ങിയ പക്ഷികളുടെ മുട്ടകളുടെ പ്രദര്‍ശനവും സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it