മികച്ച 100 ഹോട്ടല്‍: പട്ടികയില്‍ വയനാടും

മുംബൈ: ഇടപാടുകാരോടുള്ള പരിചരണത്തിലും വാങ്ങുന്ന പണത്തിലും മെച്ചപ്പെട്ട സേവനം നല്‍കുന്നതിലും മുന്നില്‍ നില്‍ക്കുന്ന ലോകത്തെ മികച്ച ഹോട്ടലുകളുള്ള പ്രദേശങ്ങളുടെ പട്ടികയില്‍ വയനാടും. പ്രമുഖ ആഗോള ഹോട്ടല്‍ ഗവേഷണ വെബ്‌സൈറ്റായ ട്രിവാഗൊയുടെ പഠനത്തിലാണ് ഇന്ത്യയിലെ നാലു നഗരങ്ങള്‍ക്കൊപ്പം വയനാടും സ്ഥാനം പിടിച്ചത്. ലോകവ്യാപകമായി ഒമ്പതുലക്ഷം ഹോട്ടലുകളും 250ല്‍ അധികം ബുക്കിങ് സൈറ്റുകളും പരിശോധിച്ചാണ് ട്രിവാഗൊ ഹോട്ടലുകളെ വിലയിരുത്തിയത്.
100 നഗരങ്ങളില്‍ 96.36 ശതമാനം സ്‌കോര്‍ നേടിയ വയനാട് ഒമ്പതാം സ്ഥാനത്താണുള്ളത്. ഇടപാടുകാരുടെ വിലയിരുത്തലുകളും ശരാശരി വില നിലവാരവും പരിഗണിച്ചാണ് സ്ഥാനം നിര്‍ണയിക്കുന്നത്. ഇന്ത്യയിലെ ഋഷികേശ്, അമൃത്‌സര്‍, ജയ്‌സാല്‍മീര്‍ എന്നിവയാണ് പട്ടികയിലുള്ള മറ്റു നഗരങ്ങള്‍.
തീര്‍ത്ഥാടന കേന്ദ്രമായ ഉത്തരാഖണ്ഡിലെ ഋഷികേശ് ഇപ്പോള്‍ സാഹസിക-കായിക വിനോദത്തിന്റെ കേന്ദ്രമാണ്. മാത്രമല്ല പാശ്ചാത്യ സമൂഹം ഋഷികേശിനെ യോഗയുടെ ലോക തലസ്ഥാനമായാണ് കാണുന്നത്. പട്ടികയില്‍ 96.24 ശതമാനം മാര്‍ക്കോടെ ഋഷികേശ് 13ാം സ്ഥാനത്താണ്. പുണ്യനഗരമായ അമൃത്‌സറിന് 22ാം സ്ഥാനമാണ് ലഭിച്ചത്. കഴിഞ്ഞവര്‍ഷത്തെ പട്ടികയില്‍ അമൃത്‌സര്‍ ആറാം സ്ഥാനത്തായിരുന്നു. രാജസ്ഥാനിലെ ജയ്‌സാല്‍മിര്‍ 95.17 ശതമാനം സ്‌കോര്‍ നേടി 34ാം സ്ഥാനത്തെത്തി. ചൈനയിലെ ഫെന്‍ഗ്ഹാങ്, ബോസ്‌നിയയിലെ മോസ്റ്റാര്‍, ബള്‍ഗേറിയയിലെ വെലികോ ടാര്‍നോവ, സെര്‍ബിയയിലെ നോവിസാദ്, ചൈനയിലെ പിങ്ഗിയാവോ എന്നീ നഗരങ്ങളാണ് ആദ്യ അഞ്ചുസ്ഥാനങ്ങളില്‍.
Next Story

RELATED STORIES

Share it