kannur local

മാഹി മേഖലയില്‍ മദ്യക്കടത്ത് വ്യാപകം

തലശ്ശേരി: ഉല്‍സവസീസണ്‍ ആരംഭിച്ചതോടെ മാഹി-പള്ളൂര്‍ കേന്ദ്രീകരിച്ച് അന്യജില്ലകളിലേക്കു ഗുണനിലവാരം കുറഞ്ഞ മദ്യം വ്യാപകമായി കടത്തുന്നു. കര്‍ണാടകയില്‍ നിന്നു കൊണ്ടുവരുന്ന സ്പിരിറ്റ് ഉപയോഗിച്ചാണ് ഗുണനിലവാരവും വില നിലവാരവുമില്ലാത്ത മദ്യം ഉണ്ടാക്കുന്നത്. കേട്ടുകേള്‍വി പോലുമില്ലാത്ത പേരുകളില്‍ ലേബലൊട്ടിച്ചാണ് മദ്യം കടത്തുന്നത്. ഇതരസംസ്ഥാന തൊഴിലാളികളും ക്രിമനല്‍ കേസ് പ്രതികളുമെല്ലാമാണ് മദ്യക്കടത്തിനു ഒത്താശ ചെയ്യുന്നത്.
കേരളത്തില്‍ ബാറുകള്‍ക്ക് പൂട്ട് വീണതോടെ രൂപംകൊണ്ട മദ്യ-സ്പിരിറ്റ് സംഘമാണ് മാഹി, പള്ളൂര്‍ കേന്ദ്രീകരിച്ച് നേട്ടം കൊയ്യുന്നത്. രാത്രികാലങ്ങളില്‍ മദ്യം റോഡരികില്‍ കെട്ടുകളാക്കി എത്തിക്കുകയാണു ചെയ്യുന്നത്. പുലര്‍ച്ചെ ലോഡിറക്കി തിരിച്ചുപോവുന്ന ലോറികളില്‍ മുന്‍ധാരണ പ്രകാരം കയറ്റിയാണ് ആവശ്യമുള്ള സ്ഥലങ്ങളില്‍ എത്തിക്കുന്നത്. സാധാരണ റോഡുകള്‍ ഒഴിവാക്കി ഇടറോഡുകളെ ഉപയോഗിക്കുകയാണ് പുതിയ രീതി. മാഹിയുടെ അതിര്‍ത്തിപ്രദേശങ്ങളില്‍ എക്‌സൈസ് പരിശോധന നടക്കുന്നതിനാലാണ് ചരക്ക് ലോറികളെ മദ്യം കടത്താന്‍ ഉപയോഗിക്കുന്നത്. 750 മില്ലിയുടെ മദ്യത്തിനു 120 രൂപയാണു ഈടാക്കുന്നത്. ഇതിനു അടിസ്ഥാനവില കേവലം 40 രൂപയേ വരികയുള്ളൂ എന്നിരിക്കെ ദിനംപ്രതി ലക്ഷങ്ങളാണ് മദ്യക്കടത്തുകാര്‍ ഉണ്ടാക്കുന്നത്.
രാവിലെ മാഹി വഴി കടന്നുപോവുന്ന തീവണ്ടികളിലും ബസ്സുകളിലുമെല്ലാം മദ്യം കടത്തുന്ന ഇടനിലക്കാര്‍ യഥേഷ്ടം എത്തുന്നുണ്ട്. അവധിദിവസങ്ങളില്‍ ഇതരജില്ലകളില്‍ നിന്നു മാഹിയിലെത്തി ലോഡ്ജുകളില്‍ താമസിച്ച് മദ്യം ഉപയോഗിക്കുന്നവരുമുണ്ട്. ഇത്തരത്തിലുള്ള മദ്യപാനികളില്‍ പലരും മാഹി പാര്‍ക്കിലും റോഡരികിലുമെല്ലാം അബോധാവസ്ഥയില്‍ കിടക്കുന്നതും പതിവാണ്. മദ്യലഹരിയില്‍ സ്വബോധം നഷ്ടപ്പെട്ട് വീണുകിടക്കുന്നവരുടെ പണവും സ്വര്‍ണവും മറ്റും കവരുന്നവരും ഏറിവരികയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നൂറോളം പേരാണ് മാഹിയിലെ തെരുവോരങ്ങളില്‍ മദ്യപിച്ചു വീണു മരണപ്പെട്ടത്. പോലിസ് കേസ് രജിസ്റ്റര്‍ ചെയ്യുമെങ്കിലും നിലവാരമില്ലാത്ത മദ്യം വില്‍ക്കുന്നവര്‍ക്കെതിരേ തുടര്‍നടപടികളൊന്നും എടുക്കാറില്ല. തെളിവുകളില്ലാത്തതിനാല്‍ കേസുകള്‍ എഴുതിത്തള്ളുകയാണ് ചെയ്യുന്നത്.
വിവാഹം തുടങ്ങിയ ആഘോഷങ്ങള്‍ക്കും മറ്റും ഓര്‍ഡര്‍ അനുസരിച്ച് മദ്യം എത്തിച്ചുകൊടുക്കുന്ന സംഘവും മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മദ്യം ലഭിച്ചുകഴിഞ്ഞാല്‍ മാത്രമേ പണം നല്‍കേണ്ടതുള്ളൂ എങ്കിലും തോന്നിയ വിലയാണ് ഈടാക്കുന്നത്. ഡ്യൂട്ടിയിലുള്ള എക്‌സൈസ് ഉദ്യോഗസ്ഥര്‍ ജോലിസമയം മാറുന്നതു നിജപ്പെടുത്തിയാണ് ഇത്തരം സംഘങ്ങള്‍ വന്‍തോതില്‍ മദ്യം കടത്തുന്നത്. മാത്രമല്ല, എക്‌സൈസ് പരിശോധനയാവട്ടെ, പലപ്പോഴും പ്രഹസനമായി മാറുകയുമാണ്.
മാസത്തിലൊരിക്കല്‍ മദ്യക്കടത്ത് പിടികൂടി മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നതൊഴിച്ചാല്‍ ദൈനംദിന പരിശോധനകള്‍ കര്‍ശനമാക്കാന്‍ അധികൃതര്‍ തയ്യാറാവുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. ഇത്തരം മദ്യക്കടത്ത് തടയാന്‍ മൂഴിക്കരയില്‍ എക്‌സൈസ് സ്‌റ്റേഷന്‍ സ്ഥാപിക്കണമെന്ന് ആവശ്യമുയര്‍ന്നിട്ട് വര്‍ഷങ്ങളായെങ്കിലും ഇതുവരെ യാഥാര്‍ഥ്യമായിട്ടില്ല.
Next Story

RELATED STORIES

Share it