മാഹി ബാബു വധം: മുഖ്യപ്രതി പിറവത്ത് അറസ്റ്റില്‍

മാഹി: സിപിഎം പള്ളൂര്‍ ലോക്കല്‍ കമ്മിറ്റിയംഗം കണ്ണിപ്പൊയില്‍ ബാബുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ എറണാകുളത്ത് അറസ്റ്റില്‍. പള്ളൂര്‍ ചെമ്പ്രയിലെ പുത്തന്‍പുരയില്‍ ഏഴില്‍ അരസ എന്ന സനീഷി(28)നെയാണ് വെള്ളിയാഴ്ച രാത്രി പിറവത്തെ ഒരു ബേക്കറിയില്‍നിന്ന് പിറവം പോലിസിന്റെ സഹായത്തോടെ മാഹി പോലിസ് പിടികൂടിയത്. കൊലപാതകത്തിനു ശേഷം എറണാകുളത്തേക്ക് കടന്ന സനീഷ്, പിറവത്ത് ബിജെപി അനുഭാവിയായ സുധിയുടെ ബേക്കറിയില്‍ ജോലി ചെയ്യുകയായിരുന്നു. മൊബൈല്‍ ടവര്‍ പരിശോധനയില്‍ സനീഷ് ചെമ്പ്രയിലെ ഒരു വീട്ടിലേക്ക് പലവട്ടം ഫോണ്‍ ചെയ്തിരുന്നതായി കണ്ടെത്തി. ഇയാള്‍ക്കെതിരേ കൊലക്കുറ്റം ഉള്‍പ്പെടെ 13ഓളം കേസുകള്‍ നിലവിലുണ്ട്. ഇതോടെ ഈ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം എട്ടായി. ചെണ്ടയാട് നിള്ളങ്ങല്‍ സ്വദേശി ജെറിന്‍ സുരേഷ്, ഈസ്റ്റ് പള്ളൂരിലെ പി കെ നിജേഷ്, പന്തക്കല്‍ ഹസന്‍മുക്കിലെ പി കെ ശരത്ത്, ചെണ്ടയാട്ടെ കമലദളത്തില്‍ ശ്യാംജിത്ത്, പള്ളൂരിലെ ഒ പി രജീഷ്, കരീക്കുന്നുമ്മല്‍ സുനില്‍, പാനൂരിലെ അരുണ്‍ ഭാസ്‌കര്‍ എന്നിവര്‍ നേരത്തെ പിടിയിലായിരുന്നു. ഇതില്‍ സുനിലും അരുണും കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്തുവെന്നാണ് പോലിസിന്റെ കണ്ടെത്തല്‍. ഇക്കഴിഞ്ഞ മെയ് ഏഴിനു രാത്രിയാണ് മാഹിയില്‍ ഇരട്ടക്കൊലപാതകം അരങ്ങേറിയത്. സിപിഎം നേതാവ് കണ്ണിപ്പൊയില്‍ ബാബുവിനെ പള്ളൂരില്‍ കൊലപ്പെടുത്തിയതിനു പിന്നാലെ ആര്‍എസ്എസ് പ്രവര്‍ത്തകനായ ഓട്ടോ ഡ്രൈവര്‍ ഷമേജ് ന്യൂ മാഹിയില്‍വച്ച് വെട്ടേറ്റ് മരിക്കുകയായിരുന്നു. ബാബു വധക്കേസ് മാഹി പോലിസും ഷമേജ് വധക്കേസ് തലശ്ശേരി സിഐയുമാണ് അന്വേഷിക്കുന്നത്.
Next Story

RELATED STORIES

Share it