മാഹി ഇരട്ടക്കൊല: 30 മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ നിരീക്ഷണത്തില്‍

തലശ്ശേരി: മാഹി ഇരട്ടക്കൊലയിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഷമേജ് വധവുമായി ബന്ധപ്പെട്ടു തലശ്ശേരി സിഐ ഇ കെ പ്രേമരാജന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം സംഭവം നടന്ന മേഖലയിലെ സിപിഎം, ബിജെപി പ്രദേശിക നേതാക്കളില്‍ നിന്നു മൊഴിയെടുത്തു. ഇവരില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ 30ഓളം മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ ശേഖരിച്ചു. ഈ നമ്പറുകളിലേക്ക് ആരുടെയെങ്കിലും വിളികളോ, സന്ദേശങ്ങളോ വരുന്നുണ്ടോയെന്നു സൈബല്‍ സെല്ലിന്റെ സഹായത്തോടെ നിരീക്ഷിച്ചുവരികയാണ്.
പ്രതികള്‍ ഒളിവില്‍ക്കഴിയാ ന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ കഴിഞ്ഞദിവസം പുലര്‍ച്ചെ വരെ പോലിസ് പരിശോധന നടത്തിയെങ്കിലും ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ല. കഴിഞ്ഞ ഏഴിനു രാത്രിയാണ് ഇരട്ടക്കൊലപാതകം അരങ്ങേറിയത്. സിപിഎം പള്ളൂര്‍ ലോക്കല്‍ കമ്മിറ്റിയംഗം കണ്ണിപ്പൊയില്‍ ബാബു പള്ളൂരിലും ആര്‍എസ്എസ് പ്രവര്‍ത്തകനായ ഓട്ടോ ഡ്രൈവര്‍ ഷമേജ് ന്യൂ മാഹിയിലും വച്ചാണു കൊല്ലപ്പെട്ടത്. ബാബു വധം മാഹി പോലിസും ഷമേജ് വധം ന്യൂ മാഹി പോലിസുമാണ് അന്വേഷിക്കുന്നത്. ബാബു വധത്തില്‍ എട്ടു പേരും ഷമേജ് വധത്തില്‍ ഏഴുപേരും ഉണ്ടെന്നാണു പോലിസിന്റെ വിശദീകരണം.
ബാബു വധക്കേസില്‍ ഏഴാംദിവസം മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകരെയും പിറ്റേന്നു മറ്റൊരു പ്രതിയെയും മാഹി പോലിസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍, ഷമേജ് വധക്കേസില്‍ ഇതുവരെ ആരെയും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. അതേസമയം, കൊലപ്പെട്ട കണ്ണിപ്പൊയില്‍ ബാബുവിന്റെ വസതി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഇന്നു സന്ദര്‍ശിക്കും.
Next Story

RELATED STORIES

Share it