മാഹി ഇരട്ടക്കൊല: ഇരു ഡിജിപിമാരും അക്രമബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചുകേരള-പുതുച്ചേരി സംയുക്ത അന്വേഷണം

മാഹി/തലശ്ശേരി: മാഹി ഇരട്ടക്കൊലപാതകത്തില്‍ കേരള-പുതുച്ചേരി പോലിസ് സേനകള്‍ സഹകരിച്ച് അന്വേഷണത്തിനു ധാരണ. ഇന്നലെ തലശ്ശേരി റസ്റ്റ് ഹൗസില്‍ പുതുച്ചേരി ഡിജിപി സുനില്‍കുമാര്‍ ഗൗതമും കേരള ഡിജിപി ലോക്‌നാഥ് ബെഹ്‌റയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇരുസംസ്ഥാനത്തെയും പോലിസ് സേനകള്‍ തമ്മില്‍ സഹകരിച്ച് അന്വേഷണത്തിനു ധാരണയായത്. അക്രമബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ഉന്നത പോലിസ് സംഘം തലശ്ശേരി റസ്റ്റ് ഹൗസിലാണ് ചര്‍ച്ച നടത്തിയത്.
കൊലപാതകം പ്രത്യേക സംഘം അന്വേഷിക്കുമെന്ന് പുതുച്ചേരി ഡിജിപി സുനില്‍ കുമാര്‍ ഗൗതം പറഞ്ഞു. സീനിയര്‍ പോലിസ് സൂപ്രണ്ട് അപൂര്‍വ ഗുപ്ത അന്വേഷണത്തിനു മേല്‍നോട്ടം വഹിക്കും.
അന്വേഷണം ഊര്‍ജിതമാക്കി യഥാര്‍ഥ പ്രതികളെ തന്നെ പിടികൂടുമെന്ന് കേരള ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. എന്നാല്‍, രാഷ്ട്രീയ കൊലപാതകങ്ങളെന്ന നിലയിലാണോ കേസ് അന്വേഷിക്കുന്നതെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന്, കൊലപാതകങ്ങള്‍ എന്ന നിലയ്ക്കാണ് അന്വേഷിക്കുകയെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.  രണ്ടു കേസുകളിലും പ്രതികളെ തിരിച്ചറിഞ്ഞതായാണു സൂചന.  ഷമേജ് വധക്കേസില്‍ അന്വേഷണത്തിനു സിസിടിവി ദൃശ്യങ്ങള്‍ ഏറെ നിര്‍ണായകമാവും. അതിനിടെ, ഹര്‍ത്താല്‍ദിനത്തില്‍ നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് സിപിഎം, ആര്‍എസ്എസ് പ്രവര്‍ത്തകരായ 500 പേര്‍ക്കെതിരേ പോലിസ് കേസെടുത്തു.
അതേസമയം, മാഹിയിലെ കൊലപാതകങ്ങളെക്കുറിച്ച് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം മുഖ്യമന്ത്രി പിണറായി വിജയനോട് വിശദീകരണം തേടി. സംഭവത്തിനുശേഷം സമാധാനം ഉറപ്പുവരുത്താന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്നും സര്‍ക്കാര്‍ വിശദീകരിക്കണം. സംസ്ഥാനത്ത് ക്രമസമാധാനത്തകര്‍ച്ച ഉണ്ടോയെന്ന് വ്യക്തമാക്കാനും മുഖ്യമന്ത്രിയുടെ ഓഫിസിനോട് അദ്ദേഹം ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it