kozhikode local

മാഹി- അഴിയൂര്‍ ബൈപാസ്:40 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം

കോഴിക്കോട്: നാല്‍പത് വര്‍ഷത്തെ കാത്തിരിപ്പിനൊടുവി ല്‍ മാഹി- അഴിയൂര്‍ ബൈപ്പാസിനായി സ്ഥലം വിട്ടു നല്‍കുന്നവര്‍ക്കുള്ള നഷ്ടപരിഹാര തുക ലഭ്യമാകുന്നു. വിതരണോദ്ഘാടനം ഇന്ന് മൂന്ന് മണിയ്ക്ക് വടകര കൊപ്ര ഭവനില്‍ സി കെ നാണു എംഎല്‍എ നിര്‍വഹിക്കും. ജില്ലാ കലക്ടര്‍ യു വി ജോസ് അധ്യക്ഷത വഹിക്കും.40 വര്‍ഷം മുമ്പാണ് ബൈപാസ് വികസനത്തിനായി കല്ലിട്ടത്. എന്നാല്‍ നടപടികളൊന്നും മുന്നോട്ട് പോയില്ല. ബൈപാസിന്റെ പരിധിയില്‍പ്പെട്ട ഭൂവുടമകള്‍ക്ക് ഇതുകാരണം ഒട്ടേറെ പ്രതിസന്ധികളുണ്ടായി. ഭൂമി വില്‍ക്കാനോ മറ്റ് നിര്‍മാണ പ്രവൃത്തികളോ നടത്താന്‍ സാധിച്ചില്ല. 2009ല്‍ ദേശീയപാതാ ലാന്റ് അക്വിസിഷന്‍ തഹസില്‍ദാര്‍ ഓഫിസ് വടകരയില്‍ തുടങ്ങി. 2011ല്‍ വിജ്ഞാപനമിറങ്ങിയെങ്കിലും എതിര്‍പ്പുകള്‍ കാരണം പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ മുടങ്ങി. 2016ലാണ് ഭൂമി സര്‍വേ നടപടികള്‍ സജീവമായത്. കഴിഞ്ഞ മാസങ്ങളില്‍ ഉദ്യോഗസ്ഥര്‍ ഊണും ഉറക്കവും ഉപേക്ഷിച്ച് ജോലി ചെയ്താണ് ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തീകരിച്ചത്. ജില്ലാ കലക്ടര്‍ യു വി ജോസിന്റെ മേല്‍നോട്ടത്തില്‍ എല്‍എഎന്‍എച്ച് സ്‌പെഷ്യല്‍ ഡെപ്യൂട്ടി കലക്ടര്‍ വി ആര്‍ മോഹനന്‍ പിള്ളയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ അവധി ദിവസങ്ങളിലും ജോലി നിര്‍വ്വഹിച്ചു. മാഹി - തലശ്ശേരി ബൈപ്പാസിന്റെ ഭാഗമായുള്ള 2.4 കിമി ദൂരത്തിലുള്ള 150 കൈവശക്കാര്‍ക്കാണ് നഷ്ടപരിഹാരം ലഭ്യമാകുക. 2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരമുള്ള നഷ്ടപരിഹാരമാണ് നിശ്ചയിച്ചത്. ചടങ്ങില്‍ സ്‌പെഷ്യല്‍ ഡെപ്യൂട്ടി കലക്ടര്‍ വി ആര്‍ മോഹനന്‍ പിള്ള, ലെയ്‌സണ്‍ ഓഫിസര്‍ പി അശോക് കുമാര്‍, വടകര തഹസില്‍ദാര്‍ പി കെ സതീഷ് കുമാര്‍, സ്‌പെഷ്യല്‍ സഹസില്‍ദാര്‍ വി എന്‍ ദിനേഷ് കുമാര്‍, സൂപ്രണ്ട് ടി കെ ആനന്ദ് കുമാര്‍ എന്നിവര്‍ പങ്കെടുക്കും.
Next Story

RELATED STORIES

Share it