kannur local

മാഹിയില്‍ റേഷന്‍ വിതരണം നിലച്ചു

മാഹി: ഫ്രഞ്ച് ഭരണകാലം മുതല്‍ റേഷന്‍ വിതരണരംഗത്ത് രാജ്യത്തിന് മാതൃകയായിരുന്ന കേന്ദ്രഭരണ പ്രദേശമായ മാഹിയില്‍ ഇപ്പോള്‍ സ്റ്റാറ്റിയൂട്ടറി റേഷനില്ല. സൗജന്യ അരി വിതരണവും നിലച്ചു. ന്യായവില ഷോപ്പുകള്‍ വഴിയുള്ള റേഷനരി വിതരണം പൂര്‍ണമായും നിലച്ചിട്ട് വര്‍ഷം മൂന്നായി. അതിനുശേഷം മുഴുവന്‍ കാര്‍ഡുടമകള്‍ക്കും 10 കിലോ അരിയും, 10  കിലോ ഗോതമ്പും സൗജന്യമായി വിതരണം ചെയ്തിരുന്നു. പിന്നീട് ഗോതമ്പ് ഒഴിവാക്കി 20 കിലോ അരിയാക്കി. സൗജന്യ അരി വിതരണത്തെ ലഫ്. ഗവര്‍ണര്‍ എതിര്‍ത്തതിനാല്‍ മാസങ്ങളോളം മുടങ്ങി.
പിന്നീട് സൗജന്യമായി 5 കിലോ അരിയും 5 കിലോ ഗോതമ്പും വിതരണം ചെയ്യാന്‍ തീരുമാനിച്ചു. ഇതുപ്രകാരം ഒരുമാസം വിതരണം ചെയ്തു. എന്നാല്‍ തുടര്‍ന്നിങ്ങോട്ട് വിതരണം നിലച്ചിട്ട് ആറുമാസമായി. വരുമാന പരിധിയില്ലാതെ എല്ലാവര്‍ക്കും സൗജന്യറേഷന്‍ എന്നത് നാരായണസ്വാമി സര്‍ക്കാരിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ പ്രധാനപ്പെട്ടതായിരുന്നു. എന്നാല്‍ അനര്‍ഹര്‍ക്ക് ഉള്‍പ്പെടെ സൗജന്യറേഷന്‍ നല്‍കുന്നതിനോട് ലഫ്. ഗവര്‍ണര്‍ ഡോ. കിരണ്‍ബേദി ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചു. ഇതുസംബന്ധിച്ച ഫയലില്‍ ഒപ്പുവയ്ക്കാതെ സര്‍ക്കാരിന് തിരിച്ചയക്കുകയും ചെയ്തു.
റേഷന്‍ വിതരണം നിലച്ചതോടെ വിതരണച്ചുമതലയുള്ള എംഇസിഎസ്, എംസിസിഎസ് എന്നീ സഹകരണ സ്ഥാപനങ്ങള്‍ കനത്ത നഷ്ടത്തില്‍ ലിക്വിഡേഷന്‍ ഭീഷണിയിലാണ്. പല ഡിപ്പോകളും അടച്ചുപൂട്ടുകയും ശമ്പളം ലഭിക്കാത്തതിനാല്‍ പല ജീവനക്കാരും മറ്റു തൊഴില്‍ മേഖലയിലേക്ക് ചേക്കേറുകയും ചെയ്തു. സാധാരണക്കാരുടെ ജീവിതം ദുരിതപൂര്‍ണമാക്കുന്ന സര്‍ക്കാര്‍ നടപടിക്കെതിരേ മുഖ്യധാര രാഷ്ട്രീയപ്പാര്‍ട്ടികള്‍ രംഗത്തുവന്നിട്ടില്ല. ഇതില്‍ ജനശബ്ദം മാഹി ഉള്‍പ്പെടെയുള്ള സന്നദ്ധ സംഘടനകള്‍ ശക്തമായ പ്രതിഷേധത്തിലാണ്.
Next Story

RELATED STORIES

Share it