kasaragod local

മാഹിന്‍ ഹാജി രാജിയില്‍ ഉറച്ചു തന്നെ; ആരോപണ വിധേയര്‍ക്ക് വീണ്ടും സ്ഥാനം നല്‍കിയത് വിവാദത്തില്‍

കാസര്‍കോട്: ജില്ലാ മുസ്‌ലിംലീഗ് വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജിവച്ച കല്ലട്ര മാഹിന്‍ ഹാജി നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു. സാധാരണ പ്രവര്‍ത്തകനായിരിക്കാനാണ് താല്‍പര്യമെന്ന് മാഹിന്‍ ഹാജി നേതൃത്വത്തെ അറിയിച്ചു.
പി കെ കുഞ്ഞാലിക്കുട്ടിയുടെ കേരള യാത്രയുടെ ഭാഗമായി കാഞ്ഞങ്ങാട്ട് നല്‍കിയ സ്വീകരണത്തിനിടയില്‍ ഇദ്ദേഹത്തിനെതിരെ കാഞ്ഞങ്ങാട് മണ്ഡലം ലീഗ് നേതാക്കള്‍ പ്രകോപന പരമായ മുദ്രാവാക്യം വിളിക്കുകയും വേദിയില്‍ കയറുന്നതിനെ തടയാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ഇതുസംബന്ധിച്ച് സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ വൈസ് പ്രസിഡന്റ് ടി ഇ അബ്ദുല്ല, സെക്രട്ടറി എ ജി സി ബഷീര്‍ എന്നിവരെ അന്വേഷണ കമ്മീഷനായി നിയമിച്ചിരുന്നു. ഇവര്‍ നല്‍കിയ റിപോര്‍ട്ടില്‍ നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് ഒരാഴ്ച മുമ്പാണ് മാഹിന്‍ ഹാജി ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് സ്ഥാനം രാജിവച്ചത്. ഇദ്ദേഹത്തെ അനുനയിപ്പിക്കാന്‍ പാര്‍ട്ടി നേതാക്കള്‍ ശ്രമിച്ചെങ്കിലും വിഫലമാകുകയായിരുന്നു.
തുടര്‍ന്ന് സംസ്ഥാന കമ്മിറ്റി കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് ബഷീര്‍ വെള്ളിക്കോത്തിനെ ശാസിക്കാനും ജനറല്‍ സെക്രട്ടറി എം പി ജാഫറിനെ തല്‍സ്ഥാനത്ത് നിന്ന് നീക്കാനും തീരുമാനിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി യോഗത്തില്‍ സെക്രട്ടറിയെ സ്ഥാനത്ത് നിന്നും നീക്കി ആ പദവി കൂടി ആരോപണ വിധേയനായ പ്രസിഡന്റ് ബഷീര്‍ വെള്ളിക്കോത്തിന് നല്‍കുകയായിരുന്നു.
ഇത് ലീഗില്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. പ്രസിഡന്റിന്റെ കൂടി രാജി അനിവാര്യമാണെന്നാണ് ഭൂരിഭാഗം പ്രവര്‍ത്തകരും ആവശ്യപ്പെട്ടിരുന്നത്. അടുത്ത് ചേരുന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ കാഞ്ഞങ്ങാട് മണ്ഡലത്തിലെ നിലവിലുള്ള സ്ഥിതിയെ കുറിച്ച് ചര്‍ച്ച നടത്തുമെന്ന് ഒരു ഉന്നത ലീഗ് നേതാവ് പറഞ്ഞു.
Next Story

RELATED STORIES

Share it