World

മാസിഡോണിയയുടെ പേരുമാറ്റത്തിന് ഗ്രീസുമായി ധാരണസ്‌

കോപ്‌ജെ: മാസിഡോണിയയുടെ പേരുമായി ബന്ധപ്പെട്ട് ഗ്രീസും മാസിഡോണിയയും തമ്മില്‍ 27 വര്‍ഷത്തോളമായി നിലനില്‍ക്കുന്ന തര്‍ക്കത്തിന് പരിഹാരമായി. മാസിഡോണിയയുടെ പേര് റിപബ്ലിക് ഓഫ് നോര്‍ത്ത് മാസിഡോണിയ എന്നാക്കുന്നതിനുള്ള ധാരണയില്‍ ഇരു രാജ്യങ്ങളും ഒപ്പുവച്ചു. മാസിഡോണിയയിലെ സറദീസ് ഗ്രാമത്തില്‍ വച്ചാണ് ഗ്രീക്ക് വിദേശകാര്യമന്ത്രി നികൂസ് കോസ്യാസും മാസിഡോണിയന്‍ വിദേശകാര്യമന്ത്രി നികോല ഡിമിത്രോവും തമ്മില്‍ ധാരണയില്‍ ഒപ്പിട്ടത്. ഇരു രാജ്യങ്ങളുടെയും പ്രധാനമന്ത്രിമാരായ അലക്‌സിസ് സിപ്രാസും സോറന്‍ സയേവും യുഎന്‍, യൂറോപ്യന്‍ യൂനിയന്‍ പ്രതിനിധികളുടെയും സാന്നിധ്യത്തിലായിരുന്നു ധാരണയില്‍ ഒപ്പിട്ടത്. ഇക്കാര്യത്തില്‍ സിപ്രാസ് മാസിഡോണിയക്ക് വഴങ്ങിക്കൊടുത്തതായി പ്രതിപക്ഷം ആരോപിച്ചു. ഇരു രാജ്യത്തും പ്രതിഷേധം നിലനില്‍ക്കുന്നതിനാല്‍ കനത്ത സുരക്ഷാ വലയത്തിലായിരുന്നു യോഗം. മസിഡോണിയക്കു നാറ്റോയിലും യൂറോപ്യന്‍ യൂനിയനിലും അംഗങ്ങളാവാന്‍ വഴിയൊരുക്കാനും ചര്‍ച്ചയില്‍ ധാരണയായി.  1991ലാണ് മാസിഡോണിയ യുഗോസ്ലാവിയയില്‍ നിന്നു സ്വാതന്ത്ര്യം പ്രാപിച്ചത്. അന്നുമുതല്‍ പേരുസംബന്ധിച്ചു ഗ്രീസുമായി തര്‍ക്കം നിലനിന്നിരുന്നു. ഗ്രീക്ക് ചരിത്ര നായകനായ  അലക്‌സാണ്ടര്‍ ചക്രവര്‍ത്തി സ്ഥാപിച്ച രാജ്യത്തിന്റെ  പേരും മാസിഡോണിയ എന്നായിരുന്നു. ഇതായിരുന്നു തര്‍ക്കത്തിനു കാരണം. ഒടുവില്‍ 1995ല്‍ നടത്തിയ ഇടക്കാല നയതന്ത്ര ചര്‍ച്ചയില്‍ മാസിഡോണിയക്ക് യുഗോസ്ലാവ് റിപബ്ലിക് ഓഫ് മാസിഡോണിയ എന്ന പേര് സ്വീകരിക്കാമെന്നു ധാരണയായിരുന്നു. എന്നാല്‍, ഇതില്‍ നിന്നു വ്യത്യസ്തമായ പേരുമാറ്റത്തിന് സര്‍ക്കാര്‍ തയ്യാറെടുക്കുന്നതാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്. മാസിഡോണിയയുടെ പരമാധികാരത്തെ അടിയറ വയ്ക്കുന്നതിനു തുല്യമാണ് ഇത്തരത്തിലൊരു പേരുമാറ്റമെന്നും ഇതു ദേശീയ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നുമാണ് പ്രതിപക്ഷത്തിന്റെ വാദം.
Next Story

RELATED STORIES

Share it