മാസങ്ങളായി വേതനമില്ല; എയ്ഡ്‌സ് നിയന്ത്രണ ജീവനക്കാര്‍ ദുരിതത്തില്‍

കാസര്‍കോട്: സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിക്കു കീഴിലുള്ള എയ്ഡ്‌സ് നിയന്ത്രണ കേന്ദ്രങ്ങളില്‍ കഴിഞ്ഞ രണ്ടര മാസമായി ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കുന്നില്ലെന്നു പരാതി. എആര്‍ടിസി(ഉഷസ്), ഐസിടിസി സെന്ററുകളിലാണ് ശമ്പളം മുടങ്ങിയത്.
എച്ച്‌ഐവി ബാധിതരുടെ ചികില്‍സാ കേന്ദ്രമായി സംസ്ഥാനത്ത് എട്ട് യൂനിറ്റുകളാണുള്ളത്. കാസര്‍കോട്, കോഴിക്കോട്, പാലക്കാട്, എറണാകുളം, തൃശൂര്‍, ആലപ്പുഴ, കോട്ടയം, തിരുവനന്തപുരം ജില്ലകളിലാണ് ഇവ പ്രവര്‍ത്തിക്കുന്നത്. ഒരു സെന്ററില്‍ ഒരു ഡോക്ടറും എട്ടു മുതല്‍ 12 വരെ ജീവനക്കാരും ജോലി ചെയ്യുന്നുണ്ട്. ഐസിടിസിയുടെ 200ഓളം സെന്ററുകളും കേരളത്തിലുണ്ട്.
ഒരു സെന്ററില്‍ ഒരു ടെക്‌നീഷ്യനും ഒരു കൗണ്‍സിലറുമാണ് ജോലി ചെയ്യുന്നത്. എച്ച്‌ഐവി രോഗ പരിശോധനാ കേന്ദ്രമാണ് ഇത്. ഫെസിലിറ്റി സെന്ററുകളായി കൊല്ലം, കണ്ണൂര്‍ എന്നിവിടങ്ങളില്‍ മൂന്നു വീതം ജീവനക്കാരും ഒരു ഡോക്ടറുമുണ്ട്.
ശമ്പളം മുടങ്ങിയതോടെ എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുമായി ബന്ധപ്പെട്ടെങ്കിലും വ്യക്തമായ മറുപടി ലഭിക്കുന്നില്ലെന്ന് ജീവനക്കാര്‍ പറഞ്ഞു. അതേസമയം കേന്ദ്ര ഫണ്ട് സംസ്ഥാനത്തിനു ലഭിച്ചിട്ടുണ്ടെന്നും അക്കൗണ്ട് മാറുന്നതിലുള്ള പ്രശ്‌നമാണ് ശമ്പളം മുടങ്ങാന്‍ കാരണമെന്നുമാണ് തിരുവനന്തപുരത്തെ എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി അധികൃതര്‍ പറയുന്നത്.
Next Story

RELATED STORIES

Share it