kozhikode local

മാവോവാദി സാന്നിധ്യം: കേരള-തമിഴ്‌നാട്-കര്‍ണാടക അതിര്‍ത്തി വനങ്ങളില്‍ പരിശോധന

ഗൂഡല്ലൂര്‍: മാവോവാദി ഭീഷണിയുടെ പശ്ചാത്തലത്തില്‍ നീലഗിരി ജില്ലയിലെ കേരള-തമിഴ്‌നാട്-കര്‍ണാടക അതിര്‍ത്തി വനങ്ങളില്‍ തമിഴ്‌നാട് ദൗത്യസേന പരിശോധന നടത്തി. എഡിജിപി സന്ദീപ് റായ് റാത്തോര്‍, നക്‌സല്‍ വിഭാഗം എഡിഎസ്പി മോഹന്‍ റാവു, തമിഴ്‌നാട് ദൗത്യസേന എഡിഎസ്പി ശക്തിവേലു, മസിനഗുഡി സിഐ മുരളീധരന്‍, എസ്‌ഐ വിജയന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
തോക്കേന്തിയ പോലിസുകാരാണ് പരിശോധന നടത്തിയത്. നൂറ് പേരാണ് സംഘത്തിലുണ്ടായിരുന്നത്. കേരള, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാന അതിര്‍ത്തി മേഖലയായ മുതുമല-മുത്തങ്ങ-ബന്ധിപ്പൂര്‍ അതിര്‍ത്തി വനങ്ങളിലാണ് പരിശോധന നടത്തിയത്. തമിഴ്‌നാട്-കര്‍ണാടക അതിര്‍ത്തി ചെക്‌പോസ്റ്റായ കക്കനഹള്ള ചെക്‌പോസ്റ്റിലും പരിശോധന നടത്തിയിട്ടുണ്ട്.
നീലഗിരി ജില്ലയില്‍ തമിഴ്‌നാട് ദൗത്യസേന ഇടക്കിടെ പരിശോധന നടത്തുന്നുണ്ട്. മഞ്ചൂര്‍ കിണ്ണകൊര. ദേവാല, പാട്ടവയല്‍ തുടങ്ങിയ മേഖലകളില്‍ തമിഴ്‌നാട് ദൗത്യസേനയുടെ ക്യാമ്പുകള്‍ പ്രവൃത്തിക്കുന്നുണ്ട്. ഇവര്‍ വനങ്ങളും, ആദിവാസി ഗ്രാമങ്ങളും കേന്ദ്രീകരിച്ച് നിരന്തരം പരിശോധന നടത്തുന്നുണ്ട്. മാവോയിസ്റ്റുകള്‍ ആദിവാസികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നത് തടയുന്നതിന് ആദിവാസി ഗ്രാമങ്ങളില്‍ പോലിസിന്റെ നേതൃത്വത്തില്‍ ഇടക്കിടെ അദാലത്തുകള്‍ സംഘടിപ്പിക്കുകയും അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയും ചെയ്യുന്നുണ്ട്.
കേരളത്തിലെ വയനാട്, മലപ്പുറം ജില്ലകള്‍ നീലഗിരിയുമായി അതിര്‍ത്തി പങ്കിടുന്നുണ്ട്. ഇവിടങ്ങളില്‍ മാവോയിസ്റ്റ് പ്രവര്‍ത്തനം ശക്തവുമാണ്. അത് കൊണ്ട് തന്നെയാണ് നീലഗിരി വനമേഖലയില്‍ നിരന്തരം പരിശോധന നടത്തുന്നത്.
ജില്ലയിലെ പാട്ടവയല്‍, നാടുകാണി, താളൂര്‍, നമ്പ്യാര്‍കുന്ന്, ചോലാടി, കക്കനഹള്ള തുടങ്ങിയ 16 അതിര്‍ത്തി ചെക്‌പോസ്റ്റുകളിലും വാഹനങ്ങള്‍ പരിശോധിക്കുന്നുണ്ട്. നീലഗിരി ജില്ലയില്‍ ഇതുവരെ മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ചിട്ടില്ല.

Next Story

RELATED STORIES

Share it