malappuram local

മാവോവാദി ഭീഷണി മലയോര മേഖലയില്‍ സൈന്യം പരിശോധന തുടങ്ങി

കാളികാവ്: പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ മാവോവാദികളുടെ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ പ്രദേശത്ത് സൈന്യം പരിശോധന തുടങ്ങി. കാളികാവ് പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ ഒമ്പത് പോളിങ് സ്‌റ്റേഷനുകളിലാണ് മാവോവാദി ഭീഷണി നിലനില്‍ക്കുന്നത്. ബൂത്തുകളിലെ പരിശോധനകള്‍ക്ക് പുറമെ വാഹന പരിശോധനയും സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെയുള്ള നടപടികളും ലോക്കല്‍ പോലിസിന്റെ സഹായത്തോടെ സൈന്യം തുടങ്ങിയിട്ടുണ്ട്.
മലയോര മേഖലയില്‍ മാവോവാദി സാനിധ്യം കാണപ്പെട്ട സാഹചര്യത്തില്‍ 177 സൈനികരാണ് എത്തിയിരിക്കുന്നത്. നിലമ്പൂര്‍ കെഎപി ബറ്റാലിയന്‍ ക്യാംപില്‍ 98 പേരും പൂക്കോട്ടുംപാടം ഗവ. സ്‌കൂളില്‍ 79 പേരുമുണ്ട്. നിലമ്പൂര്‍, എടക്കര, പോത്തുകല്ല്, വഴിക്കടവ് തുടങ്ങിയ മേഖലയിലേക്കുള്ള സൈനികരാണ് കെഎപി ക്യാംപിലുള്ളത്. പൂക്കോട്ടുംപാടം, കാളികാവ്, കരുവാരകുണ്ട് സ്റ്റേഷന്‍ പരിധിയില്‍ ഉള്ളവരാണ് പൂക്കോട്ടുംപാടം സ്‌കൂളില്‍ ക്യാംപ് ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ഉള്‍പ്പടെയുള്ള നടപടിക്രമങ്ങള്‍ മാവോവാദികള്‍ അക്രമിക്കാന്‍ സാധ്യതയുള്ളതിനാല്‍ തിരഞ്ഞെടുപ്പിന് പന്ത്രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ കേന്ദ്രസേന മലയോര മേഖലയില്‍ എത്തി. കാളികാവ് സ്‌റ്റേഷന്‍ പരിധിയിലെ പെടയന്താള്‍, ചോക്കാട്, കല്ലാമൂല, അടക്കാക്കുണ്ട്, പാറശ്ശേരി തുടങ്ങിയ സ്ഥലങ്ങളിലെ പോളിങ് സ്‌റ്റേഷനുകള്‍ക്ക് പുറമെ കാളികാവ് ബസ്സ്റ്റാന്റിലും സൈന്യം പരിശോധന നടത്തി. ഇതിനുപുറമെ നിലമ്പൂര്‍-പെരുമ്പിലാവ് സംസ്ഥാന പാതയില്‍ വാഹന പരിശോധനയും നടത്തി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പരിശോധനകള്‍ക്ക് പുറമെ റൂട്ട് മാര്‍ച്ചും നടത്തും.
Next Story

RELATED STORIES

Share it