malappuram local

മാവോവാദി ഭീഷണി: ചോക്കാട് കേന്ദ്രസേന റൂട്ട് മാര്‍ച്ച് നടത്തി

കാളികാവ്: തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി ചോക്കാട്ടങ്ങാടിയില്‍ സൈന്യം റൂട്ട് മാര്‍ച്ച് നടത്തി. മാവോവാദി ഭീഷണി നിലനില്‍ക്കുന്ന പ്രദേശമായതിനാലാണ് ചോക്കാട് മുതല്‍ പെടയന്താള്‍ വരേ റൂട്ട് മാര്‍ച്ച് നടത്തിയത്. കാളികാവ് സ്റ്റേഷന്‍ പരിധിയിലെ ഒമ്പത് ബൂത്തുകള്‍ മാവോവാദി ഭീഷണിയിലാണ്.
ജാര്‍ഖണ്ഡല്‍ നിന്നുള്ള സിആര്‍പിഎഫിലെ 79 പേരടങ്ങുന്ന മൂന്ന് പ്ലാറ്റൂണുകളാണ് പൂക്കോട്ടുംപാടത്ത് തമ്പടിച്ചിരിക്കുന്നത്. സിആര്‍പിഎഫ് ഇന്‍സ്‌പെക്ടര്‍ സജീന്ദര്‍ സിങ് നേതൃത്വം നല്‍കുന്ന 42 അംഗങ്ങളുള്ള പ്ലാറ്റൂണാണ് ചോക്കാട് റൂട്ട് മാര്‍ച്ച് നടത്തിയത്. വണ്ടൂര്‍ സിഐ ഷാജു കെ എബ്രഹാം, കാളികാവ് എസ്‌ഐഇ വി സുരേഷ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലിസും സംഘത്തോടൊപ്പമുണ്ടായിരുന്നു. ചോക്കാട് 40 സെന്റ് ഗിരിജന്‍ കോളനി മുതല്‍ പുഞ്ചക്കൊല്ലി കോളനിവരെയുള്ള എട്ട് കിലോമീറ്ററോളം വരുന്ന വനമേഖലയില്‍ മാവോവാദികള്‍ കേന്ദ്രീകരിച്ചതായി ഇന്റലിജന്‍സ് റിപോര്‍ട്ടുകള്‍ നിലനില്‍ക്കുന്നുണ്ട്.
തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി തന്നെ പ്രചാരണ ഘട്ടങ്ങള്‍ ഉള്‍പ്പടെയുള്ള പരിപാടികള്‍ മാവോവാദികള്‍ അക്രമിക്കാന്‍ സാധ്യതയുണ്ടെന്ന നിഗമനത്തിലാണ് സൈന്യത്തെ ഇറക്കിയിരിക്കുന്നത്. പൂക്കോട്ടുംപാടം പോലിസ്‌സ്റ്റേഷന് സമീപം ഒന്നിലധികം തവണ മാവോവാദികളെ കണ്ടെത്തിയിരുന്നു. ചക്കിക്കഴി ഫോറസ്റ്റ് സ്റ്റേഷന് സമീപം മാവോവാദികളുമായി വനപാലകര്‍ വെടിവയ്പ്പ് നടത്തിയ സംഭവങ്ങള്‍ ഉള്‍പ്പടെ നടന്നിരുന്നു. ഇതിന്റെ പശ്ചാതലത്തിലാണ് തിരഞ്ഞെടുപ്പിന് കൂടുതല്‍ സുരക്ഷ ഒരുക്കിയിരിക്കുന്നത്. മാവോവാദികളെ നേരിടുന്നതിന് പ്രത്യേക പരിശീലനം നേടിയ സിആര്‍പിഎഫ് സംഘമാണ് ചോക്കാട് റൂട്ട് മാര്‍ച്ച് നടത്തിയത്.
എകെ ഫോര്‍ട്ടി സെവന്‍ ഉള്‍പ്പടെയുള്ള അത്യാധുനിക ആയുധങ്ങളുമായിട്ടാണ് സൈന്യം റൂട്ട് മാര്‍ച്ച് നടത്തിയത്.
Next Story

RELATED STORIES

Share it