palakkad local

മാവോവാദി ബന്ധമെന്ന് ആരോപണം: കീഴടങ്ങിയ ആദിവാസി യുവാവിനെ പോലിസ് ചോദ്യം ചെയ്ത് വിട്ടയച്ചു

പാലക്കാട്: അട്ടപ്പാടിയില്‍ മാവോവാദികളുടെ പ്രധാനസൂത്രധാരനെന്ന് പോലിസ് ആരോപിച്ച ആദിവാസി യുവാവ് അയ്യപ്പന്‍ (35) കീഴടങ്ങിയതായും വിട്ടയച്ചതായും ജില്ലാ പോലിസ് സൂപ്രണ്ട് എന്‍ വിജയകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തിങ്കളാഴ്ച രാത്രി പത്തോടെ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിക്ക് സമീപം പുതൂര്‍ പഞ്ചായത്തിലെ പന്നിയൂര്‍പ്പടി നെഞ്ചന്റെ മകന്‍ അയ്യപ്പന്‍ പോലിസില്‍ കീഴടങ്ങുകയായിരുന്നുവെന്ന് ജില്ലാ പോലിസ് മേധാവി പറയുന്നു.
ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റകൃത്യങ്ങളിലൊന്നും പങ്കെടുത്തിട്ടില്ലെന്നും പ്രതിയല്ലാത്തതിനാല്‍ കേസെടുക്കാനാവില്ലെന്നും പോലിസ് അറിയിച്ചു. ഇതേ തുടര്‍ന്നാണ് വിട്ടയിച്ചത്.
കൃഷിപ്പണിക്കാരനായ അയ്യപ്പന്‍ മൂന്നുമാസത്തോളം മാവോവാദികളുടെ കൂടെയുണ്ടായിരുന്നെങ്കിലും പോലിസിനെ ഭയന്ന് കാട്ടില്‍ ഒറ്റക്ക് താമസിക്കുകയായിരുന്നു. ഭക്ഷണം പോലും കഴിക്കാതെ അവശനിലയിലായ അയ്യപ്പന്‍ കുടുംബാംഗങ്ങളുടെ സഹായത്തോടെയാണ് പോലിസിന് മുമ്പില്‍ കീഴടങ്ങിയത്. പിന്നീട് പാലക്കാട് എസ്.പി ഓഫി സിലെത്തിച്ചാണ് അയപ്പനെ ചോദ്യം ചെയ്തതെന്നും അദ്ദേ ഹം പറഞ്ഞു.
കഴിഞ്ഞമാസം കുടുകമണ്ണ ഊരിന് സമീപം നടന്ന ഏറ്റുമുട്ടലില്‍ ഒന്നാംപ്രതി വയനാട് സോമനും രണ്ടാം പ്രതി അയ്യപ്പനാണെന്നും അഞ്ചുപേരാണ് സംഘത്തിലുണ്ടായിരുന്നതെന്നും പോലിസ് പറഞ്ഞിരുന്നു. ഇരുപത് മീറ്റര്‍ ദൂരത്തിനടുത്ത് നിന്ന് അയ്യപ്പനെ കണ്ടതായി പോലിസ് സംഘത്തിലുണ്ടായിരുന്ന സിഐ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, ഈ ഏറ്റുമുട്ടലുമായി അയ്യപ്പന് ബന്ധമില്ലെന്ന് ചോദ്യംചെയ്തതില്‍ നിന്ന് വ്യക്തമായതായി എസ്പി പറഞ്ഞു. ഇന്നലെ വൈകീട്ടാണ് അയ്യപ്പനെ വിട്ടയച്ചതെന്നും ജീവന് ഭീഷണിയുള്ളതിനാല്‍ പോലിസ് സംരക്ഷണം നല്‍കുമെന്നും എസ്പി പറഞ്ഞു.
അതേസമയം, ഇരുപത് പേര്‍ അടങ്ങുന്ന സംഘമാണ് അട്ടപ്പാടിയില്‍ മാവോവാദ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതെന്നും ഇവരുടെ കൈയില്‍ എ കെ 47 ഉള്‍പ്പെടെയുള്ള തോക്കുകളും പിസ്റ്റളുമുള്ളതായി അയ്യപ്പന്‍ മൊഴി നല്‍കിയതായും എസ്പി പറഞ്ഞു. ആറുവീതം സംഘമായാണ് അട്ടപ്പാടിയിലെ വിവിധ ഊരുകള്‍ കേന്ദ്രീകരിച്ച് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. സംഘത്തിലുണ്ടായിരുന്ന മറ്റുഅഞ്ചുപേരില്‍ മൂന്നുസ്ത്രീകളും രണ്ടുപുരുഷന്മമാരുമാണ്. ഇവര്‍ കര്‍ണാടക, തമിഴ്‌നാട് സ്വദേശികളാണ്. മാവോവാദികളില്‍ പ്രധാനികളായ വിജയ് ഗൗഡ, വയനാട് സോമന്‍ എന്നിവര്‍ ഇപ്പോഴും അട്ടപ്പാടി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അയ്യപ്പനെ ചോദ്യം ചെയ്തതില്‍ നിന്നും വ്യക്തമായതായും എസ്പി പറഞ്ഞു.
Next Story

RELATED STORIES

Share it