മാവോവാദി ബന്ധം: പ്രതിക്ക് ഉപാധികളോടെ ജാമ്യം

കൊച്ചി: മാവോവാദി ബന്ധം ആരോപിച്ച് മാനന്തവാടി വെള്ളമുണ്ട പോലിസ് കസ്റ്റഡിയിലെടുത്ത തിക്കോടി സ്വദേശി രജീഷിന് ജാമ്യം നിഷേധിച്ച കീഴ്‌ക്കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് രജീഷ് സമര്‍പ്പിച്ച ഹരജിയില്‍ ജസ്റ്റിസ് കെ ടി ശങ്കരന്‍, ജസ്റ്റിസ് രാജ വിജയരാഘവന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഉപാധികളോടെ ജാമ്യം അനുവദിച്ചു.
പയ്യോളിയില്‍ മാവോവാദികള്‍ക്ക് ഭക്ഷണം എത്തിച്ചു നല്‍കിയെന്ന കേസിലാണ് രജീഷ് അറസ്റ്റിലായത്. മാനന്തവാടി ട്രാഫിക് സ്റ്റേഷനിലെ പോലിസ് കോണ്‍സ്റ്റബിള്‍ പ്രമോദിനെ മാവോവാദി നേതാവ് രൂപേഷും സംഘവും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും ലഘുലേഖകള്‍ വിതരണം ചെയ്യുകയും ചെയ്തുവെന്ന കേസിലും രജീഷിനെ പ്രതിചേര്‍ത്തിരുന്നു. കേസില്‍ അന്വേഷണ റിപോര്‍ട്ട് സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് കല്‍പ്പറ്റ സെഷന്‍സ് കോടതിയില്‍ രജീഷ് ജാമ്യാപേക്ഷ നല്‍കിയെങ്കിലും കോടതി തള്ളി.
എന്നാല്‍, അന്വേഷണം പൂര്‍ത്തിയാക്കി റിപോര്‍ട്ട് സമര്‍പ്പിക്കുകയോ റിമാന്‍ഡ് നീട്ടുന്നതിന് പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ ആവശ്യമുന്നയിക്കുകയോ ചെയ്യാത്ത സാഹചര്യത്തില്‍ കീഴ്‌ക്കോടതി ജാമ്യം നിഷേധിച്ചത് നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചത്.
കേസിന്റെ ക്രിമിനല്‍ സ്വഭാവവും ഗൗരവവും പരിഗണിച്ച് ജാമ്യം അനുവദിക്കരുതെന്ന് ഡിജിപി ആവശ്യപ്പെട്ടു. റിമാന്‍ഡ് നീട്ടുന്നതിനായി കീഴ്‌ക്കോടതി ഉത്തരവിനു മുമ്പേ അന്വേഷണ ഉദ്യോഗസ്ഥന്‍ ഒപ്പിട്ട അപേക്ഷയുണ്ടെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ ആവശ്യമുന്നയിക്കേണ്ടതില്ലെന്നും എഡിജിപി അറിയിച്ചു.
എന്നാല്‍, ഹിതേന്ദ്ര വിഷ്ണു ഠാക്കൂര്‍ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപോര്‍ട്ട് സമര്‍പ്പിക്കുകയോ റിമാന്‍ഡ് നീട്ടാന്‍ ആവശ്യപ്പെടുകയോ ചെയ്യാത്ത സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്നാണു സുപ്രിംകോടതി ഉത്തരവുള്ളതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്ന് കീഴ്‌ക്കോടതി ഉത്തരവ് റദ്ദാക്കിയ ഡിവിഷന്‍ ബെഞ്ച് ഉപാധികളോടെ ജാമ്യം അനുവദിച്ചു. 25,000 രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആള്‍ ജാമ്യവും പാസ്‌പോര്‍ട്ടും ഏല്‍പിക്കണം, കേരളം വിട്ട് പോവരുത്, ഇടവിട്ടുള്ള തിങ്കളാഴ്ചകളില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാവണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം.
Next Story

RELATED STORIES

Share it