മാവോവാദി ബന്ധം: കുറ്റപത്രം സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം

പൂനെ: മാവോവാദിബന്ധം ആരോപിച്ച് ജൂണില്‍ അറസ്റ്റിലായ അഞ്ചു സാമൂഹിക പ്രവര്‍ത്തകര്‍ക്കെതിരായ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് പ്രത്യേക കോടതി പൂനെ പോലിസിന് കൂടുതല്‍ സമയം അനുവദിച്ചു. കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടായ സാഹചര്യത്തില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് നിശ്ചയിച്ച 90 ദിവസത്തെ കാലാവധി നീട്ടണമെന്ന് പോലിസ് കോടതിയോട് അഭ്യര്‍ഥിച്ചിരുന്നു. പ്രത്യേക യുഎപിഎ കോടതി ജഡ്ജി കെ ഡി വദാനെയാണ് കൂടുതല്‍ സമയം അനുവദിച്ചത്.കുറ്റപത്രം സമര്‍പ്പിക്കുന്നതിനുള്ള കാലാവധി നീട്ടണമെന്ന് അഭ്യര്‍ഥിച്ച് പൂനെ പോലിസ് കോടതിയെ സമീപിച്ചത് ശനിയാഴ്ചയായിരുന്നു. സുധീര്‍ ധവാലെ, റോണ വില്‍സന്‍, സുരേന്ദ്ര ഗാഡ്‌ലിങ്, ഷോമ സെന്‍, മഹേഷ് റാവത്ത് എന്നിവരെയാണ് ജൂണില്‍ പോലിസ് അറസ്റ്റ് ചെയ്തിരുന്നത്. കഴിഞ്ഞവര്‍ഷം ഡിസംബര്‍ 31ന് പൂനെയില്‍ സംഘടിപ്പിച്ച എല്‍ഗാര്‍ പരിഷത്ത് സമ്മേളനത്തിനു മാവോവാദിബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. സമ്മേളനത്തിലെ പ്രകോപനപരമായ പ്രസംഗങ്ങളാണ് ഭീമ കൊരേഗാവ് കലാപത്തിലേക്ക് നയിച്ചതെന്നാണ് പോലിസ് വാദം.പ്രതികളുടെ 90 ദിവസത്തെ പോലിസ് കസ്റ്റഡി ഇന്ന് അവസാനിക്കാനിരിക്കെയാണ് പുതിയ അറസ്റ്റ് നടന്നത്. ആഗസ്ത് 28ന് അഞ്ചുപേരെ കൂടിയാണ് പൂനെ പോലിസ് അറസ്റ്റ് ചെയ്തത്. അതേസമയം, ജൂണില്‍ അറസ്റ്റിലായവരെ സുരക്ഷ കണക്കിലെടുത്ത് യെര്‍വാദ സെന്‍ട്രല്‍ ജയിലില്‍ നിന്ന് മറ്റൊരു ജയിലിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് അധികൃതര്‍ കോടതിയില്‍ ഹരജി നല്‍കിയിരുന്നു. ഈ ഹരജിയില്‍ വ്യാഴാഴ്ച കോടതി വിധി പറയും.

Next Story

RELATED STORIES

Share it