മാവോവാദി ബന്ധം; അറസ്റ്റിലായ സാമൂഹിക പ്രവര്‍ത്തകര്‍ക്കെതിരേ തെളിവുണ്ടെന്ന് മഹാരാഷ്ട്ര പോലിസ്

മുംബൈ: ജൂണ്‍ മാസത്തിലും ഈ ആഴ്ചയിലും അറസ്റ്റിലായ സാമൂഹികപ്രവര്‍ത്തകര്‍ക്ക് മാവോവാദികളുമായി ബന്ധമുണ്ടെന്നതിന് നിര്‍ണായകമായ തെളിവു ലഭിച്ചിട്ടുണ്ടെന്ന് മഹാരാഷ്ട്ര പോലിസ്. അറസ്റ്റിലായവരില്‍ ഒരാളായ റോണ വില്‍സനും ഒരു മാവോവാദി നേതാവും തമ്മില്‍ കൈമാറിയ ഇ-മെയില്‍ സന്ദേശത്തില്‍ രാജീവ് ഗാന്ധി മാതൃകയിലുള്ള സംഭവം കൊണ്ട് മോദിഭരണം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് പറയുന്നുണ്ടെന്ന് അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ (ക്രമസമാധാനം) പരംബീര്‍ സിങ് വാര്‍ത്താലേഖകരെ അറിയിച്ചു. ഭീമ കൊരേഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ജൂണിലാണ് ഡല്‍ഹിയില്‍ വില്‍സനെ അറസ്റ്റ് ചെയ്തത്.
ഒളിവിലും തെളിവിലും പ്രവര്‍ത്തിക്കുന്ന മാവോവാദികള്‍ തമ്മില്‍ കൈമാറിയ ആയിരക്കണക്കിന് കത്തുകള്‍ പോലിസ് പിടിച്ചെടുത്തിട്ടുണ്ടെന്നും സിങ് പറഞ്ഞു. 28ന് നിരവധി സംസ്ഥാനങ്ങളില്‍ റെയ്ഡ് നടത്തിയ പൂനെ പോലിസ് അഞ്ച് സാമൂഹികപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു. വരവരറാവു, വെര്‍നോണ്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെരീറ, സുധ ഭരദ്വാജ്, ഗൗതം നവ്‌ലാഖ എന്നിവരാണ് അറസ്റ്റിലായത്.
റോണ, മാവോവാദി നേതാവ് കോമ്രേഡ് പ്രകാശിന് എഴുതിയ കത്തില്‍ തോക്കുകളുടെയും ഗ്രനേഡ് ലോഞ്ചറുകളുടെയും വിതരണത്തിന് എട്ടു കോടി രൂപ ആവശ്യമാണെന്ന് പറയുന്നുണ്ടെന്ന് സിങ് പറഞ്ഞു. കോമ്രേഡ് കിഷനും മറ്റു ചിലരുമാണ് മോദിഭരണം അവസാനിപ്പിക്കാന്‍ രാജീവ് ഗാന്ധി മാതൃകയിലുള്ള കൊലപാതകം നിര്‍ദേശിച്ചത്. ഇത്തരം തെളിവിന്റെ അടിസ്ഥാനത്തിലാണ് ഡല്‍ഹി സര്‍വകലാശാലാ പ്രഫസര്‍ ജി എന്‍ സായിബാബയെ 2014ല്‍ അറസ്റ്റ് ചെയ്തതെന്നും സിങ് പറഞ്ഞു.



Next Story

RELATED STORIES

Share it