മാവോവാദി നേതാവെന്നു സംശയം; ജാര്‍ഖണ്ഡ് സ്വദേശി പിടിയില്‍

നെടുമ്പാശ്ശേരി: മാവോവാദി നേതാവ് എന്നു സംശയിക്കുന്ന അന്യസംസ്ഥാന തൊഴിലാളിയെ അങ്കമാലി പോലിസ് അറസ്റ്റ് ചെയ്തു. ജാര്‍ഖണ്ഡ് ലേത്ഹര്‍ ജില്ലക്കാരനായ ജിതേന്ദ്രര്‍ ഒറോണി(40)നെയാണ് റൂറല്‍ എസ്.പി. യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ ചമ്പന്നൂരില്‍നിന്ന് അറസ്റ്റ് ചെയ്തത്. സി.പി.ഐ. മാവോയിസ്റ്റിന്റെ സായുധ വിഭാഗമായ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ ഏരിയാ കമാന്‍ഡറാണ് ഇയാളെന്ന്് പോലിസ് പറഞ്ഞു. യു.എ.പി.എ. കേസില്‍ വാറന്റുള്ള ഇയാള്‍ മൂന്നു വര്‍ഷമായി അങ്കമാലിക്കു സമീപമുള്ള ചമ്പന്നൂരില്‍ ജോലി ചെയ്തു കുടുംബസമേതം ഒളിവില്‍ താമസിക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.


ഇയാള്‍ക്കെതിരേ ജാര്‍ഖണ്ഡിലെ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. ജാര്‍ഖണ്ഡ് വിട്ട്  മൂന്നു വര്‍ഷമായി ചമ്പന്നൂരില്‍ താമസിക്കുന്ന ജിതേന്ദ്രര്‍  ഈ അടുത്ത ദിവസങ്ങളില്‍ നാട്ടിലേക്ക് വിളിച്ച് വിശേഷങ്ങള്‍ അറിയാന്‍ ശ്രമിച്ചതാണ് അറസ്റ്റിനു വഴിയൊരുങ്ങിയത്. ജിതേന്ദ്രറിന്റേതെന്നു കരുതിയിരുന്ന മൊബൈല്‍ നമ്പറുകള്‍ കേന്ദ്രീകരിച്ച്  ഇന്റലിജന്‍സ് ബ്യൂറോ നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് അങ്കമാലിയില്‍നിന്ന് ഇയാളെ പിടികൂടിയത്. അങ്കമാലി ചമ്പന്നൂരില്‍ പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് വയര്‍ നിര്‍മാണ കമ്പനിയിലാണ് ഇയാള്‍ ജോലി ചെ യ്തിരുന്നത്.


കേരളത്തില്‍ താമസിച്ച് ജാര്‍ഖണ്ഡിലെ മാവോവാദി നേതാവ് ബഡാ വികാസുമായി നിരന്തരം ബന്ധപ്പെട്ട് മാവോവാദി പാര്‍ട്ടിയുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുകയായിരുന്നുവെന്നും അങ്കമാലി മാര്‍ക്കറ്റില്‍ ബംഗാളികള്‍ നടത്തുന്ന മൊബൈല്‍ കടയില്‍നിന്നും  നിരവധി സിംകാര്‍ഡുകള്‍ എടുത്ത് ജാര്‍ഖണ്ഡിലെ മാവോവാദി പ്രവര്‍ത്തകര്‍ക്ക് ഇയാള്‍ നല്‍കിയിരുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും പോലിസ് പറഞ്ഞു. അറസ്റ്റിലായ ജിതേന്ദ്രറിനെ ഐ.ബി. ഉദ്യോഗസ്ഥരും കേരള പോലിസിലെ തീവ്രവാദ വിരുദ്ധ സെല്ലിലെ ഉദ്യോഗസ്ഥരും ചോദ്യംചെയ്തശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Next Story

RELATED STORIES

Share it