മാവോവാദി ആക്രമണത്തില്‍ ഏഴു പോലിസുകാര്‍ കൊല്ലപ്പെട്ടു

റായ്പൂര്‍: ഛത്തീസ്ഗഡിലെ ദന്തെവാദയില്‍ നടന്ന മാവോവാദി ആക്രമണത്തില്‍ ഏഴു പോലിസുകാര്‍ കൊല്ലപ്പെട്ടു. ദന്തെവാദയിലെ ചോല്‍നാര്‍ ഗ്രാമത്തില്‍ പോലിസ് വാഹനം മാവോവാദികള്‍ നാടന്‍ ബോംബ് ഉപയോഗിച്ച് തകര്‍ക്കുകയായിരുന്നു. ഛത്തീസ്ഗഡ് സായുധ പോലിസ് വിഭാഗത്തിലെ അഞ്ചുപേരും ജില്ലാ പോലിസ് സേനയിലെ രണ്ടുപേരുമാണ് കൊല്ലപ്പെട്ടത്. അഞ്ചുപേര്‍ സംഭവസ്ഥലത്തും രണ്ടുപേര്‍ ആശുപത്രിയിലുമാണ് മരിച്ചതെന്ന് ദന്തെവാദ ഡിഐജി പി സുന്ദര്‍രാജ് പറഞ്ഞു.
ഏഴ് സുരക്ഷാ പോലിസുകാരുമായി നീങ്ങിയ എസ്‌യുവിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. കിരാന്‍ഡുലില്‍ നിന്ന് ചോല്‍നാറിലേക്കുള്ള യാത്രയ്ക്കിടെ ഉച്ചയ്ക്ക് 12 മണിയോടെയാണ് മാവോവാദികള്‍ കുഴിബോംബ് സ്‌ഫോടനം നടത്തിയത്. സ്‌ഫോടനത്തിനുശേഷം മാവോവാദികള്‍ പോലിസുകാരുടെ ആയുധങ്ങള്‍ കവര്‍ന്നതായി റിപോര്‍ട്ടുണ്ട്.
പരിക്കേറ്റ രണ്ടുപേരെ കിരാന്‍ഡുലിലെ മിനറല്‍ ഡവലപ്‌മെന്റ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്. തുടര്‍ന്ന് ഒരാള്‍ അവിടെ ചികില്‍സയിലിരിക്കെയും ഒരാള്‍ വിമാനമാര്‍ഗം റായ്പൂരിലേക്ക് കൊണ്ടുപോവുന്നതിനിടെയും മരണപ്പെട്ടു. കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് സംസ്ഥാനം സന്ദര്‍ശിക്കാനിരിക്കെയാണ് ആക്രമണമുണ്ടാവുന്നത്.
സംസ്ഥാനത്തെ ഈ മേഖലയില്‍ ആദ്യമായല്ല സുരക്ഷാസേന ആമക്രമണത്തിന് ഇരയാവുന്നത്. മെയ് മാസം ഗരിയാബന്ദില്‍ നടന്ന ആക്രമണത്തില്‍ രണ്ടു ജവാന്മാര്‍ കൊല്ലപ്പെട്ടിരുന്നു. ദന്തെവാദയില്‍ തന്നെ ഏപ്രിലില്‍ നടന്ന മാവോവാദി ആക്രമണത്തില്‍ പരിക്കേറ്റ ജവാന്‍ ആശുപത്രിയില്‍ മരിച്ചിരുന്നു. മാര്‍ച്ച് 11ന് സുഖ്മയില്‍ നടന്ന ആക്രമണത്തില്‍ 9 ജവാന്മാരാണ് കൊല്ലപ്പെട്ടത്.
Next Story

RELATED STORIES

Share it