kozhikode local

മാവോവാദികള്‍ക്കെതിരേ ഒളിപ്പോരുമായി 'ചാട്ടുളി''

കോഴിക്കോട്: മാവോവാദികള്‍ക്കെതരേ കടുത്ത പ്രചരണവുമായി''ചാട്ടുളി. ജനാധിപത്യ സംരക്ഷണ മുന്നേറ്റം എന്ന പ്രസ്ഥാനത്തിന്റെ മുഖപത്രമെന്ന പേരില്‍ പ്രസിദ്ധീകരിക്കുന്ന ചാട്ടുളി മാധ്യമങ്ങളെയും ജുഡീഷ്യറിയേയും മതസംഘടനകളെയും കുറ്റപ്പെടുത്തുന്നു. കേരളത്തിന്റെ വിവിധ പ്രദേശങ്ങളിലുള്ള മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകര്‍ക്കുമെല്ലാം തപാല്‍ വഴിയാണ് നാലു പേജു മാത്രമുള്ള മുഖപത്രം ലഭിക്കുന്നത്. ഓരാരുത്തരുടെയും വസതിയുടെ സമീപമുള്ള പോസ്റ്റ് ഓഫിസുകളില്‍ നിന്നാണ് ഇത് പോസ്റ്റ് ചെയ്തിരിക്കുന്നതും. ഇടത് വലത് ആദര്‍ശങ്ങളും തോക്കിന്‍കുഴല്‍ വിപ്ലവവും എന്ന പേരിലുള്ള ലേഖനമാണ് ആഗസ്റ്റ് ലക്കത്തിലുള്ളത്.
മാര്‍ക്‌സിസവുമായി ബന്ധപ്പെട്ട് മാതൃഭൂമി വാരികയില്‍ നടന്നുവന്ന ചര്‍ച്ചയ്‌ക്കെതിരേ ഈ ലേഖനം നിലപാടെടുക്കുന്നു. സ്വാതന്ത്ര്യ സമരചരിത്രത്തില്‍ ഇടംപിടിച്ച പ്രസിദ്ധീകരണം ചവറ് സിദ്ധാന്തങ്ങളും വാദങ്ങളും പ്രതിവാദങ്ങളും ഇറക്കി സര്‍ക്കുലേഷന്‍ വര്‍ധിപ്പിക്കുകയാണെന്നാണ് ആരോപണം. സായുധ വിപ്ലവം നടത്തുന്നവര്‍ സുഖലോലുപരായി ജീവിക്കുന്നവരാണ്. ജനാധിപത്യത്തിനെതിരേ യുദ്ധം ചെയ്യുകയാണെങ്കിലും പിടിക്കപ്പെട്ടാല്‍ ഉടന്‍ ഭരണഘടനാപരമായ അവകാശങ്ങള്‍ ചോദിക്കുന്നു. പാവപ്പെട്ട ജനതയെ പോലിസിനും പട്ടാളത്തിനും മുന്നിലേക്ക് വലിച്ചെറിയുകയാണ് ഇവര്‍ ചെയ്യുന്നത്. മാവോവാദിയാവുന്നത് കുറ്റകരമല്ലെന്ന ശ്യാം ബാലകൃഷ്ണന്റെ കേസിലെ ഹൈക്കോടതി നിരീക്ഷണത്തെയും ലേഖനം ചോദ്യം ചെയ്യുന്നു. വിരമിച്ച ജഡ്ജിയുടെ മകനു വേണ്ടി പുറപ്പെടുവിച്ച വിധിയാണ് ഇതെന്നാണ് ആരോപണം.
പ്ലാച്ചിമട, ചെങ്ങറ ഭൂസമരം എന്നിവ പോലത്തെ സമരങ്ങളാണ് ചെയ്യേണ്ടതെന്നും ലേഖനം ഉപദേശിക്കുന്നുണ്ട്. മതസംഘടനകളുമായി മാവോവാദികള്‍ സഹകരിക്കുന്നു എന്നും ലേഖനം ആരോപിക്കുന്നു. 2004ല്‍ സിപിഐ(എംഎല്‍)പീപ്പിള്‍സ് വാറും മാവോയിസ്റ്റ് കമ്മ്യൂണിസ്റ്റ് സെന്ററും (എംസിസിഐ) ലയിച്ച് സിപിഐ(മാവോയിസ്റ്റ്) രൂപീകരിച്ചപ്പോള്‍ ചില എംസിസിഐക്കാര്‍ മാറി നിന്നിരുന്നു. ഇവര്‍ പിഎല്‍എഫ്‌ഐ എന്ന പേരില്‍ ഒരു സംഘടന രൂപീകരിച്ചു. ഇക്കൂട്ടത്തില്‍ പെട്ട ചിലര്‍ കേരളത്തില്‍ കമ്മ്യൂണിസ്റ്റ് എന്ന പേരില്‍ ഒരു പുസ്തകം ഇറക്കി. മാവോവാദികള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഇതില്‍ നടത്തിയിരുന്നത്. ചാട്ടുളിക്കു പിന്നില്‍ ഈ ഗ്രൂപ്പാണെന്നും ആരോപണമുണ്ട്.
Next Story

RELATED STORIES

Share it