മാവോവാദികളെ നേരിടാന്‍ പ്രത്യേക ബറ്റാലിയന്‍

ന്യൂഡല്‍ഹി: മാവോവാദി പ്രവര്‍ത്തനങ്ങളെ നേരിടാന്‍ സിആര്‍പിഎഫിന്റെ കീഴില്‍ പ്രത്യേക ബറ്റാലിയന്‍ രൂപീകരിച്ചു. ബസ്തരി വാരിയേഴ്‌സ്’എന്ന പേരിലുള്ള സേന സുപ്രിംകോടതി നിരോധിച്ച സായുധ വിഭാഗമായ സാല്‍വാ ജുദൂമിന്റെ പുതിയ രൂപമാണെന്നു വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. ഈ മാസം 21നാണ് സേനയുടെ ആദ്യ പാസിങ് ഔട്ട് പരേഡ് നടന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ്, മുഖ്യമന്ത്രി രമണ്‍സിങ് എന്നിവരുടെ സാന്നിധ്യത്തില്‍ ഛത്തീസ്ഗഡിലെ അംബികാപൂരിലായിരുന്നു പാസിങ് ഔട്ട് പരേഡ്.
മാവോവാദി സ്വാധീന മേഖലയായ ബസ്തറില്‍ നിന്നു റിക്രൂട്ട് ചെയ്ത 549 പേരാണ് ബറ്റാലിയനിലുള്ളത്. ശാരീരികക്ഷമതയുടെ കാര്യത്തിലും മറ്റും ഒട്ടേറെ ഇളവുകള്‍ നല്‍കിയായിരുന്നു റിക്രൂട്ട്‌മെന്റ്. 44 ആഴ്ചത്തെ പരിശീലനം പൂര്‍ത്തിയാക്കിയ പുതിയ ബറ്റാലിയനെ വൈകാതെ വിന്യസിക്കും. പ്രാദേശിക സാഹചര്യങ്ങളും ഭാഷയും അറിയാവുന്നവരുടെ ഈ ബറ്റാലിയന്‍ മാവോവാദി വേട്ടയ്ക്ക് സഹായകരമാവുമെന്നു സിആര്‍പിഎഫ് പറയുന്നു. 2005ല്‍ രൂപീകരിച്ച സാല്‍വാ ജുദൂമിന്റെ പുതിയ രൂപമാണ് ബസ്തരി വാരിയേഴ്‌സ് എന്നാണ് വിമര്‍ശനമുയരുന്നത്. ബസ്തറിലെ മാവോവാദി ആക്രമണങ്ങള്‍ക്കെതിരേ ആദിവാസികള്‍ക്കിടയില്‍ നിന്നുതന്നെ ഉണ്ടായ സ്വയംപ്രതിരോധ സായുധസംഘമാണെന്നായിരുന്നു സാല്‍വാ ജുദൂമിനെ കുറിച്ച് അതു രൂപീകരിക്കുമ്പോള്‍ വിശദീകരിച്ചിരുന്നത്. എന്നാല്‍, പിന്നീട് സാല്‍വാ ജുദൂമിന് സര്‍ക്കാര്‍ ആയുധവും മറ്റു സഹായങ്ങളും ലഭ്യമാക്കിയതായി റിപോര്‍ട്ടുകള്‍ പുറത്തുവന്നു. പഴയ മാവോവാദികളുള്‍പ്പെടെയുള്ളവര്‍ സാല്‍വാ ജുദൂമില്‍ അംഗങ്ങളായി. കൊലപാതകങ്ങളും ബലാല്‍സംഗങ്ങളുമടക്കമുള്ള ആക്രമണങ്ങളില്‍ സംഘടന പങ്കാളികളാവുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് സാല്‍വാ ജുദൂം 2011ലാണ് സുപ്രിംകോടതി നിരോധിച്ചത്.
ബിജാപൂര്‍, ദന്തേവാദ, നാരായണ്‍പൂര്‍, സുക്മ ജില്ലകളില്‍ നിന്നുള്ളവരെയാണ് ബസ്തരി വാരിയേഴ്‌സില്‍ റിക്രൂട്ട് ചെയ്തത്. ഛത്തീസ്ഗഡ് പോലിസിനു കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന ജില്ലാ റിസര്‍വ് സംഘങ്ങളും സാല്‍വാ ജുദൂമിന് സമാനമാണെന്നു മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറഞ്ഞു. മുന്‍ മാവോവാദി പ്രവര്‍ത്തകരേയാണ് സംഘത്തിലേക്ക് റിക്രൂട്ട് ചെയ്തിരുന്നത്.
Next Story

RELATED STORIES

Share it