malappuram local

മാവോവാദികളെ തേടിയ സേന കണ്ടത് മാനവ വാദിയായ ബാപ്പു ഹാജിയെ

കാളികാവ്: ഇങ്ങനെയുമുണ്ടൊ മനുഷ്യര്‍. കേന്ദ്രസേനാംഗങ്ങള്‍ക്ക് അല്‍ഭുതം. കിഴക്കന്‍ മേഖലയില്‍ മാവോവാദികളെ തുരത്താനെത്തിയതായിരുന്നു കേന്ദ്രസേനാംഗങ്ങള്‍. കണ്ടതും കേട്ടതും ശരിയാണൊ സൈനികര്‍ക്ക് സംശയം. അവര്‍ക്കു ബാപ്പു ഹാജിയെ നേരിട്ടു കാണണം. സൈനികനിഘണ്ടുവിലും പാഠങ്ങളിലും കാണാത്തതാണവര്‍ കണ്ടത്.
നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി മാവോവാദി വേട്ടയ്‌ക്കെത്തിയതായിരുന്നു മേജര്‍ രജീന്ദര്‍ സിംഗിന്റെ നേതൃത്വത്തിലുള്ള സംഘം. മല കയറുന്നതിനിടെയാണ് മനുഷ്യ സ്‌നേഹിയാ അടക്കാക്കുണ്ട് എപി ബാപ്പു ഹാജിയെക്കുറിച്ചറിഞ്ഞത്. എമ്പത്തിമൂന്ന് പിന്നിട്ട ബാപ്പു ഹാജി ജീവിക്കുന്നത് സമൂഹത്തിനു വേണ്ടിയാണ്.
കിഴക്കന്‍ ഏറനാട്ടില്‍ വിദ്യാഭ്യാസ വിപ്ലവത്തിനു വിത്തുപാകിയ ഹാജി ഹയര്‍ സെക്കന്‍ഡറിയടക്കമുള്ള ഒരു വിദ്യാഭ്യാസ സമുച്ചയത്തിന്റെ ഉടമയാണ്. ധാരാളം ഭൂസ്വത്തിനുടമയായ ഹാജി ആദ്യം മുന്നേക്കറില്‍ ഒരു പള്ളി പണിതു. പിന്നീട് ആദിവാസികള്‍ക്ക് വീട് നിര്‍മിക്കാന്‍ ഒന്നരയേക്കര്‍ സര്‍ക്കാരിനു കൈമാറി. തന്റെ വീടിനോട് ചേര്‍ന്ന് നിര്‍മിക്കുന്ന ഹിമ അഗതി അനാഥമന്ദിരത്തിന് മുന്നേക്കും നല്‍കി.
തന്നെ തേടിയെത്തുന്നവരെ ജാതിയും മതവും നോക്കാതെ സഹായിക്കുന്ന ബാപ്പു ഹാജി ദാനധര്‍മ്മത്തിന്റെ അവസാന വാക്കായി മാറി. മറ്റൊരു സ്വപ്‌ന പദ്ധതിയുടെ തിരക്കിട്ട ജോലിയിലാണിപ്പോള്‍ ബാപ്പു ഹാജി.
അടക്കാക്കുണ്ടില്‍ ഉയര്‍ന്നു വരുന്ന വാഫി പി ജി ഓഫ് കാമ്പസിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. മെയിന്‍ റോഡിനോട് ചേര്‍ന്ന പൊന്നു വിലയുള്ള 15 ഏക്കര്‍ ഭൂമിയാണ് ഇതിനായി ദാനം ചെയ്തത്. സ്വന്തം ചെലവില്‍ ഒന്നരക്കോടിയോളം മുടക്കി നിര്‍മിക്കുന്ന 10 അഗതി ഭവനങ്ങള്‍ പണി പൂര്‍ത്തിയായി വരുന്നു. ചാര്‍ഖണ്ഡില്‍ നിന്നെത്തിയ സേനാംഗങ്ങള്‍ ഇവിടെ നടക്കുന്ന വിപുലമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എന്താണെന്നന്വേഷിച്ചപ്പോഴാണ് ബാപ്പു ഹാജി എന്ന മനുഷ്യ സ്‌നേഹിയെക്കുറിച്ചറിഞ്ഞത്.
അപ്പോള്‍ അദ്ദേഹത്തെ നേരില്‍ കാണണമെന്ന് സേനാംഗങ്ങള്‍ക്കാഗ്രഹം. എ കെ 47 തോക്കുകളുമായി അവര്‍ ബാപ്പു ഹാജിയുടെ പഴയ ഓട് മേഞ്ഞ വീട്ടിലേക്ക് മാര്‍ച്ച് ചെയ്തു. കൈലിമുണ്ടും ബനിയനും ധരിച്ച ഒരു പച്ച മനുഷ്യനെ കണ്ട അവര്‍ മനുഷ്യസ്‌നേഹത്തിന്റെ ഒരു വലിയ പാഠമാണ് പഠിച്ചത്.
കൂടെ നിര്‍ത്തി ഫോട്ടൊയെടുക്കാന്‍ സേനാംഗങ്ങള്‍ ആഗ്രഹം പ്രകടിപ്പിച്ചു.ക്യാപ്റ്റന്‍ അനുവദിക്കുകയും ചെയ്തു. തീയും പുകയും വെടിക്കോപ്പും മാത്രം കണ്ടു ശീലിച്ച സേനാംഗങ്ങള്‍ നന്മയുടെ പൂമരത്തിന്നു മുന്നില്‍ തലകുനിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it