malappuram local

മാവോവാദികളുടെ ചരമവാര്‍ഷികം; പോലിസ് സുരക്ഷ ശക്തമാക്കി



നിലമ്പൂര്‍: നിലമ്പൂര്‍ വനമേഖലയില്‍ കഴിഞ്ഞ വര്‍ഷം നവംബര്‍ 24ന് നടന്ന പോലിസ് വെടിവയ്പില്‍ മാവോവാദി നേതാക്കളായ കുപ്പുദേവ രാജും അജിതയും കൊല്ലപ്പെട്ട  സംഭവത്തിന്റെ ഒന്നാം ചരമവാര്‍ഷിക ദിനാചരണം കണക്കിലെടുത്ത് പോലിസ് സുരക്ഷ കര്‍ശനമാക്കി. വയനാട്, നിലമ്പൂര്‍, കോഴിക്കോട് റൂറല്‍, കണ്ണൂര്‍, പാലക്കാട് എന്നിവിടങ്ങളിലാണ് സുരക്ഷ കര്‍ശനമാക്കിയിരിക്കുന്നത്. മാവോവാദി ഭീഷണി നിലനില്‍ക്കുന്ന പോലിസ് സ്റ്റേഷനുകള്‍, പ്രധാന സര്‍ക്കാര്‍ ഓഫിസുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയുടെ സുരക്ഷയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. നിലവിലുള്ളതിന് പുറമെ ഇന്ത്യന്‍ റിസര്‍വ് ബാറ്റാലിയന്‍, ആര്‍ആര്‍ബി, എംഎസ്പി തുടങ്ങിയ സായുധ സേനകളെയും സുരക്ഷ ജോലികള്‍ക്കയായി നിയോഗിക്കും. കൂടാതെ ഷാഡോ ടിമിന്റെയും, രഹസ്യന്വേഷണ വിഭാഗത്തിന്റെയും നിരിക്ഷണവും കര്‍ശനമാക്കും. വാര്‍ഷികത്തോടനുബന്ധിച്ച് പോലിസ് സ്റ്റേഷനുകളോ, ധനകാര്യ സ്ഥാപനങ്ങളോ ആക്രമിക്കുമെന്ന് കേന്ദ്ര ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് സാധുകരിക്കുന്ന തരത്തിലുള്ള സംഭവമാണ് ചൊവാഴ്ച തിരുനെല്ലിയില്‍ ഉണ്ടായത്. രണ്ടംഗ സംഘം പാതിരാത്രിയില്‍ തിരുനെല്ലി പോലിസ് സ്റ്റേഷന്റെ പിറക് വശത്ത് എത്തുകയും മതില്‍ ചാടി കടക്കാനുള്ള ശ്രമത്തിനിടെ ഗാര്‍ഡ് അറിഞ്ഞതോടെ ഓടി രക്ഷപ്പെടുകയുമായിരുന്നു. ഇതിന് പിന്നില്‍ മാവോവാദികള്‍ തന്നെയാണെന്നു പോലിസ് നിഗമനം. രണ്ടു ദിവസം മുമ്പ് വൈത്തിരിയിലും മാവോവാദി സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. മക്കിമല കേന്ദ്രികരിച്ച് മാവോവദി ക്യാംപ് പ്രവര്‍ത്തിക്കുന്നതായി നേരത്തെ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് പോലിസ് സുരക്ഷ ശക്തമാക്കിയത്.
Next Story

RELATED STORIES

Share it