Flash News

മാവോയിസ്റ്റ് നേതാക്കളെ ജയിലില്‍ സന്ദര്‍ശിച്ച മലയാളികളെ വിട്ടയക്കണമെന്ന് ജനകീയ മനുഷ്യാവകാശ സമിതി

മാവോയിസ്റ്റ് നേതാക്കളെ ജയിലില്‍ സന്ദര്‍ശിച്ച മലയാളികളെ വിട്ടയക്കണമെന്ന് ജനകീയ മനുഷ്യാവകാശ സമിതി
X


തിരുവനന്തപുരം: മോവോയിസ്റ്റ് നേതാക്കളായ അനൂപ്, ഷൈന എന്നിവരെ ജയിലില്‍ സന്ദര്‍ശിച്ച ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം പ്രസിഡണ്ട് സിപി റഷീദിനെയും ഹരിഹര ശര്‍മ്മയേയും വിട്ടയക്കണമെന്ന് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം സംസ്ഥാന സമിതി.റഷീദും ഹരിഹര ശര്‍മ്മയും തടവുകാര്‍ക്ക് കൈമാറിയ വസ്ത്രത്തിനകത്തു പെന്‍ഡ്രൈവ് ഒളിപ്പിച്ചു കൈമാറാന്‍ ശ്രമിച്ചു എന്നാരോപിച്ചാണ് കേസ് എടുത്തിട്ടുള്ളത്. പ്രഥമദൃഷ്ട്യാ തന്നെ കെട്ടിച്ചമച്ച ഒരാരോപണമാണെന്ന് ആര്‍ക്കും ബോധ്യപ്പെടുന്ന ഒന്നാണ് ഇതെന്ന് നേതാക്കള്‍ പറഞ്ഞു. കമ്പ്യൂട്ടര്‍ പോയിട്ട് പുസ്തകങ്ങള്‍ പോലും ലഭ്യമല്ലാത്ത വിധം കഠിനമായ അവസ്ഥയില്‍ തടവില്‍ കഴിയുന്ന തടവുകാര്‍ക്കാണ് പെന്‍െ്രെഡവ് കൈമാറാന്‍ ശ്രമിച്ചു എന്ന് ആരോപിക്കുന്നത്. മാവോയിസ്റ്റുകള്‍ ഉള്‍പ്പടെയുള്ള രാഷ്ട്രീയ തടവുകാര്‍ക്ക് നിയമ സഹായം ലഭ്യമാക്കുകയും കേസ്സുകള്‍ നടത്താന്‍ സഹായിക്കുകയും ചെയ്യുന്ന മനുഷ്യാവകാശ പ്രവര്‍ത്തകരെയും അഭിഭാഷകരെയും അടിച്ചമര്‍ത്താന്‍ ഭരണകൂടം നടത്തുന്ന നീക്കങ്ങളില്‍ ഒടുവിലത്തേതാണ് റഷീദിന്റെയും ഹരിഹരശര്‍മ്മയുടെയും അറസ്റ്റെന്നും അവര്‍ ആരോപിച്ചു.

മനുഷ്യാവകാശ പ്രവര്‍ത്തകരെയും അഭിഭാഷകരെയും 'വൈറ്റ്‌കോളര്‍ മാവോയിസ്റ്റുകള്‍' എന്ന് വിശേഷിപ്പിച്ചു കൊണ്ട് ശക്തമായി അടിച്ചമര്‍ത്തുക എന്ന കേന്ദ്ര സര്‍ക്കാരിന്റെ അജണ്ട നടപ്പിലാക്കാന്‍ ആണ് തമിഴ്‌നാട് സര്‍ക്കാര്‍ ഈ അറസ്റ്റിലൂടെ ശ്രമിച്ചിട്ടുള്ളത്. മാസങ്ങള്‍ക്കു മുന്‍പ് മധുര ബാറില്‍ പ്രാക്ടീസ് ചെയ്യുന്ന അഡ്വക്കേറ്റ് മുരുകനെ മാവോയിസ്റ്റ് ആണെന്ന് ആരോപിച്ചു അറസ്റ്റ് ചെയ്തിരുന്നു.മാവോയിസ്റ്റ് രാഷ്ട്രീയ തടവുകാരുടെ കേസുകളില്‍ അവര്‍ക്കു വേണ്ടി ഹാജരായതാണ് മുരുകനെ അറസ്റ്റ് ചെയ്യാന്‍ കാരണമായത്. അദ്ദേഹത്തിന്റെ തടവ് ഇപ്പോഴും തുടരുകയാണെന്നും ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം സംസ്ഥാന സമിതി നേതാക്കള്‍ പറഞ്ഞു.

'മറുഭാഗം കേള്‍ക്കുക' എന്നത് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ അടിസ്ഥാന പ്രമാണങ്ങളില്‍ ഒന്നാണ്. പ്രതിക്ക് തനിക്കെതിരെയുള്ള കുറ്റാരോപണം നിഷേധിക്കാനും പ്രതിരോധിക്കാനും തന്റെ ഭാഗം അവതരിപ്പിക്കാനും ഉള്ള അവകാശം ഭരണഘടനാപരമായ മൗലികാവകാശമായി ഇന്ത്യയിലെ നിയമകോടതികള്‍ ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട്. എന്നാല്‍ ഈ അവകാശത്തെ തത്വത്തില്‍ അംഗീകരിക്കുന്നു എന്ന് അവകാശപ്പെടുമ്പോഴും പ്രവര്‍ത്തിയില്‍ നിഷേധിക്കുന്ന സമീപനമാണ് രാഷ്ട്രീയത്തടവുകാരുടെ കാര്യത്തില്‍ ഭരണകൂടം സ്വീകരിച്ചു വരുന്നതെന്നും നേതാക്കള്‍ പറഞ്ഞു. രാഷ്ട്രീയത്തടവുകാര്‍ക്കു വേണ്ടി ഹാജരാവുന്ന അഭിഭാഷകരെയും കേസു നടത്താന്‍ സഹായിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകരെയും ക്രിമിനല്‍കേസ്സുകളില്‍ ഉള്‍പ്പെടുത്തി തടവിലടച്ചും, ഭീഷണിപ്പെടുത്തിയും കോടതിയുടെ മുന്നില്‍ കുറ്റാരോപണത്തെ പ്രതിരോധിക്കാനുള്ള അവസരങ്ങള്‍ ഇല്ലാതാക്കുകയാണ് ഭരണകൂടമെന്നും അവര്‍ ആരോപിച്ചു.

സി.പി.റഷീദിന്റെയും ഹരിഹരശര്‍മ്മയുടെയും മേല്‍ ചുമത്തിയ കള്ളകേസ്സ് പിന്‍വലിക്കാനും അവരെ നിരുപാധികം വിട്ടയക്കാനും തയ്യാറാവണമെന്ന് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം തമിഴ്‌നാട് സര്‍ക്കാരിനോട് ആവശ്യപ്പെടുന്നതായും രാഷ്ട്രീയത്തടവുകാര്‍ക്കു നിയമപരമായ അവകാശങ്ങള്‍ പോലും നിഷേധിക്കുന്ന ഭരണകൂട നീക്കത്തെ ചെറുക്കാന്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും പ്രസ്ഥാനങ്ങളും മുന്നോട്ടു വരണമെന്നും നേതാക്കള്‍ പറഞ്ഞു.
Next Story

RELATED STORIES

Share it