malappuram local

മാവേലി മെഡിക്കല്‍ സ്റ്റോറില്‍ അവശ്യമരുന്നുകളില്ലെന്ന് പരാതി

എടക്കര: നിലമ്പൂര്‍ താലൂക്ക് സപ്ലൈകോ മാവേലി മെഡിക്കല്‍ സ്‌റ്റോറില്‍ ആവശ്യത്തിന് മരുന്ന് ലഭിക്കുന്നില്ലെന്ന് പരാതി. എടക്കര മുസ്്‌ല്യാരങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന മാവേലി മെഡിക്കല്‍ സ്റ്റോറിലാണ് ആവശ്യത്തിന് മരുന്നില്ലാത്തത്. സപ്ലൈകോയുടെ പാലക്കാടുള്ള മെഡിക്കല്‍ ഡിപ്പോയില്‍ നിന്നാണ് ഇവിടേയ്ക്ക് മരുന്നുകള്‍ എത്തുന്നത്. എന്നാല്‍, പ്രാദേശികമായ ആവശ്യങ്ങള്‍ക്കനുസരിച്ച് ഓര്‍ഡര്‍ നല്‍കുന്ന മരുന്നുകള്‍ ഇവിടെനിന്ന് ലഭിക്കുന്നില്ല. പാലക്കാട്ടെ ഡിപ്പോയില്‍ ലഭ്യമായ മരുന്നുകള്‍ മാത്രമാണ് മെഡിക്കല്‍ സ്‌റ്റോറുകള്‍ക്ക് ലഭിക്കുന്നത്. നീതി മെഡിക്കല്‍ സ്‌റ്റോറുകളേക്കാള്‍ കുറഞ്ഞ വിലയ്ക്ക് സപ്ലൈകോ മരുന്ന് എത്തിച്ചിരുന്നു. ഇന്‍സുലിന്‍ പോലുള്ള ജീവന്‍രക്ഷാ മരുന്ന് 15 ശതമാനം വരെ വിലക്കുറവിലാണ് ഇവിടെ നിന്നു ലഭിച്ചുകൊണ്ടിരുന്നത്. ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട ആളുകള്‍ റേഷന്‍ കാര്‍ഡ് ഹാജരാക്കുകയാണെങ്കില്‍ 20 ശതമാനം വരെ വിലകുറവിലും ഇന്‍സുലിന്‍ ലഭിച്ചിരുന്നു. ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന രോഗികള്‍ക്ക് ഏറെ ആശ്വാസമായിരുന്നു മാവേലി മെഡിക്കല്‍ സ്‌റ്റോര്‍. ഇവിടെ ആവശ്യത്തിന് മരുന്നില്ലാത്തതിനാല്‍ മലയോര മേഖലയിലെ പാവപ്പെട്ട രോഗികളാണ് ദുരിതത്തിലാവുന്നത്. നിരവധി സ്വകാര്യ ആശുപത്രികളുടെയും മികച്ച ഡോക്ടര്‍മാരുടെയും സേവനവും ലഭ്യമാവുന്ന എടക്കരയില്‍ ഇവര്‍ കുറിക്കുന്ന മരുന്നുകള്‍ സ്‌റ്റോറില്‍ ലഭ്യമല്ല. അതുകൊണ്ടുതന്നെ പലരും നിരാശരായി മടങ്ങുന്നു. മറ്റു നീതി മെഡിക്കല്‍ സ്റ്റോറുകളെയോ സ്വകാര്യ സ്ഥാപനങ്ങളെയോ ആണ് ഇവര്‍ ആശ്രയിക്കുന്നത്. മുസ്്‌ല്യാരങ്ങാടി മാവേലി സൂപ്പര്‍ മാര്‍ക്കറ്റിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്‌റ്റോര്‍ ജനങ്ങള്‍ ശ്രദ്ധിക്കുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുകയും കൂടുതല്‍ മരുന്നുകള്‍ എത്തിക്കുകയും വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മരുന്നില്ലാത്തതിനാല്‍ ജീവനക്കാര്‍ക്കുള്ള ശമ്പളവും വാടകയും നല്‍കാനുള്ള വരുമാനം പോലും മെഡിക്കല്‍ സ്‌റ്റോറില്‍നിന്ന് ലഭിക്കുന്നില്ല. ഈ നില തുടര്‍ന്നാല്‍ സ്‌റ്റോര്‍ വൈകാതെ പൂട്ടേണ്ടിവരുമെന്ന ആശങ്കയും നിലവിലുണ്ട്.
Next Story

RELATED STORIES

Share it