thrissur local

മാള സൗഹൃദ തീരത്ത് മാലിന്യം തള്ളിയ നിലയില്‍

മാള: മാള ഗ്രാമപ്പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സൗഹൃദ തീരത്ത് മാലിന്യങ്ങള്‍ തള്ളിയ നിലയില്‍. ലക്ഷങ്ങള്‍ ചിലവഴിച്ച് നിര്‍മിച്ച സൗഹൃദ തീരം ഏതാനും വര്‍ഷങ്ങളായി സംരക്ഷണമില്ലാതെ നാശോന്‍മുഖയാകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണുള്ളത്. കഴിഞ്ഞ ദിവസം മാളചാലില്‍ നടത്തിയ ശുചീകരണത്തിന്റെ ഭാഗമായി നീക്കിയ മാലിന്യങ്ങള്‍ ഇവിടെ തള്ളിയിരിക്കുന്നത് ദുരുദ്ദേശപരമാണെന്നും ആക്ഷേപമുണ്ട്.
2015ല്‍ ഉല്ലാസ ജലയാത്രക്കുള്ള ബോട്ട് യാര്‍ഡും ഫുഡ്‌കോര്‍ട്ടും ഉള്‍പ്പെടുത്തി ആരംഭിച്ച സൗഹൃദ തീരം കുറഞ്ഞ കാലയളവില്‍ മാത്രമാണ് ജനങ്ങള്‍ക്ക് ഉപകരിക്കുന്ന നിലയില്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്. കഴിഞ്ഞ ഭരണ സമിതിയുടെ കാലത്ത് ഗ്രാമപഞ്ചായത്ത് ഓഫിസിനോട് ചേര്‍ന്ന് മാളചാലിന്റെ ഓരത്ത് ആരംഭിച്ച സൗഹൃദ തീരം വൈകുന്നേരങ്ങളില്‍ കുടുംബസമേതമുള്ള വിനോദ അവസരങ്ങള്‍ ഒരുക്കിയാണ് പ്രവര്‍ത്തനം തുടങ്ങിയത്.
ഫൈബര്‍ പെഡല്‍ ബോട്ടില്‍ വിശാലമായ മാളചാലില്‍ സഞ്ചരിച്ച് കാഴ്ചകള്‍ കാണാനുള്ള അവസരമാണ് സൗഹൃദ തീരം അടച്ചു പൂട്ടിയതിലൂടെ ഇല്ലാതായത്. ലക്ഷങ്ങള്‍ ചിലവഴിച്ച് നിര്‍മിച്ച സൗഹൃദ തീരത്ത് വൈകുന്നേരങ്ങളില്‍ കാറ്റേറ്റ് വിശ്രമിക്കാനായി ചാരുബെഞ്ചുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കുട്ടികള്‍ക്കായി വിനോദ ഉപകരണങ്ങളും സ്ഥാപിച്ചിട്ടുണ്ട്.
അഞ്ച് സെന്റ് വിസ്തൃതിയില്‍ ടൈലുകള്‍ പാകിയും മനോഹരമായ ചിത്രങ്ങള്‍ പതിച്ച് ചുറ്റുമതിലുകളോടെയും ഒരുക്കിയ സൗഹൃദ തീരം ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ നാശത്തിന്റെ വക്കിലാണ്. രാഷ്ട്രീയ താല്‍പര്യം മാറ്റിവച്ച് സൗഹൃദ തീരം ലാഭകരമായി നടത്തുന്നതിനാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയാല്‍ പഞ്ചായത്തിന് നല്ല വരുമാനം നേടാന്‍ അതിലൂടെ സാധിക്കുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. സൗഹൃദ തീരത്ത് പുതിയ സൗകര്യങ്ങള്‍ ഒരുക്കി കൂടുതല്‍ ആകര്‍ഷകമാക്കി സൗഹൃദ തീരം നിലനിര്‍ത്തുന്നതിനായി പഞ്ചായത്ത് ഭരണസമിതി മുന്‍കൈയെടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it