thrissur local

മാള മേഖലാ ശുദ്ധജല സംരക്ഷണ സമിതി നിവേദനം നല്‍കി; നീറ്റാ ജലാറ്റിന്‍ കമ്പനിക്കെതിരേ നടപടിയെടുക്കണമെന്ന്

മാള: നിറ്റാ ജലാറ്റിന്‍ കമ്പനി ചാലക്കുടി പുഴയിലേക്ക് ഒഴുക്കിവിടുന്ന ഖര രാസമാലിന്യങ്ങള്‍ പുഴയിലും സമീപ പ്രദ്ദേശങ്ങളായ കാടുകുറ്റി മുതല്‍ പുത്തന്‍വേലിക്കര വരെയുള്ള പഞ്ചായത്തുകളിലെ കുടിവെള്ള ജലസ്രോതസ്സുകള്‍ക്കുണ്ടാക്കുന്ന മലിനീകരണത്തെക്കുറിച്ച് ശാസ്ത്രിയമായി പഠിച്ച് കമ്പനിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് മാള മേഖല ശുദ്ധജല സംരക്ഷണ സമിതി ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചര്‍ക്ക് നിവേദനം നല്‍കി.
കാടുകുറ്റി മുതല്‍ പുത്തന്‍വേലിക്കര വരെയുള്ള പഞ്ചായത്തുകളിലേയും പ്രത്യേകിച്ച് കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലത്തിലെ കൊടുങ്ങല്ലൂര്‍ മുന്‍സിപ്പാലിറ്റി ഉള്‍പ്പെടെ മറ്റ് അഞ്ച് ഗ്രാമപഞ്ചായത്തിലെയും കൈപ്പമംഗലം നിയോജക മണ്ഡലത്തിലേക്കും ഇരിങ്ങാലക്കുട, ചാലക്കുടി, അങ്കമാലി, പറവൂര്‍ തുടങ്ങിയ നിയോജക മണ്ഡലങ്ങളിലെ ജനങ്ങളും കുടിവെള്ളത്തിനായി നേരിട്ട് ആശ്രയിക്കുന്നത് ഈ പുഴയെയാണെന്നും നിവേദനത്തില്‍ ചൂണ്ടി കാണിക്കുന്നു. കാര്‍ഷിക മേഖലയിലേക്കുള്ള ജല വിതരണവും അനേകയിടങ്ങളിലായി ഈ പുഴയില്‍ നിന്നും ഒരുക്കുന്നുണ്ട്. ഈ പദ്ധതികളുടെയെല്ലാം പമ്പിംഗ് സ്‌റ്റേഷനുകള്‍ കൂടുതലും സ്ഥിതി ചെയ്യുന്നത് ചാലക്കുടി പുഴയുടെ ഭാഗമായ അന്നമനട പുഴയിലാണ്
ഈ പുഴ പ്രദേശം കാതിക്കുടത്ത് പ്രവര്‍ത്തിക്കുന്ന നിറ്റാ ജാലാറ്റിന്‍ കമ്പനിയില്‍ നിന്നും വരുന്ന രാസ ഖര മാലിന്യം മുഖാന്തിരം നിരന്തരമായി മലിനപ്പെടുന്നവെന്ന് ജനങ്ങളില്‍ നിന്നും ശക്തമായ പരാതി നിരന്തരമായുണ്ട്. കമ്പനി മാലിന്യം പുഴയിലേക്ക് നേരിട്ട് ഒഴുക്കുന്നതിനായി പൈപ്പ് സ്ഥാപിച്ചിട്ടുള്ളതായി അറിയുന്നു.
ഒരു അനുമതിയുമില്ലാതെ രണ്ട് കോടിയിലധികം ലിറ്റര്‍ പുഴവെള്ളം ദിനംപ്രതി കമ്പനിയുടെ ആവശ്യത്തിനായി ഉപയോഗിക്കുന്നതായും പരാതിയുണ്ടെന്നും വേനല്‍ക്കാലങ്ങളില്‍ ശുദ്ധജല വിതരണ സംവിധാനത്തിന് ഈ ജലമൂറ്റല്‍ ദോഷകരമായി ഭവിക്കുമെന്നും സംശയമുണ്ടെന്നും നിവേദനത്തിന്‍ പറയുന്നു.കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം സി ദത്തന്‍ പുഴ മലിനീകരണത്തെ കുറിച്ച് അന്വേഷിക്കാന്‍ അന്നമനടയില്‍ എത്തിയിരുന്നു.പുഴ മലിനീകരണത്തെക്കുറിച്ചുള്ള പരാതികള്‍ കേള്‍ക്കുകയും അതില്‍ മുഖ്യ ആവശ്യമായ നിറ്റാ ജലാറ്റിന്‍ പുഴയിലേയ്ക്ക് ഒഴുക്കുന്ന മാലിന്യ പൈപ്പ് എടുത്ത് മാറ്റണമെന്നതുമായിരുന്നു. എന്നാല്‍ മലിനജലം ശുദ്ധീകരിക്കാതെ പുഴയിലേയ്ക്ക് ഒഴുക്കാന്‍ പാടില്ലയെന്നതായിരുന്നു മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവിന്റെ അഭിപ്രായം.
എന്നാല്‍ നിറ്റാ ജലാറ്റിന്‍ കമ്പനിയില്‍ നിന്ന് വെള്ളം പുഴയിലേക്ക് ഒഴുക്കാന്‍ അനുവദിക്കരുതെന്നാണ് മാള മേഖല ശുദ്ധജല സംരക്ഷണ സമിതിയുടെ അഭിപ്രായം. ശുദ്ധീകരിച്ച വെള്ളം ഒഴുക്കാന്‍ അനുവദിച്ചാല്‍ അതിന്റെ മറവില്‍ മാലിന്യ ജലവും പുഴയിലെത്തും. അതിനാല്‍ ആ വെള്ളം കമ്പനിയുടെ മറ്റു ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കണമെന്ന നിര്‍ദ്ധേശം നല്‍കണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെടുന്നു. അനുമതിയില്ലാതെ കമ്പനി ഉപയോഗിക്കുന്ന വെള്ളത്തിന് വാണിജ്യാടിസ്ഥാനത്തിലുള്ള വിലയിടാക്കണം. കമ്പനിയുടെ പ്രവര്‍ത്തനം മൂലം കുടിവെള്ളം മാത്രമല്ല കാര്‍ഷിക മേഖലകള്‍ കൂടി മലിനപ്പെടുകയാണെന്നും
എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തി കൊണ്ടാണ് കമ്പനിയുടെ പ്രവര്‍ത്തനമെന്നും നിവേദനത്തില്‍ പറയുന്നു. കഴിഞ്ഞ ഫെബ്രുവരി മാസം അന്നമനട പുഴയില്‍ മാലിന്യം കലര്‍ന്ന് പുഴയില്‍ നിറവിത്യാസം കണ്ടിരുന്നു. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ടുകൊണ്ട് നിറ്റാ ജലാറ്റിന്‍ ആക്ഷന്‍ കണ്‍സിലിന്റെ നേത്യത്വത്തിലും അന്നമനട സി പി ഐ ലോക്കല്‍ കമ്മറ്റിയുടെ നേത്യത്വത്തിലും പ്രതിഷേധ സമരങ്ങള്‍ നടത്തിയിരുന്നു.
Next Story

RELATED STORIES

Share it