thrissur local

മാള, പൊയ്യ, അന്നമനട കേന്ദ്രീകരിച്ച് മണ്ണ് മാഫിയ സജീവം

മാള: മാള, പൊയ്യ, അന്നമനട കേന്ദ്രികരിച്ച് മണ്ണ് മാഫിയ സജീവം. പാതിരാത്രിയിലും വെളുപ്പിനുമായിട്ടാണ് കൂടുതലായും മണ്ണ് കടത്തുന്നത്.സര്‍ക്കാര്‍ ജോലിയുടെ ഭാഗമായുള്ള ബോര്‍ഡുകള്‍ തൂക്കിയും വാഹനങ്ങള്‍ മണ്ണ് കടത്തുന്നുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.
റവന്യു അധികൃതരും ചില പോലിസ് ഉദ്യോഗസ്ഥരും ഇതിന് കൂട്ട് നില്‍ക്കുന്നുണ്ടെന്നാണ് പരക്കെ ആക്ഷേപം. പൊയ്യ നാലുവഴി പരിസരം, പൂപ്പത്തി, മഠത്തുംപടി തുടങ്ങിയ ഭാഗങ്ങളിലായി വന്‍തോതിലുള്ള മണ്ണെടുപ്പ് നടക്കുന്നുണ്ട്.
ഇവിടങ്ങളില്‍ നിന്നുമുള്ള പത്തിലധികം മണ്ണുവണ്ടികളും മണ്ണുമാന്തി യന്ത്രങ്ങളും പോലിസ് പിടികൂടിയെങ്കിലും മണ്ണെടുപ്പ് നിര്‍ബാധം തുടരുകയാണ്. അന്നമനടയില്‍ മണ്ണെടുപ്പിനേക്കാള്‍ കൂടുതലായി നടക്കുന്നത് പാടശേഖരങ്ങളും മറ്റും നികത്തലാണ്. കുഴൂരില്‍ പല ഭാഗങ്ങളിലായി മണ്ണെടുപ്പും പാടശേഖരങ്ങള്‍ നികത്തലും നടക്കുന്നുണ്ട്.സാധാരണക്കാര്‍ക്ക് വീടുപണിയ്ക്കായി ഒരു വണ്ടി മണ്ണ് ലഭിക്കണമെങ്കില്‍ ഭീമമായ സംഖ്യയാണ് മാഫിയകള്‍ ഈടാക്കുന്നത്. നിയമകുരുക്ക് പറഞ്ഞ് തുച്ഛമായ തുകയ്ക്കാണ് ഇവര്‍ മണ്ണ് വാങ്ങുന്നത്. വ്യാജ പെര്‍മിറ്റുകള്‍ സംഘടിപ്പിച്ചും മണ്ണെടുക്കുന്നുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. കൊടുങ്ങല്ലൂര്‍ ഭാഗങ്ങളിലേയ്ക്കാണ് കൂടുതലായും മണ്ണ് കടത്തുന്നത്.
രാത്രി കാലങ്ങളിലെ ടിപ്പറുകളുടെ മരണപ്പാച്ചില്‍ വഴിയാത്രക്കാരുടെ ജീവന് ഭീക്ഷണിയാകുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ മാള, അന്നമനട പ്രദേശങ്ങളില്‍ തണ്ണീര്‍ത്തടം നികത്താന്‍ ഉപയോഗിച്ച വാഹനങ്ങള്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. മാള പ്രദേശത്തെ അനധികൃത മണ്ണെടുക്കലും നികത്തലും തടയണമെന്ന് മാള പ്രതികരണവേദി യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് സലാം ചൊവ്വര അധ്യക്ഷത വഹിച്ചു. വി എസ് നിസാര്‍ ,കെ കെ കരിം, ഹനീഫ മണ്ണാന്തറ, സി എ സജീവന്‍, റോയ് ഇടശ്ശേരി എന്നിവര്‍ സംസാരിച്ചു. ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കാനും തീരുമാനിച്ചു.
Next Story

RELATED STORIES

Share it