thrissur local

മാള ടൗണ്‍ റോഡ് വികസനത്തിന് അടുത്ത ആഴ്ച തുടക്കംകുറിക്കുമെന്ന്

മാള: ടൗണ്‍ റോഡ് വികസനത്തിന് അടുത്ത ആഴ്ചയില്‍ തുടക്കം കുറിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയര്‍ ജെറീന അറിയിച്ചു. പൊതുമരാമത്ത് മന്ത്രി മാളക്കാ ര്‍ക്ക് നല്‍കിയ ഉറപ്പ് പാഴായെന്ന് പറഞ്ഞുള്ള വാര്‍ത്തയും പടവും തേജസ് പത്രത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു.
മാള ടൗണ്‍ റോഡ്  വികസനം ഉടന്‍ നടപ്പിലാക്കുമെന്നാണ് റോഡ് നിര്‍മാണോദ്ഘാടന വേളയില്‍ മന്ത്രി പറഞ്ഞത്. മന്ത്രിയുടെ ഉദ്ഘാടന പ്രസംഗം കഴിഞ്ഞ് മാസങ്ങളേറെ കഴിഞ്ഞിട്ടും ടൗണ്‍ റോഡ് വികസനത്തിന്റെ ഭാഗമായി യാതൊന്നും നടന്നിരുന്നില്ല. മാര്‍ച്ച് മാസം കഴിഞ്ഞതോടെ നിര്‍മാണം ഏറ്റെടുത്ത കരാറുകാരന്‍ അതില്‍നിന്ന് പിന്‍മാറുക കൂടി ചെയ്തതോടെ ടൗണ്‍ റോഡ് വികസനം സ്തംഭിച്ച അവസ്ഥയിലായിരുന്നു.
നിലവിലുള്ള അനൂപ് സത്യനെന്ന കരാറുകാരന്‍ തന്നെയാണ് തുടര്‍ന്നും നിര്‍മ്മാണം നടത്തുക. യൂണിയന്‍ ബാങ്ക് ജംഗ്ഷന്‍ മുതല്‍ കെ എസ് ആര്‍ ടി സി സ്റ്റാന്റ് വരെയുള്ള ടൗണ്‍ റോഡ് വീതി കൂട്ടി ടാറിംഗ് നടത്തുകയും കാനകള്‍ നടപ്പാത എന്നിവ നിര്‍മിച്ച് ടൈല്‍സ് വിരിച്ച് കൈവരികള്‍ സ്ഥാപിച്ച് റോഡ്  മനോഹരമാക്കുന്ന പദ്ധതിക്കാണ് രൂപം നല്‍കിയിരുന്നത്. ഇതിനായി ഫണ്ട് അനുവദിക്കുകയും കരാര്‍ നല്‍കുകയും ചെയ്തിരുന്നു.
എന്നാല്‍ നിര്‍മാണത്തിന് ആവശ്യമായ സ്ഥലം അളന്ന് തിട്ടപ്പെടുത്തി നല്‍കുന്നതില്‍ പൊതുമരാമത്ത് വകുപ്പ് നടത്തിയ മെല്ലെപ്പോക്കായിരുന്നു നിലവിലുണ്ടായിരുന്ന പ്രശ്‌നങ്ങള്‍ക്ക് കാരണം.
ടൗണ്‍ വികസനത്തിന് വ്യാപാരികള്‍ നിസാര വിലക്ക് ഭൂമി വിട്ട് നല്‍കിയിട്ടും നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ കഴിയാത്തത് പൊതുമരാമത്ത് വകുപ്പിന്റെ പിടിപ്പ് കേടാണെന്നായിരുന്നു പൊതുജന സംസാരം. നിലവിലുള്ള റോഡ് ഇപ്പോഴും കൃത്യമായി ടാറിംഗ് നടത്താതെ സഞ്ചാരയോഗ്യമല്ലാതായിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. ടൗണ്‍ റോഡിന്റെ വികസനം എത്രയും വേഗത്തില്‍ പൂര്‍ത്തിയാകുമെന്നാണിപ്പോ നാട്ടുകാരിലുള്ള പ്രതീക്ഷ.
Next Story

RELATED STORIES

Share it