thrissur local

മാള ജുമാ മസ്ജിദില്‍ ഈ വര്‍ഷവും ജീരക കഞ്ഞി വിതരണം സമൃദ്ധം

മാള: മാള ജുമാ മസ്ജിദില്‍ ഈ വര്‍ഷവും ജീരക കഞ്ഞി വിതരണം സമൃദ്ധം. വിഭവങ്ങളേറെ കൂട്ടി തയാര്‍ ചെയ്യുന്ന ഈ റമദാന്‍ ഔഷധകഞ്ഞിക്ക് ആവശ്യക്കാര്‍ ഏറെയാണ്. ദൂരെ നിന്നുപോലും ജാതി മതഭേദമന്യേ ആളുകള്‍ എത്തുന്നു. പകലന്തിയോളം വ്രതമനുഷ്ഠിക്കുന്ന വിശ്വാസിക്ക് ഒഴിഞ്ഞ വയറിന് ഗുണം നല്‍കുന്ന ഔഷധമായാണ് ജീരകകഞ്ഞി തയാറാക്കുന്നത്.
മഞ്ഞനിറമുള്ള കഞ്ഞി ആയുര്‍വ്വേദ വിധി പ്രകാരമുള്ള കര്‍ക്കിടക കഞ്ഞിക്ക് ചേര്‍ക്കുന്ന കൂട്ടും പച്ചരി, ആശാളി, ഉലുവ, മഞ്ഞള്‍ തുടങ്ങി നിരവധി ചേരുവകളും കൂടിയാവുമ്പോള്‍ രുചികരമാവുന്നു. ജീരകം പ്രധാന ഘടകമാണ്. ഇതാണ് ജീരകഞ്ഞി എന്ന പേര് ലഭിക്കാന്‍ കാരണം. നാലര പതിറ്റാണ്ടുകാലമായി മാള പള്ളിയില്‍ നോമ്പുകാലത്ത് ഈ കഞ്ഞി വിതരണമുണ്ടായിരുന്നതായി പഴമക്കാര്‍ സാക്ഷ്യപെടുത്തുന്നു. അന്ന് നോമ്പ് തുറക്കുന്നത് കാരക്കയും പച്ചവെള്ളവും കൊണ്ടായിരുന്നു.
നമസ്‌കാരശേഷം വലിയ പാത്രത്തില്‍ ജീരക കഞ്ഞി ലഭിക്കും. ഒരു കോപ്പ കഞ്ഞി മതിയാകും നോമ്പുകാരന് ഒരു രാത്രിക്ക് ഭക്ഷണമായി. മുപ്പത് വര്‍ഷങ്ങളായി കഞ്ഞി തയാറാക്കുന്നത് ഒരാള്‍ തന്നെയെന്ന പ്രത്യേകതയും ഇവിടെയുണ്ട്.
മാള പള്ളിപ്പുറം സ്വദേശി കളത്തിപറമ്പില്‍ അലിയാണ് വിദഗ്ധ ചേരുവകളോടെ കഞ്ഞി തയാറാക്കുന്നത്. കഞ്ഞിപുരയില്‍ പാകമായ കഞ്ഞി ആവശ്യക്കാര്‍ക്ക് വിളമ്പി കൊടുക്കുന്നതും അലി തന്നെയാണ്.
വെയില്‍ ചായുമ്പോള്‍ തുടങ്ങുന്ന ജോലി രാത്രി ഇരുട്ടുമ്പോഴാണ് തീരുക. അപ്പോഴേക്കും ഉള്ളവന്റെയും ഇല്ലാത്തവന്റെയും വീടുകളില്‍ നോമ്പ് തുറക്കാന്‍ ജീരക കഞ്ഞി എത്തിയിട്ടുണ്ടാകും. കഞ്ഞിക്ക് പുറമേ പഴങ്ങളും ചായയും വറ പൊരി, പത്തിരി പലഹാരങ്ങളും മറ്റുമായി നോമ്പ് തുറ വിഭവങ്ങള്‍ ഒരുക്കി നല്‍കുന്നുമുണ്ട്. പന്ത്രണ്ടായിരം രൂപ ദിനംതോറും ചിലവു വരുന്നതായി നോമ്പുതുറ ചാര്‍ജുള്ള സാദിഖ് ആലങ്ങാട്ട് പറഞ്ഞു.
Next Story

RELATED STORIES

Share it