thrissur local

മാള ഗവ. ആശുപത്രിയിലെ ഡയാലിസിസ് യൂനിറ്റ് പ്രവര്‍ത്തനം ആരംഭിച്ചില്ല



മാള: കെ കരുണാകരന്‍ സ്മാരക മാള ഗവണ്‍മെന്റ് ആശുപത്രിയില്‍ കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയ ഡയാലിസിസ് യൂനിറ്റുകള്‍ ഇനിയും പ്രവര്‍ത്തനം ആരംഭിച്ചില്ല. കഴിഞ്ഞ മാസം 19ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്ത ഡയാലിസിസ് യൂനിറ്റുകള്‍ യുപിഎസ്സിന്റെ അഭാവത്താലാണ് ഉദ്ഘാടനം കഴിഞ്ഞ് രണ്ടാഴ്ച പിന്നിട്ടിട്ടും പ്രവര്‍ത്തനം തുടങ്ങാത്തതിന് കാരണം. ആവശ്യമായ ഒരുക്കങ്ങള്‍ നടത്താതെ തിടുക്കപ്പെട്ട് ഉദ്ഘാടനം നടത്തിയ ബ്ലോക്ക് പഞ്ചായത്ത് ഭരണാധികാരികളുടെ നടപടി ചോദ്യം ചെയ്യപ്പെടുകയാണിപ്പോള്‍. സ്വകാര്യ പങ്കാളിത്തത്തോടെയാണ് ഇവിടെ അഞ്ച് ഡയാലിസിസ് യൂനിറ്റുകള്‍ സ്ഥാപിച്ചത്. മാളയിലൂം പരിസര പ്രദേശങ്ങളിലുമുള്ള സുമനസ്സുകളുടെ സഹകരണത്തോടെയാണിവ സ്ഥാപിച്ചിട്ടുള്ളത്. ഈ ഡയാലിസിസ് യൂണിറ്റുകള്‍ പൂര്‍ണ്ണമായും പ്രവര്‍ത്തിപ്പിക്കണമെങ്കില്‍ മൂന്ന് ലക്ഷം രൂപ ചെലവഴിച്ച് യുപിഎസ് സ്ഥാപിക്കേണ്ടി വരുമെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്. 3.5 കിലോവാട്ടിലുള്ള അഞ്ച് യുപിഎസ്സുകളാണ് സ്ഥാപിക്കേണ്ടത്. ഒരേസമയം അഞ്ച് രോഗികള്‍ക്ക് ഡയാലിസിസ് നടത്താവുന്ന സംവിധാനം രണ്ടാഴ്ചയിലേറെയായി വെറുതേ കിടക്കുകയാണ്. കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയപ്പോഴൊന്നും വൈദ്യുതി തടസ്സമുണ്ടായാല്‍ യൂണിറ്റിന്റെ പ്രവര്‍ത്തനം നിലക്കാത്ത തരത്തിലുള്ള പകരം സംവിധാനം ഒരുക്കണമെന്നിവര്‍ ഓര്‍ത്തില്ലേയെന്നാണ് ജനം അടക്കം പറയുന്നത്. രോഗികള്‍ക്ക് ഡയാലിസിസ് നടത്തുമ്പോള്‍ വൈദ്യുതി തടസ്സമുണ്ടായാല്‍ രോഗിയുടെ ജീവനു തന്നെ ഭീഷണിയാണ്. ജനം പരാതി പറയുമ്പോള്‍ ആശുപത്രിയില്‍ ജനറേറ്റര്‍ സംവിധാനം ഉണ്ടെന്ന മുടന്തന്‍ ന്യായം പറയുകയാണ് ബ്ലോക്ക് പഞ്ചായത്ത് അധികൃതരും ആശുപത്രി അധികൃതരും. സാമൂഹ്യാരോഗ്യ കേന്ദ്രങ്ങളില്‍ സംസ്ഥാനത്തെ തന്നെ ആദ്യത്തെ ഡയാലിസിസ് യൂണിറ്റുകളാണ് ജനപങ്കാളിത്തത്തോടെ ഇവിടെ സ്ഥാപിച്ചിട്ടുള്ളത്. മൂന്ന് വര്‍ഷക്കാലം രോഗികള്‍ക്ക് പൂര്‍ണ്ണമായും സൗജന്യ സേവനം നല്‍കാനുള്ള കരാര്‍ നടത്തിപ്പുകാരുമായുണ്ട്. ഒരു കോടിയോളം രൂപയാണ് ഇതിനായി ചെലവഴിച്ചതെന്നാണ് അധികൃതര്‍ പറഞ്ഞിരുന്നത്. മേഖലയില്‍ മാത്രം ഒട്ടനവധി രോഗികളാണ് ആയിരക്കണക്കിന് രൂപ വരെ ചെലവഴിച്ച് അകലങ്ങളിലുള്ള ആശുപത്രികളില്‍ എത്തി ഡയാലിസിസ് നടത്തുന്നത്.
Next Story

RELATED STORIES

Share it