thrissur local

മാള ഗവ. ആശുപത്രിയിലെ ഡയാലിസിസ് യൂനിറ്റുകള്‍ പ്രവര്‍ത്തനം ആരംഭിച്ചില്ല



മാള: കെ കരുണാകരന്‍ സ്മാരക മാള ഗവണ്‍മെന്റ് ആശുപത്രിയില്‍ കൊട്ടി ഘോഷിച്ച് ഉദ്ഘാടനം നടത്തിയ ഡയാലിസിസ് യൂനിറ്റുകള്‍ ഇനിയും പ്രവര്‍ത്തനം ആരംഭിച്ചില്ല. യുപിഎസ്സുകള്‍ക്കായുള്ള ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചതായും രണ്ടാഴ്ചക്കകം ഇന്‍വെര്‍ട്ടര്‍ സംവിധാനം തയ്യാറാവുന്നതോടെ ഡയാലിസിസ് യൂനിറ്റുകളുടെ പ്രവര്‍ത്തനം ആരംഭിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നതായും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വര്‍ഗീസ് കാച്ചപ്പിള്ളി അറിയിച്ചു. നേരത്തെ ഇതുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ വന്നതിനാല്‍ ഒരു സ്‌പോണ്‍സര്‍ക്ക് മനംമാറ്റമുണ്ടായതായും വാഗ്ദാനത്തില്‍ നിന്നും അവര്‍ പിന്‍മാറിയതിനാല്‍ അഞ്ചുലക്ഷം രൂപ ലഭിക്കേണ്ടിയിരുന്നത് നഷ്ടമായതായും അദ്ദേഹം പറഞ്ഞു. പ്രമുഖ ആശുപത്രികളില്‍ പോലും ഡയാലിസിസ് യൂനിറ്റുകള്‍കള്‍ക്ക് ഇന്‍വെര്‍ട്ടര്‍ സംവിധാനവും ഓട്ടോമാറ്റിക് ചെയ്ഞ്ച്ഓവര്‍ സംവിധാനവും ഇല്ലെന്നും മാള ഗവണ്‍മെന്റ് ആശുപത്രിയില്‍ ഉള്ള ജനറേറ്ററില്‍ നിന്നുമുള്ള വൈദ്യുതിക്ക് ഓട്ടോമാറ്റിക് ചെയ്ഞ്ച് ഓവര്‍ സംവിധാനം ഉള്ളതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സപ്തംബര്‍ 19ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്ത ഡയാലിസിസ് യൂനിറ്റുകള്‍ യുപിഎസ്സിന്റെ അഭാവത്താലാണ് ഉദ്ഘാടനം കഴിഞ്ഞ് ഒന്നര മാസത്തോളമായിട്ടും പ്രവര്‍ത്തനം തുടങ്ങാത്തതിന് കാരണം. ആവശ്യമായ ഒരുക്കങ്ങള്‍ നടത്താതെ തിടുക്കപ്പെട്ട് ഉദ്ഘാടനം നടത്തിയ ബ്ലോക്ക് പഞ്ചായത്ത് ഭരണാധികാരികളുടെ നടപടി ചോദ്യം ചെയ്യപ്പെടുകയാണ് ഉദ്ഘാടന ശേഷം. സ്വകാര്യ പങ്കാളിത്തത്തോടെയാണ് ഇവിടെ അഞ്ച് ഡയാലിസിസ് യൂനിറ്റുകള്‍ സ്ഥാപിച്ചത്. മാളയിലൂം പരിസര പ്രദേശങ്ങളിലുമുള്ള സുമനസ്സുകളുടെ സഹകരണത്തോടെയാണിവ സ്ഥാപിച്ചിട്ടുള്ളത്. ഈ ഡയാലിസിസ് യൂനിറ്റുകള്‍ പൂര്‍ണമായും പ്രവര്‍ത്തിപ്പിക്കണമെങ്കില്‍ മൂന്ന് ലക്ഷം രൂപ ചെലവഴിച്ച് യുപിഎസ് സ്ഥാപിക്കേണ്ടി വരുമെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്. 3.5 കിലോവാട്ടിലുള്ള അഞ്ച് യുപിഎസ്സുകളാണ് സ്ഥാപിക്കേണ്ടത്. ഒരേസമയം അഞ്ച് രോഗികള്‍ക്ക് ഡയാലിസിസ് നടത്താവുന്ന സംവിധാനം വെറുതേ കിടക്കുകയാണ്. സാമൂഹികാരോഗ്യ കേന്ദ്രങ്ങളില്‍ സംസ്ഥാനത്തെ തന്നെ ആദ്യത്തെ ഡയാലിസിസ് യൂനിറ്റുകളാണ് ജനപങ്കാളിത്തത്തോടെ ഇവിടെ സ്ഥാപിച്ചിട്ടുള്ളത്. മൂന്ന് വര്‍ഷക്കാലം രോഗികള്‍ക്ക് പൂര്‍ണമായും സേവനം നല്‍കാനുള്ള കരാര്‍ നടത്തിപ്പുകാരുമായുണ്ട്. ഒരു കോടിയോളം രൂപയാണ് ഇതിനായി ചെലവഴിച്ചതെന്നാണ് അധികൃതര്‍ പറഞ്ഞിരുന്നത്. മേഖലയില്‍ മാത്രം ഒട്ടനവധി രോഗികളാണ് ആയിരക്കണക്കിന് രൂപ വരെ ചെലവഴിച്ച് അകലങ്ങളിലുള്ള ആശുപത്രികളില്‍ എത്തി ഡയാലിസിസ് നടത്തുന്നത്.
Next Story

RELATED STORIES

Share it