thrissur local

മാള കടവിന്റെ പൗരാണികത നിലനിറുത്തി പുനരുദ്ധീകരിക്കും: വി ആര്‍ സുനില്‍കുമാര്‍ എം എല്‍ എ

മാള: മാളക്കടവിന്റെ പൗരാണികത നിലനിറുത്തി ഘട്ടംഘട്ടമായി കടവ് പുനരുദ്ധികരിക്കുമെന്ന് വി ആര്‍ സുനില്‍ കുമാര്‍ എം എല്‍ എ പറഞ്ഞു. മാളക്കടവ് സൗന്ദര്യവത്ക്കരണത്തിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി എം എല്‍ എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 80 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. അതുപ്രകാരം മാളക്കടവില്‍ ഓപ്പണ്‍ സ്‌റ്റേജ് നിര്‍മ്മിക്കും.
തോടിന്റെ വടക്കു ഭാഗം കരിങ്കല്‍ ഭിത്തിയും പടവുകളും കെട്ടി സംരക്ഷിക്കുകയും ഇരിപ്പിടങ്ങള്‍, കൈവരികള്‍ നിര്‍മ്മിക്കുക തുടങ്ങിയ പ്രവത്തികളാണ് ആദ്യഘട്ടത്തിന്‍ നടപ്പിലാക്കുക. തുടര്‍ന്ന് മറ്റു പദ്ധതികളിലൂടെ മാളക്കടവിനെ പൂര്‍ണ്ണമായും പൗരാണികത നിലനിറുത്തി കൊണ്ടുള്ള സൗന്ദര്യവത്ക്കരണം നടപ്പിലാക്കുമെന്നും എം എല്‍ എ പറഞ്ഞു. ചെളിയിടിഞ്ഞു കൂടിയ കടവിന്റെ താഴ്ച വര്‍ദ്ധിപ്പിക്കുന്നതിനായി 20 ലക്ഷം രൂപ ഈ തവണത്തെ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.
ചരിത്രമുറങ്ങുന്ന മാളക്കടവ്  മാലിന്യ നിക്ഷേപ കേന്ദ്രമാവുന്നുയെന്ന പരാതിയ്ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. വര്‍ഷങ്ങളോളം മൂന്ന് ബോട്ട് സര്‍വ്വീസുകള്‍ ഈ കടവില്‍ നിന്നും നടത്തിയിരുന്നുയെന്നത് ശ്രദ്ധേയമാണ്.
യഹൂദരടക്കമുള്ളവര്‍ മാളയിലെത്തിയതും തിരിച്ചു പോയതും ഈ കടവിലൂടെയാണ്. ഒരു കാലത്ത് അഴീക്കോട്, കോട്ടപ്പുറം, കൊച്ചി തുടങ്ങി വിവിധ സ്ഥലങ്ങളിലേയ്ക്ക് സാധനങ്ങള്‍ ഉള്‍പ്പെടെയുള്ളവ കയറ്റി അയച്ചിരുന്നത് മാളക്കടവില്‍നിന്നാണ്. കുരുമുളക്, ഇല്ലിമുള്ള്, വെറ്റില, അടയ്ക്ക, കപ്പ, തേക്കിന്‍തടി, വെട്ടുകല്ല്, കരിങ്കല്ല്, തേങ്ങ, ചകിരിമടല്‍, തുകല്‍ എന്നിവ കടവില്‍നിന്ന് കയറ്റി അയച്ചിരുന്നു. ഇവ കയറ്റുന്നതിന് ധാരാളം വള്ളങ്ങളും മാളയിലേയ്‌ക്കെത്തിയിരുന്നു. കോട്ടപ്പുറം ചന്തയിലേയ്ക്കുള്ള സാധനങ്ങള്‍ കൊണ്ടുപോയിരുന്നതും മാളക്കടവില്‍നിന്നാണ്. അരി, പഞ്ചസാര, പയറുവര്‍ഗങ്ങള്‍ എന്നിവ ഈ കടവിലൂടെ മാളയിലെത്തിച്ചാണ് ചാലക്കുടി, ഇരിങ്ങാലക്കുട തുടങ്ങി വിവിധ പ്രദേശങ്ങളിലേയ്ക്ക് അയച്ചിരുന്നത്.
റേഷന്‍ ഗോഡൗണ്‍ വരെ ഈ കടവിനോടു ചേര്‍ന്നാണ് സ്ഥിതി ചെയ്തിരുന്നത്. യഹൂദര്‍, ഗൗഡ സാരസ്വത ബ്രാഹ്മണര്‍, മുസ്ലീം, കുടുംബികള്‍ തുടങ്ങിയവരും മാളയിലെത്തിയത് മാള കടവിലൂടെയാണെന്ന് ചരിത്രം പറയുന്നു. കോട്ടമുറി സെന്റ് തെരേസാസ് ആശ്രമം സ്ഥാപിക്കുന്നതിന് ചാവറ കുരിയാക്കോസച്ചന്‍ എത്തിയും ഈ കടവിലൂടെയാണ്. സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ ഉള്‍പ്പെടെയുള്ള ക്രിസ്ത്യന്‍ മിഷണറിമാര്‍ മാളയില്‍ പ്രേഷിത പ്രവര്‍ത്തനത്തിനെത്തിയത് ഈ കടവിലൂടെയാണെന്ന് പഴമക്കാര്‍ പറയുന്നു.
പുല്ലൂറ്റ് പാലവും, ആലുവ മാര്‍ത്താണ്ഡവര്‍മ്മ പാലവും വന്നതോടെയാണ് മാളക്കടവിന്റെ പ്രതാപം നഷ്ടപെട്ടത്. അടുത്ത കാലം വരെ ചകിരി മടലുകള്‍ ഇവിടെ നിന്നും കെട്ടുവള്ളങ്ങളിലുടെ കയറ്റിപ്പോയിയിരുന്നു. എന്നാല്‍ ചകിരി വ്യവസായം പ്രതിസന്ധി നേരിട്ടതോടെ വള്ളങ്ങള്‍ വരാതെയായി. തോടിന്റെ പരിപാലനവും കാര്യമായി നടക്കാതെയായതോടെ ചെളി നിറഞ്ഞ് തോടിന്റെ ആഴവും കുറഞ്ഞു. കെട്ടുവള്ളം പോലുള്ള വലിയ വള്ളങ്ങള്‍ വരാതെയുമായി. ചരിത്രം ഉറങ്ങുന്ന മാളക്കടവിനെ വേണ്ട വിധത്തില്‍ സംരക്ഷിക്കാതെ എല്ലാ മാലിന്യങ്ങളും തള്ളുന്ന ഇടമാക്കി മാറ്റിയതില്‍ പരക്കെ പ്രതിക്ഷേധം ഉയര്‍ന്നിരുന്നു.
Next Story

RELATED STORIES

Share it