thrissur local

മാളയിലെ റോഡുകളില്‍ വന്‍തോതില്‍ മാലിന്യനിക്ഷേപം; ദുര്‍ഗന്ധം രൂക്ഷം

മാള: റോഡുകളില്‍ വന്‍തോതിലുള്ള മാലിന്യകൂമ്പാരം ദുരിതവും ദുര്‍ഗന്ധവും സൃഷ്ടിക്കുന്നു. മാള-എരവത്തൂര്‍-ആലുവ റോഡില്‍ എരവത്തൂര്‍ മുതല്‍ ഒന്നേകാല്‍ കിലോമീറ്ററോളമുള്ള ഭാഗത്ത് ജൈവവും അജൈവവുമായ ടണ്‍കണക്കിന് മാലിന്യങ്ങളാണ് തള്ളുന്നത്.
പാടശേഖര പ്രദേശമായതിനാലും ജനവാസം കുറവായതിനാലും രാത്രികാലങ്ങളില്‍ വാഹനങ്ങളിലെത്തിക്കുന്ന മാലിന്യങ്ങള്‍ തള്ളുകയാണ്. ഭക്ഷണാവശിഷ്ടങ്ങളും മദ്യക്കുപ്പികളടക്കമുള്ള കുപ്പികളും കെട്ടിടങ്ങള്‍ പൊളിച്ചതിന്റേയും കെട്ടിടനിര്‍മാണാവശിഷ്ടങ്ങളും വീടുകളില്‍ നിന്നും പുറന്തള്ളുന്ന മറ്റെല്ലാ അവശിഷ്ടങ്ങളും തള്ളുന്നയിടമായിരിക്കുകയാണ് റോഡിന്റെ ഈ ഭാഗം. കഴിഞ്ഞ ദിവസം ഒരു പ്ലാസ്റ്റിക് ക്യാരിബാഗില്‍ വേറെ കവറുകളിലാക്കി സീല്‍ ചെയ്ത ചിക്കന്‍ വറുത്തത് റോഡ് സൈഡില്‍ തള്ളിയിരുന്നു.
ഇത്തരത്തില്‍ കേടുവന്ന ഭക്ഷണങ്ങളടക്കമാണ് റോഡില്‍ തള്ളുന്നത്. ടൈല്‍സ്, ഗ്രാനൈറ്റ് തുടങ്ങിയവയുടെ അവശിഷ്ടങ്ങളും തള്ളപ്പെടുന്നുണ്ട്. റോഡിലും കൃഷി ചെയ്യുന്ന പാടങ്ങളിലും ഇത്തരത്തിലുള്ള എല്ലാ മാലിന്യങ്ങളും തള്ളുന്നുണ്ട്. കൊടുങ്ങല്ലൂര്‍-പൊയ്യ-എരവത്തൂര്‍-അത്താണി-നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് റോഡിന്റെ പണിയുമായി ബന്ധപ്പെട്ട് റോഡിന്റെ ടാറിങ് കഴിഞ്ഞുള്ളയിടം നിരപ്പാക്കിക്കൊണ്ടിരിക്കേയാണ് പഴയ മാലിന്യങ്ങള്‍ അടക്കം പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.
Next Story

RELATED STORIES

Share it