thrissur local

മാളച്ചാലിലേക്ക് ഉപ്പുവെള്ളം കയറുന്നത് തടയാന്‍ നടപടിയായില്ല

മാള: മാളച്ചാലിലേക്ക് ഉപ്പുവെള്ളം കയറുന്നതിനെതിരെ ഫലപ്രദമായ നടപടി വേണമെന്ന ആവശ്യം വീണ്ടും ശക്തമാകുന്നു. എല്ലാ വര്‍ഷവും മാളച്ചാലിലേക്ക് ഉപ്പുവെള്ളം കയറിതുടങ്ങുന്ന വേളയിലാണ് നാമമാത്രമായ തോതില്‍ തടയണ കെട്ടുന്നത്.
പഞ്ചായത്ത് ഓഫിസിനും പഞ്ചായത്ത് ബസ് സ്റ്റാന്റിനും അരികെയായി ഒരു തടയണയും കുന്നത്തുകാട്ടിലെ അല്‍ അസ്ഹര്‍ സ്‌കൂളിനടുത്തായി ഒരു തടയണയും മാത്രമാണ് നിര്‍മ്മിക്കാറ് പതിവ്. മാളച്ചാലിലേക്ക് ഉപ്പുവെള്ളം കയറാതിരിക്കാനായി വേറെ ഏഴ് തടയണ കൂടി നിര്‍മ്മിക്കേണ്ട സ്ഥാനത്താണിത്. ഇവിടങ്ങളില്‍ കൂടാതെ മാള കെഎസ്ആര്‍ടിസിക്ക് അരികെ ഒന്നും ഇന്ദിര ഭവനു സമീപം ഒന്നും മാള പള്ളിക്ക് സമീപം ഒന്നും നെയ്തക്കുടിയില്‍ ഒന്നും കുന്നത്തുകാട് പ്രദേശത്ത് മറ്റ് മൂന്നെണ്ണം കൂടിയും തടയണകള്‍ നില്‍മ്മിച്ചാലേ ഉപ്പുവെള്ളം കയറല്‍ ഫലപ്രദമായി തടയാനാകൂ. അതും ഉപ്പുവെള്ളം കയറി തുടങ്ങും മുന്‍പേയാകുകയും വേണം. പേരിന് മാത്രം തടയണ നിര്‍മ്മിച്ചിരുന്നതിനാല്‍ മാള പഞ്ചായത്ത് പരിധിയില്‍ കൂടാതെ പൊയ്യ പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലും ലവണസാന്ദ്രതയേറെ അനുഭവപ്പെടാറുണ്ട്. ഇവിടങ്ങളിലെല്ലാം തന്നെ ഉപ്പുവെള്ളം കയറി കുടിവെള്ളം മലിനപ്പെടാറൂണ്ട്. കൂടാതെ നിരവധി ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാകാറുണ്ട്. കിണറുകളെല്ലാം തന്നെ മലിനപ്പെടുന്നതിനാല്‍ അത്തരം വേളകളില്‍ വല്ലപ്പോഴുമെത്തുന്ന പൈപ്പ് വെള്ളത്തെ ആശ്രയിക്കേണ്ട അവസ്തയാണ്. കെഎസ്ആര്‍ടിസിക്ക് സമീപം നിര്‍മ്മിച്ചിട്ടുള്ള കോണ്‍ക്രീറ്റ് ചീര്‍പ്പ് കാലപ്പഴക്കം മൂലം നശിച്ചു പോയതിനാല്‍ ചീര്‍പ്പടച്ചാലും കോണ്‍ഗ്രീറ്റ് അടര്‍ന്നു പോയ വിടവിലുടെ ഉപ്പുവെള്ളം മാളച്ചാലിലേക്ക് എത്താറുമുണ്ട്. രണ്ടു മീറ്റര്‍ വീതിയില്‍ തടയണ നിര്‍മ്മിച്ചാലേ വേനല്‍ മഴയെത്തുമ്പോഴൊ അതിന് മുന്‍പോ തടയണ തകരാതിരിക്കൂ എന്നും അഭിപ്രായം ഉയരുന്നുണ്ട്. മാറി മാറി വരുന്ന പഞ്ചായത്ത് ഭരണസമിതികള്‍ ഫലപ്രദമായ നടപടി സ്വീകരിക്കാത്തതിനെതിരെ വര്‍ഷാവര്‍ഷം പരാതി ഉയരാറുണ്ട് .
ഫലപ്രദമായ രീതിയില്‍ തടയണ നിര്‍മ്മിക്കാന്‍ പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദ്ധേശം നല്‍കണമെന്നാവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് (ജേക്കബ്ബ്) ത്യശ്ശൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് പരാതി നല്‍കി . ആവശ്യമായിടങ്ങളിലേല്ലാം ഫലപ്രദമായ രീതിയില്‍ തടയണ നിര്‍മ്മിക്കണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു .
Next Story

RELATED STORIES

Share it