മാലി റാഡിസണ്‍ ബ്ലൂ ഹോട്ടലില്‍ ആക്രമണം; 170 പേരെ ബന്ദികളാക്കി

ബമാകോ (മാലി): മാലിയുടെ തലസ്ഥാന നഗരമായ ബമാകോയിലെ ആഡംബര ഹോട്ടലില്‍ വെടിവയ്‌പോടെ ഇരച്ചുകയറിയ തോക്കുധാരികള്‍ 170 പേരെ ബന്ദികളാക്കി. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലും മറ്റുമായി 27 പേര്‍ കൊല്ലപ്പെട്ടു. ബന്ദികളില്‍ 20 ഇന്ത്യക്കാരുമുണ്ടായിരുന്നു. ഇവര്‍ സുരക്ഷിതരാണ്. യുഎന്‍ സമാധാന സേനയുടെയും മാലി കമാന്‍ഡോകളുടെയും ഫ്രഞ്ച് സൈനികരുടെയും സംയുക്തനീക്കത്തിലൂടെയാണ് ബന്ദിക്കളാക്കിയവരെ രക്ഷപ്പെടുത്തിയത്. ബന്ദികളെ മുഴുവന്‍ മോചിപ്പിച്ചതായി മാലി സുരക്ഷാ മന്ത്രാലയം അറിയിച്ചെങ്കിലും ഇക്കാര്യത്തില്‍ അവ്യക്തത മാറിയിട്ടില്ല.
അമേരിക്കന്‍ ആഡംബര ഹോട്ടലായ റാഡിസണ്‍ ബ്ലൂവില്‍ വെള്ളിയാഴ്ച രാവിലെ പ്രാദേശിക സമയം ഏഴിന് (ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.30) ഒരു ഡസനോളം പേരടങ്ങിയ സംഘമാണ് ആക്രമണം നടത്തിയത്. നയതന്ത്ര ഉദ്യോഗസ്ഥരുടെ ബോര്‍ഡ് വച്ച കാറിലാണ് അക്രമികള്‍ എത്തിയതെന്ന് സുരക്ഷാവൃത്തങ്ങള്‍ അറിയിച്ചു. 190 മുറികളുള്ള ഹോട്ടലില്‍ 140 പേരാണ് താമസിച്ചിരുന്നത്. ഇവരെ കൂടാതെ 30 ഹോട്ടല്‍ ജീവനക്കാരെയും ബന്ദികളാക്കുകയായിരുന്നു. ആക്രമണം നടക്കുമ്പോള്‍ മിക്കവരും മുറികളിലായിരുന്നു. യന്ത്രത്തോക്കുകളില്‍നിന്നുള്ള വെടിയൊച്ച ഹോട്ടലിനു വെളിയില്‍ കേള്‍ക്കാമായിരുന്നുവെന്നും അധികൃതര്‍ അറിയിച്ചു.
തുടര്‍ന്ന് ബന്ദികളെ മോചിപ്പിക്കാനുള്ള സൈനിക നടപടി ആരംഭിക്കുകയായിരുന്നു. ബെല്‍ജിയം പാര്‍ലമെന്റ് അംഗം ജഫ്രി ഡയുഡോണാണ് കൊല്ലപ്പെട്ടവരിലൊരാള്‍. രണ്ടു സു രക്ഷാ സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബന്ദികളാക്കിയവരില്‍ ചി ലരെ അക്രമികള്‍ തന്നെ മോചിപ്പിച്ചിരുന്നു.
ഹോട്ടല്‍ ഇടനാഴിയില്‍ തീപ്പൊള്ളലേറ്റ നിലയില്‍ ഒരു മൃതദേഹം കണ്ടതായി തുടക്കത്തില്‍ വിട്ടയപ്പെട്ട തുര്‍ക്കി വിമാനജോലിക്കാരിയും സാമ്പത്തിക സമ്മേളനത്തിനെത്തിയ ഐവറികോസ്റ്റ് സ്വദേശിനിയും പറഞ്ഞു. ബന്ദികളാക്കിയ ഇന്ത്യക്കാര്‍ ദുബയ് ആസ്ഥാനമായ ഒരു കമ്പനിയിലെ ജീവനക്കാരാണെന്നും ഹോട്ടലിലെ സ്ഥിരം താമസക്കാരാണെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ബന്ദികളില്‍ ഏഴു ചൈനക്കാരും ആറു തുര്‍ക്കി വിമാന ജീവനക്കാരുമുണ്ടായിരുന്നു.
സംഭവത്തെ തുടര്‍ന്ന് സഹല്‍ മേഖലയിലെ നേതാക്കളുടെ ഉച്ചകോടിയില്‍ സംബന്ധിക്കാന്‍ ഛാഡില്‍ എത്തിയിരുന്ന മാലി പ്രസിഡന്റ് ഇബ്രാഹീം ബാവുബാക്കര്‍ കെയ്താ സ്വദേശത്തേക്കു മടങ്ങി. അതേസമയം, അല്‍ഖാഇദ അനുകൂല സംഘടനയായ അ ല്‍ജീരിയ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അല്‍ മൗറാബിത്തൂന്‍ എന്ന സംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.
Next Story

RELATED STORIES

Share it